പുതിയ വെൻെറാ വാങ്ങേണ്ടേ...

ഇന്ത്യയിൽ വെൻെറായ്ക്ക് എന്നും മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. ജർമനിയിൽ നിന്നെത്തിയ ജനങ്ങളുടെ കാറെന്ന നിലയിലുപരി ഒരു ഉന്നത ആഡംബര കാർ എന്നാണ് വെൻെറാ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ മെഴ്സെഡിസും ബി എം ഡബ്ല്യുവും ഒൗഡിയുമൊക്കെ കയ്യടക്കിവച്ച അതേ തലയെടുപ്പും ആഢ്യത്തവും ആരാധകർ വെൻെറായ്ക്കും നൽകി. സ്വന്തം ഉടമസ്ഥതയിലുള്ള ഒൗഡിയുമായി എല്ലാ ഫോക്സ് വാഗനുകളെയും പോലെ വെൻെറായും ഘടകങ്ങൾ പങ്കുവയ്ക്കുന്നുവെന്നത് ഔന്നത്യം ഉയർത്തുന്ന ഘടകമാകുന്നു.

എന്താണ് ഇപ്പോൾ വെൻറൊ: പുതിയ മോഡൽ ഇറങ്ങി. ഏതാണ്ട് ഒരു കൊല്ലം മുമ്പ് വന്നതുപോലെ ചെറിയ മാറ്റങ്ങളല്ല, കാര്യമായ രൂപപരിണാമം ഇത്തവണയുണ്ടായി. എന്നാൽ വിലയിൽ വലിയ വർധനയില്ല. കാലത്തിനൊത്ത മാറ്റവും പരിഷ്കാരങ്ങളും വരുത്തി എന്നേയുള്ളൂ.

പുറത്ത് എന്തൊക്കെ മാറ്റങ്ങൾ: പുറമെ കാണാവുന്ന മാറ്റങ്ങളിൽ മുഖ്യം പുതിയ ഗ്രിൽ തന്നെ. പസാറ്റിനെ അനുകരിച്ച് രൂപകൽപന ചെയ്ത ഗ്രിൽ വെൻെറായ്ക്ക് വലുപ്പക്കൂടുതൽ തോന്നിപ്പിക്കും. ഗ്രില്ലിനൊപ്പം പുതിയ ബമ്പറും ഫോഗ് ലാംപുകളും ഹെഡ്ലാംപുമൊക്കെയെത്തി. അലോയ് വീലുകൾ പുതുതാണ്. വിങ് മിററുകൾക്ക് ഇലക്ട്രിക് ഫോൾഡിങ് കിട്ടി. പിന്നിലേക്കു വന്നാൽ ടെയ്ൽ ലാംപുകൾക്ക് ത്രിമാന സ്വഭാവമായി. ക്രോമിൻറെ ഉപയോഗം തെല്ലു കൂടി. ഗ്രില്ലിനു പുറമെ ഡോർ ഹാൻഡിലുകളിലും ക്രോം.

ഉൾവശത്തെ പുതുമകൾ: ആദ്യം ശ്രദ്ധയിൽപ്പെടുക ഡ്രൈവറിലേക്ക് റേസിങ് സ്പിരിറ്റ് പകരുന്ന സ്പോർട്ടി ഫ്ളാറ്റ്ബോട്ടം സ്റ്റീയറിങ് വീലാണ്. ഉള്ളിലെ നിറങ്ങൾക്കുമുണ്ടായി മാറ്റം. ബെയ്ജും ഇളം തവിട്ടും പ്രാഥമിക നിറങ്ങൾ. സ്റ്റീയറിങ്ങിലും ഡാഷ് ബോർഡിലും കറുപ്പ്. സീറ്റുകൾ പണ്ടേപ്പോലെ സുഖമായി ഇരിക്കാനാവുന്നവ. മുൻ സീറ്റുകൾക്കും ഹാൻഡ്റെസ്റ്റുണ്ട്. അതിനുള്ളിൽ ചെറിയൊരു സ്റ്റോറേജും. പുതിയ സ്റ്റീരിയോയിൽ വോയ്സ് കമാൻഡ്, ബ്ലൂ ടൂത്ത് സംവിധാനങ്ങൾ. ടച്ച് സ്ക്രീൻ ഇല്ല.

