പരിഷ്കരിച്ച ‘ബ്രിയൊ’ എത്തി; വില 4.69 ലക്ഷം മുതൽ

ഉത്സവകാലം പ്രമാണിച്ചു ചെറുകാറായ ‘ബ്രിയൊ’യുടെ പരിഷ്കരിച്ച പതിപ്പ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിച്ചു. ഇക്കൊല്ലം ആദ്യം രാജ്യാന്തര വിപണികളിൽ അരങ്ങേറ്റം കുറിച്ച നവീകരിച്ച ‘ബ്രിയൊ’ ആണ് ഇപ്പോൾ ഇന്ത്യയിലുമെത്തിയത്. 4.69 ലക്ഷം രൂപ മുതലാണു ‘ബ്രിയൊ’യുടെ വിവിധ വകഭേദങ്ങൾക്ക് ഡൽഹി ഷോറൂമിൽ വില. ഹൈ ഗ്ലോസ് ബ്ലാക്ക് — ക്രോം ഫിനിഷ്, സ്പോർട്ടി മുൻ ഗ്രിൽ, സ്റ്റൈൽ സമ്പന്നമായ മുൻ ബംപർ എന്നിവയാണ കാറിന്റെ മുൻഭാഗത്തെ മാറ്റം. പിന്നിലാവട്ടെ പുതിയ ടെയിൽ ലാംപ്, ടെയ്ൽ ഗേറ്റ് സ്പോയ്ലർ, എൽ ഇ ഡി മൗണ്ട് സ്റ്റോപ് ലാംപ് എന്നിവയും ഇടംപിടിച്ചു.

അകത്തളത്തിൽ കാർബൺ ഫിനിഷും സിൽവർ അക്സന്റുകളും സംയോജിത എയർ വെന്റും സഹിതമുള്ള പ്രീമിയം ഇൻസ്ട്രമെന്റ് പാനൽ ഇടംപിടിച്ചു. പുതിയ രൂപകൽപ്പനയിൽ വെള്ള ഇല്യൂമിനേഷനോടെയുള്ള ട്രിപ്ൾ അനലോഗ് സ്പോർട്ടി മീറ്ററും ലഭ്യമാക്കി. ബ്ലൂ ടൂത്ത് കണക്ടിവിറ്റിയും ഹാൻഡ്സ് ഫ്രീ ടെലിഫോണി ഫംക്ഷനുമുള്ള ആധുനിക ടു ഡിൻ ഇന്റഗ്രേറ്റഡ് ഓഡിയോ, മാക്സ് കൂൾ ഫംക്ഷൻ സഹിതമുള്ള ഡിജിറ്റൽ എ സി കൺട്രോൾ എന്നിവയും പരിഷ്കരിച്ച ‘ബ്രിയൊ’യിലുണ്ട്. ടഫെറ്റ വൈറ്റ്, അലബാസ്റ്റർ സിൽവർ, അർബൻ ടൈറ്റാനിയം, റാലി റെഡ്, വൈറ്റ് ഓർക്കിഡ് പേൾ നിറങ്ങളിലാണ് കാർ വിപണിയിലുള്ളത്. മുന്തിയ വകഭേദത്തിൽ കറുപ്പ് അകത്തളവും മറ്റുള്ളവയിൽ ബീജ് നിറത്തിലുള്ള ഇന്റീരിയറുമാണു ഹോണ്ട ഒരുക്കിയിരിക്കുന്നത്.

നാലു സിലിണ്ടർ, 1.2 ലീറ്റർ, ഐ വി ടെക് പെട്രോൾ എൻജിൻ തന്നെയാണു പുതിയ ‘ബ്രിയൊ’യ്ക്കും കരുത്തേകുന്നത്. 6,000 ആർ പി എമ്മിൽ 88 പി എസ് വരെ കരുത്തും 4,500 ആർ പി എമ്മിൽ 109 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. മാനുവൽ ട്രാൻസ്മിഷന് ലീറ്ററിന് 18.5 കിലോമീറ്റരും ഓട്ടമാറ്റിക്കിന് 16.5 കിലോമീറ്ററുമാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മാനുവൽ ട്രാൻസ്മിഷനുള്ള ‘ഇ’ക്ക് 4.69 ലക്ഷം രൂപ, ‘എസി’ന് 5.20 ലക്ഷം രൂപ, ‘വി എക്സി’ന് 5.95 ലക്ഷം രൂപ എന്നിങ്ങയാണു വില. മുന്തിയ വകഭേദമായ ‘വി എക്സ്’ മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ ലഭിക്കുക; വില 6.81 ലക്ഷം രൂപ.

ഹോണ്ടയുടെ എൻജിനീയറിങ് മികവിന്റെയും നിർമാണ വൈഭവത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണു ‘ബ്രിയൊ’യെന്നു ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഉനൊ അഭിപ്രായപ്പെട്ടു. ആളുകൾക്കു വേണ്ടി നിർമിച്ചതല്ല, പകരം ആളുകളെ കേന്ദ്രമാക്കി നിർമിച്ച കാറാണു ‘ബ്രിയൊ’. സ്ഥലസൗകര്യം, യാത്രാസുഖം, കാഴ്ചപ്പകിട്ട് എന്നിവയിലൊക്കെ മുന്നിലുള്ള പുതിയ ‘ബ്രിയൊ’ ഉയർന്ന ഇന്ധനക്ഷമതയും ഉറപ്പു നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിൽ 2011ൽ അരങ്ങേറ്റം കുറിച്ച ‘ബ്രിയൊ’ ഇതുവരെ 87,000 കുടുംബങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പരിഷ്കരിച്ച ‘ബ്രിയൊ’ യുവതലമുറയ്ക്കു കൂടുതൽ സ്വീകാര്യമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.