അക്കോഡ് ഹൈബ്രിഡ്, വില 37 ലക്ഷം

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള പ്രീമിയം ലക്ഷ്വറി സെഡാനായ അക്കോഡിന്റെ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തി. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന കാറിന് 37 ലക്ഷം രൂപയാണ് ഡൽഹി എക്സ് ഷോറൂം വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

ഇരട്ട വൈദ്യുത മോട്ടോറിന്റെ പിൻബലത്തോടെ രണ്ടു ലീറ്റർ പെട്രോൾ എൻജിനാവും പുതിയ ‘അക്കോഡി’നു കരുത്തേകുന്നത്. പെട്രോൾ എൻജിൻ 145 ബി എച്ച് പി കരുത്തും 175 എൻഎം ടോർക്കും സൃഷ്ടിക്കുമ്പോൾ ഇലക്ട്രിക്ക് മോട്ടറിന്റെ പരമാവധി കരുത്ത് 184 ബിഎച്ച്പി കരുത്തും ടോർക്ക് 315 എൻ‌എമ്മുമാണ്. ഇലക്ട്രിക്ക് മോട്ടറും പെട്രോൾ എൻജിനും ചേർന്ന് 212 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും.

2008 ഹോണ്ട ഇന്ത്യയിൽ അവതരിപ്പിച്ച അക്കോഡിന്റെ പുതിയ മോ‍ഡലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ഒൻപതാം തലമുറ ‘അക്കോഡാണ് ഹൈബ്രിഡ് ആയി ഇന്ത്യയിലെത്തിയത്. പുത്തൻ ബംപർ, സ്റ്റൈൽ സമ്പന്നമായ ഹെഡ്ലൈറ്റ്, ക്രോം സ്പർശമുള്ള മുൻ ഗ്രിൽ തുടങ്ങിയവയാണു പുതിയ ‘അക്കോഡി’ന്റെ പുറംഭാഗത്തെ മാറ്റങ്ങൾ. ആപ്പിൾ കാർ പ്ലേ സപ്പോർട്ട് ചെയ്യുന്ന ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനമാവും കാറിന്റെ അകത്തളത്തിലെ പ്രധാന ആകർഷണം. സങ്കര ഇന്ധന മോഡലിനു പുറമെ പെട്രോൾ എൻജിൻ മാത്രമുള്ള ‘അക്കോഡും’ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുന്നതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ(ഫെയി) പദ്ധതിയുടെ ആനുകൂല്യം കൂടി ലക്ഷ്യമിട്ടാണു ഹോണ്ട സങ്കര ഇന്ധന ‘അക്കോഡു’മായി എത്തിയതെങ്കിലും പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന മോഡലിന് ആനുകൂല്യം ലഭിക്കുന്നില്ല. ഡൽഹിയിലൊഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം 40 ലക്ഷത്തിൽ മുകളിലാണ് അക്കോഡിന്റെ വില. പുതിയ ‘കാംറി ഹൈബ്രിഡ് പ്ലസു’മായി ടൊയോട്ട കിർലോസ്കർ മോട്ടോറും ‘സുപർബു’മായി സ്കോഡ ഓട്ടോയും അരങ്ങു വാഴുന്ന വിപണിയിലേക്കാണു പുത്തൻ ‘അക്കോഡു’മായി ഹോണ്ടയുടെ വരവ്.