മറ്റു പുതുമകൾ: എല്ലാ വേരിയൻറുകൾക്കും സ്റ്റാൻഡേർഡ് സൗകര്യമായി രണ്ട് എയർബാഗുകളുണ്ട്. സുരക്ഷയെക്കുറിച്ച് അടുത്ത കാലത്തുണ്ടായ ചർച്ചകളുടെ പരിണിതഫലം. എ ബി എസ്, ഇ എസ് പി തുടങ്ങിയവ ഉയർന്ന മോഡലിൽ. ഓട്ടമാറ്റിക് ഡി എസ് ജി മോഡലിന് ഹിൽഹോൾഡ് സൗകര്യം. ക്രൂസ് കൺട്രോൾ വന്നതാണ് മറ്റൊരു മാറ്റം. ഹൈവേ ഡ്രൈവിങ്ങിൽ ആയാസം കുറയ്ക്കാനൊരു മാർഗം. വേഗം സെറ്റ് ചെയ്ത് ക്രൂസ് കൺട്രോളിലിട്ട് വെറുതെയിരുന്നാൽ മതി.

ഡ്രൈവിങ്: 1.5 ലീറ്റർ ഡീസൽ എൻജിൻ പഴയതു തന്നെ. 103.2 ബി എച്ച് പി ശക്തി. 250 എൻ എം ടോർക്ക്. 20.4 ലീറ്റർ ഇന്ധനക്ഷമത. ഉയർന്ന ടോർക്ക് തന്നെ ഈ ഡീസൽ എൻജിൻറെ മികവ്. ട്യൂണിങ്ങിലും മറ്റുമുണ്ടായ ചെറു പരിഷ്കാരങ്ങൾ ഡ്രൈവിങ്ങിലെ വലിയ മികവായി പ്രതിഫലിക്കുന്നു. എല്ലാ ജർമൻ കാറുകളെയുംപോലെ മികച്ച റോഡ് ഗ്രിപ് അനുഭവവേദ്യമാക്കുന്ന ഡ്രൈവിങ്. ഉയർന്ന വേഗത്തിലും ഡ്രൈവറുടെ ആത്മവിശ്വാസം ചോരില്ല. ക്ലച്ചിന് തെല്ലു കട്ടി കൂടുതലുണ്ട്. സിറ്റി ഡ്രൈവിങ്ങിൽ ഇതൊരു അസ്വസ്ഥതയായി രൂപപ്പെട്ടേക്കും.

യാത്രാസുഖം: സസ്പെൻഷൻ സംവിധാനങ്ങൾക്ക് പരിഷ്കാരമുണ്ടായിട്ടുണ്ട് എന്നത് പിൻസീറ്റിലെ യാത്രയിൽ ബോധ്യപ്പെടും. കുടുക്കവും ഉലച്ചിലും മോശം റോഡിലും കുറവ്. പിൻ സീറ്റിൽ രണ്ടു പേർക്ക് സുഖയാത്ര. നടുവിലുള്ള യാത്രക്കാരന് അത്ര പരന്നതല്ലാത്ത ഫ്ളോർ തെല്ല് അസൗകര്യമുണ്ടാക്കും. കുട്ടികളെങ്കിൽ കുഴപ്പമില്ല.

എന്തുകൊണ്ട് വെൻെറാ: വിശ്വേത്തരമായ ജർമൻ എൻജിനിയറിങ് സ്വന്തമാക്കാൻ ഒരവസരം. മധ്യനിരയിൽ ഏതു കാറിനോടും പിടിച്ചു നിൽക്കാനുള്ള മികവ് വെൻെറായ്ക്കുണ്ട്. 12.50 ലക്ഷം രൂപയ്ക്ക് ഏറ്റവും കൂടിയ ഡീസൽ മോഡൽ റോഡിലിറങ്ങും. ഏറ്റവും ഉയർന്ന ഓട്ടമാറ്റിക് മോഡലിന് 14 ലക്ഷം രൂപ. ഇതേ സാങ്കേതികതകൾ ഒൗഡിയെന്ന പേരിൽ ഇറങ്ങുമ്പോൾ 15 ലക്ഷം രൂപയെങ്കിലും കൂടുതൽ നൽകേണ്ടിവരും.

ടെസ്റ്റ് ഡ്രൈവ്: ഇ വി എം 9895764023