‘ഇകോസ്പോർട്ടി’നു ‘ബ്ലാക്ക് എഡീഷനു’മായി ഫോഡ്

കോംപാക്ട് എസ് യു വി വിപണിയിൽ മത്സരം കടുത്തതോടെ യു എസ് നിർമാതാക്കളായ ഫോഡ് ‘ഇകോ സ്പോർട്ടി’ന്റെ ‘ബ്ലാക്ക് എഡീഷൻ’ പുറത്തിറക്കി. ട്രെൻഡ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വകഭേദങ്ങളിൽ ‘ഇകോ സ്പോർട് ബ്ലാക്ക് എഡീഷൻ’ വിൽപ്പനയ്ക്കുണ്ടാവും. മൂന്നു എൻജിൻ സാധ്യതകളോടെ ലഭ്യമാവുന്ന ‘ഇകോ സ്പോർട് ബ്ലാക്ക് എഡീഷ’ന് 8,58,500 രൂപ മുതലാണു ഡൽഹി ഷോറൂമിലെ വില. 1.5 ലീറ്റർ ടി ഐ വി സി ടി പെട്രോൾ, 1.5 ലീറ്റർ ടി ഡി സി ഐ ഡീസൽ എൻജിനുകൾക്കൊപ്പം ഒരു ലീറ്റർ പെട്രോൾ ഇകോബൂസ്റ്റ് എൻജിനോടെയും ഈ ‘ഇകോസ്പോർട്’ ലഭിക്കും. മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളുമുണ്ട്.

പണത്തിനൊത്ത മൂല്യം ഉറപ്പു നൽകുന്നതിനൊപ്പം ആകർഷകവും വശ്യവുമായ രൂപകൽപ്പനയുടെയും പേരിലാണ് ‘ഇകോസ്പോർട്’ ഇപ്പോഴും ആരാധകരെ നേടുന്നതെന്നു ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) അനുരാഗ് മെഹ്രോത്ര അറിയിച്ചു. ‘ഇകോസ്പോർട്ടി’ന്റെ ധീരമായ രൂപകൽപ്പന ‘ബ്ലാക്ക് എഡീഷനി’ൽ തുടരുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കറുപ്പ് നിറത്തിൽ മാത്രം ലഭിക്കുന്ന ‘ഇകോ സ്പോർട്ടി’ലെ 1.5 ലീറ്റർ ഡീസൽ എൻജിന് പരമാവധി 100 പി എസ് വരെ കരുത്ത് സൃഷ്ടിക്കാനാവും; ലീറ്ററിന് 22.27 കിലോമീറ്ററാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.5 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 112 പി എസ് കരുത്ത് സൃഷ്ടിക്കാനാവും; ഇന്ധനക്ഷമത 15.85 കിലോമീറ്ററാണ്.
മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗുകളാണ് ‘ഇകോ സ്പോർട് ബ്ലാക്ക് എഡീഷനി’ലുള്ളത്. ഓട്ടമാറ്റിക് ഹെഡ്ലാംപ്, സിഗ്നേച്ചർ ലൈറ്റ് ഗൈഡ്, ഡേടൈം റണ്ണിങ് ലൈറ്റ്, ഇലക്ട്രോ ക്രോമിക് മിറർ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, പുഷ് ബട്ടൻ സ്റ്റാർട് തുടങ്ങിയ സൗകര്യങ്ങളും ‘ഇകോസ്പോർട് ബ്ലാക്ക് എഡീഷനി’ലുണ്ട്.