മഹീന്ദ്ര ‘മോജൊ’യ്ക്കു ടൂറർ പതിപ്പ്; വില 1.89 ലക്ഷം

ഉത്സവകാലം പ്രമാണിച്ച് ഇരുചക്രവാഹന നിർമാതാക്കളായ മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡ്(എം ടി ഡബ്ല്യു എൽ) ടൂറിങ് ബൈക്കായ ‘മോജൊ’യുടെ ടൂറർ പതിപ്പ് പുറത്തിറക്കി. ഡൽഹി ഷോറൂമിൽ 1,88,850 രൂപയാണു ബൈക്കിനു വില. മാഗ്നറ്റിക് ടാങ്ക് ബാഗ്, സാഡിൽ ബാഗ്, കാരിയർ, മൊബൈൽ ഹോൾഡർ, ഫ്രണ്ട് ഗാർഡ്, പനിയർ മൗണ്ട്, മൗണ്ട് സഹിതം ഫോഗ് ലാംപ് എന്നിവ ഉൾപ്പെടുന്ന അക്സസറി കിറ്റാണു ബൈക്കിന്റെ സവിശേഷത.

ദീർഘദൂര യാത്രാവേളകളിൽ അധികമുള്ള ലഗേജ് കൊണ്ടുപോകാൻ വേണ്ടിയാണ് സാഡിൽ കാരിയറും പനിയർ മൗണ്ടും. നാല് റെയർ എർത്ത് മാഗ്നറ്റുകളുടെ പിൻബലത്തോടെ മികച്ച ഗ്രിപ് നേടുന്ന മാഗ്നറ്റിക് ടാങ്ക് ബാഗിന്റെ സംഭരണ ശേഷി 13 ലീറ്ററാണ്. യാത്ര സുഗമമാക്കാനും എളുപ്പത്തിൽ വഴി കണ്ടുപിടിക്കാനും സഹായകമാണു മൊബൈൽ ഹോൾഡർ. ബൈക്കിന്റെ മുൻഭാഗത്തെ സുരക്ഷിതമാക്കുകയാണു ഫ്രണ്ട് ഗാർഡിന്റെ ദൗത്യം. പ്രതികൂല കാലാവസ്ഥയിലും മികച്ച കാഴ്ച ഉറപ്പുവരുത്താനാണ് ഫോഗ് ലാംപ് അതു ഘടിപ്പിക്കാനുള്ള മൗണ്ടും ബൈക്കിനൊപ്പമുള്ളത്. കൂടാതെ പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ ബൈക്കിനൊപ്പം ടൂറർ ജാക്കറ്റും മഹീന്ദ്ര സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

ബൈക്കുകളിൽ അക്സസറികൾ ഘടിപ്പിക്കുന്നതാണു യുവതലമുറയുടെ ശൈലിയെന്നു തിരിച്ചറിഞ്ഞാണു കമ്പനി ‘മോജൊ’ ടൂറർ പതിപ്പ് യാഥാർഥ്യമാക്കിയതെന്നു മഹീന്ദ്ര ടു വീലേഴ്സ് സീനിയർ ജനറൽ മാനേജർ (സെയിൽസ്, മാർക്കറ്റിങ് ആൻഡ് പ്രോഡക്ട് പ്ലാനിങ്) നവീൻ മൽഹോത്ര അറിയിച്ചു. പുതിയ സ്ഥലങ്ങൾ തേടിപ്പോകുന്നതു വ്രതമാക്കിയവരെയും ടൂറിങ്ങിൽ ആവേശം കണ്ടെത്തുന്നവരെയും ലക്ഷ്യമിട്ടാണ് ഈ ബൈക്കിന്റെ വരവ്. ടൂറിങ് ആസ്വദിക്കുന്നവർക്ക് ഒഴിവാക്കാനാവാത്ത പങ്കാളിയാണു ‘മോജൊ’ ടൂറർ പതിപ്പെന്നും അദ്ദേഹം അവകാശപ്പെട്ടു.