ഫോഡ് മസ്താങ് എത്തി വില 65 ലക്ഷം

യു എസ് നിർമാതാക്കളായ ഫോഡിന്റെ ശ്രേണിയിലെ ഏറ്റവും പ്രശസ്ത മോഡലായ ‘മസ്താങ് ജി ടി’യുടെ ഇന്ത്യലെത്തി, 65 ലക്ഷം രൂപയാണ് മസ്താങ് ജിടിയുടെ ഡൽഹി എക്സ്ഷോറൂം വില. പൂർണ്ണമായും വിദേശത്തു നിർമിച്ച് ഇറക്കുമതി വഴിയാണ് മസ്താങ് വിൽപ്പനയ്ക്കെത്തുന്നത്. വിദേശ വിപണികളിൽ നിന്നു വ്യത്യസ്തമായി പരിമിത എൻജിൻ സാധ്യതകളോടെയാണ് ‘മസ്താങ്’ ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനോടെയാണു കാർ വിൽപ്പനയ്ക്കെത്തുക; പാഡിൽ ഷിഫ്റ്റർ സഹിതമുള്ള ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിൻ 395.5 ബി എച്ച് പി വരെ കരുത്തും 515 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക.

റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടാണ് ഇന്ത്യയിലെത്തുന്ന ‘മസ്താങ്ങി’ന്റെ പ്രധാന സവിശേഷത. 2015 ഓഗസ്റ്റിലാണു ഫോഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘മസ്താങ്’ പുറത്തിറക്കുന്നത്. നോർത്ത് അമേരിക്കയിലെ മിച്ചിഗനിലുള്ള ഫ്ളാറ്റ്റോക്ക് അസംബ്ലി പ്ലാന്റിൽ നിന്നായിരുന്നു ആദ്യ ആർ എച്ച് ഡി ‘മസ്താങ്’ പുറത്തെത്തിയത്. കാർ നിരത്തിലെത്തി അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണു വലതു വശത്തു സ്റ്റീയറിങ്ങുള്ള ‘മസ്താങ്’ യാഥാർഥ്യമാവുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്റ്റാൻഡേഡ് വ്യവസ്ഥയിൽ പ്രത്യേക പെർഫോമൻസ് പായ്ക്കും ഇന്ത്യയിലെത്തുന്ന ‘മസ്താങ് ജി ടി’യിലുണ്ട്. ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യനിലൊപ്പം നാലു ഡ്രൈവിങ് മോഡുകളാണു പായ്ക്കിലുള്ളത്: നോർമൽ, സ്പോർട് പ്ലസ്, ട്രാക്ക്, വെറ്റ്.

സ്വതന്ത്രമായ പിൻ സസ്പെൻഷൻ, എൽ ഇ ഡി സഹിതം എച്ച് ഐ ഡി ഹെഡ്ലാംപ് യൂണിറ്റ്, എൽ ഇ ഡി ഡീറ്റെയ്ൽഡ് ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ സോൺ എച്ച് വി എ സി സിസ്റ്റം, ലോഞ്ച് കൺട്രോൾ, ഇലക്ട്രോണിക് ലൈൻ ലോക്ക്, ഡ്രൈവ് മോഡ് സെലക്ടർ, ക്രോസ് ട്രാഫിക് അലെർട്ടോടെ ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, മുന്നിൽ ഇരട്ട എയർബാഗ് എന്നിവയൊക്കെ ‘മസ്താങ് ജി ടി’യിലുണ്ട്. യു കെയിൽ അവതരിപ്പിക്കുമ്പോൾ 29,995 പൗണ്ട്(ഏകദേശം 26.79 ലക്ഷം രൂപ) ആയിരുന്നു ‘ഇകോബൂസ്റ്റ്’ എൻജിനുള്ള ‘മസ്താങ്ങി’നു വില; വി എയ്റ്റ് എൻജിനുള്ള മോഡലിന് 33,995 പൗണ്ട്(30.36 ലക്ഷത്തോളം രൂപ) ആണു വില. ഇറക്കുമതി ചുങ്കവും മറ്റും ചേരുന്നതോടെ ഇന്ത്യയിലെ വില ഇത്ര അധികം ഉയർന്നത്.