അമിയോ ഡീസലിന് ഓട്ടമാറ്റിക്

Ameo

ഓട്ടമാറ്റിക്കുകൾ പലതരമുണ്ട്. ഇങ്ങു താഴെ മാനുവൽ ഓട്ടമാറ്റിക്ക് മുതൽ മുകളിൽ മെഴ്സെഡിസിലും ബി എം ഡബ്ല്യുവി ലുമൊക്കെ ക്കാണുന്ന ഡ്യുവൽ ക്ലച്ച് സിസ്റ്റം വരെ ഓട്ടമാറ്റിക് എന്ന ലേബലിൽ വരും. സാങ്കേതികതയിലും വിലയിലും അജഗജാന്തരമുണ്ടാകുമെന്നു മാത്രം.

∙ ഡ്യുവൽ ക്ലച്ച് സാങ്കേതികതയുപയോഗിക്കുന്ന ഗിയർബോക്സുകൾ മുന്തിയ കാറുകൾക്കു മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഫോക്സ്‌വാഗൻ ആ വിശ്വാസം തിരുത്തിക്കഴിഞ്ഞു. പോളൊ ജി ടി ഐയിലും ടി എസ് ഐ പെട്രോൾ മോഡലുകളിൽ ഡി എസ് ജി ഓട്ടമാറ്റിക് അവതരിപ്പിച്ച ഫോക്സ് വാഗൻ അതേ സാങ്കേതികത ഇപ്പോഴിതാ അമിയോ ഡീസലിലും എത്തിക്കുകയാണ്. അമിയോ ഡീസൽ ഓട്ടമാറ്റിക് ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

Ameo

∙ രൂപകൽപന: പോളോയുടെ സെഡാൻ രൂപമാണ് അമിയോ. നാലു മീറ്ററിലും താഴെയാണ് നീളമെന്നതിനാൽ നികുതിയിൽ വൻ കുറവുണ്ട്. ഇത് വിലക്കുറവായി പരിണമിക്കുന്നു. പോളോയെന്നു തോന്നിക്കുന്ന രൂപം. ബമ്പറുകളിലെ നേരിയ വ്യത്യാസവും പിന്നിലെ ഡിക്കിയും മാത്രം മാറ്റങ്ങൾ.

Ameo

∙ ഉള്ളിൽ എന്തൊക്കെ? ഡാഷ് ബോർഡിന് മാറ്റങ്ങളില്ലെങ്കിലും വില കൂടിയ ഫോക്സ് വാഗനുകളിൽ മാത്രം ഇതിനു മുമ്പ് കണ്ടിട്ടുള്ള സ്പോർട്ടി സ്റ്റീയറിങ് വന്നു. ക്ലൈമറ്റ് കൺട്രോൾ ഹൈലൈൻ മോഡലിനു മാത്രം. ഡാഷിൽ ഇൻറഗ്രേറ്റ് ചെയ്ത സ്റ്റീരിയോയും ആ മോഡലിനു മാത്രമേയുള്ളൂ. സ്റ്റീയറിങ് ക്രമീകരണങ്ങളും ഇലക്ട്രോണിക് വിങ് മിറർ നിയന്ത്രണങ്ങളുമുണ്ട്. ഗ്ലൗവ് ബോക്സിൽ ആവശ്യത്തിനു സ്ഥലമുണ്ട്.. ആവശ്യത്തിനു ലെഗ് റൂം. ഡിക്കിയും തീരെച്ചെറുതല്ല. സ്റ്റോറേജ് സ്ഥലങ്ങളെല്ലാം വലുതാണെന്നു കണ്ടെത്താം.

Ameo

∙ സാങ്കേതികത:1.5 ലീറ്റർ നാലു സിലണ്ടർ എൻജിന് 4000 ആർ പി എമ്മിൽ 110 പി എസ്. 1500 ആർ പി എമ്മിൽ 250 എൻ എം ടോർക്ക്. സ്കാഡേ സുപർബ് പോലെയുള്ള വലിയ കാറുകളിൽ മാത്രമുണ്ടായിരുന്ന ഡി ക്യു 200 ഗിയർബോക്സ് പുതുതലമുറയാണ്.

Ameo

∙ ഇന്ധനക്ഷമത: പരമാവധി മൈലേജ് ലഭിക്കാനായാണ് ട്യൂണിങ്. ലീറ്ററിന് 21.73 കി.മി. പരന്ന പവർബാൻഡ്, താഴേക്കുപോകാത്ത ടോർക്ക് എന്നിവ ആയാസ രഹിതമായ ഡ്രൈവിങ് നൽകുന്നു. ഇറക്കത്തിൽ താഴേക്ക് ഉരുളാത്ത ഹിൽ ഹോൾഡ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ ആധുനിക സാങ്കേതികതകൾ.

Ameo

∙ ഡ്രൈവിങ്: ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗിയർബോക്സ് സംഭവമാണ്. ഡ്രൈവിങ്ങിനെക്കുറിച്ച് അധികം തലവേദനകൾ വേണ്ട. കയറിയിരിക്കുക, സ്റ്റാർട്ടാക്കുക, ഡ്രൈവ് മോഡിലിടുക, കുതിക്കുക. ഡി എസ് ജി സാങ്കേതികതയുടെ എല്ലാ മികവുകളും സൗകര്യങ്ങളും ഡ്രൈവർക്ക് അനുഭവിക്കാം. എന്നാൽ ശക്തി പോരെന്നോ, മാനുവൽ ഗിയർബോക്സാണു നല്ലതെന്നോ ഉള്ള തോന്നലുകൾ ഒരിക്കൽപ്പോലും ഉയരില്ല. ഡ്രൈവു ചെയ്യുകയാണെന്ന ആയാസവും അധികമൊന്നും അനുഭവപ്പെടുകയുമില്ല. സ്പോർട്ടി മോഡിലിട്ടാൽ സ്പോർട്സ് കാർ പോലെ കുതിക്കും. മാനുവലായി ഗിയർ അപ്പും ഡൗണും ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഓവർടേക്കിങ്ങിൽ പ്രയോജനപ്പെടും.

Ameo

∙ സുരക്ഷ, യാത്ര: താണ മോഡലിനും എ ബി എസും എയർ ബാഗുമുണ്ട്. വേഗത്തിലും മികച്ച‘ നിയന്ത്രണം. റോഡു മോശമായാലും യാത്ര മോശമാകില്ല.

∙ എക്സ് ഷോറൂം വില ഡീസൽ മോഡലിന് 6.54 ലക്ഷത്തിൽ തുടങ്ങുന്നു.
∙ ടെസ്റ്റ്ഡ്രൈവ്: ഇ വി എം മോട്ടോഴ്സ് 9895764023