ആയുർവേദ ആശുപത്രിയിൽ പ്രസവം

Representative Image

തിരുവനന്തപുരം പൂജപ്പുര ആയുർവേദ ആശുപത്രിയിലെ നവീകരിച്ച ലേബർ റൂമിൽ ആദ്യ പ്രസവം നടന്നു. ഗവ.ആയുർവേദ കോളജിനു കീഴിലുള്ള പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ലേബർ റൂമിൽ പരിമിതമായ സൗകര്യങ്ങളോടെ നേരത്തെയും പ്രസവം നടന്നിരുന്നെങ്കിലും ആധുനികസൗകര്യങ്ങളോടെ സുസജ്ജമായ ലേബർ റൂമിൽ പ്രസവം നടക്കുന്നത് ഇതാദ്യം. ഇന്നലെ രാവിലെ 9.14നാണ് വട്ടപ്പാറ ചിറ്റാഴ സ്വദേശിനി ഗോപിക ആൺകുഞ്ഞിനു ജൻമം നൽകിയത്. തുടക്കം മുതൽ ഗോപിക ഇവിടെയാണ് ചികിത്സ തേടിയിരുന്നത്.

ആയുർവേദരംഗത്തു പ്രസവ സ്ത്രീരോഗ സംബന്ധമായ ചികിത്സാസാധ്യതകൾക്ക് ആക്കം കൂട്ടുമെന്ന് ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഒരു കോടി രൂപ മുതൽമുടക്കിയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ എന്നിവ അവിടെ സജ്ജമാക്കിയത്.

ലേബർ റൂമിന്റെ പ്രവർത്തനം സുഗമമായി നടത്തുന്നതിനായി അനസ്തീഷ്യ വിദഗ്ധൻ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ, സിഎസ് ആർ ടെക്നീഷ്യൻ തുടങ്ങി 29 തസ്തികകളും അനുവദിച്ചു.

ആയുർവേദ ചികിത്സയും അലോപ്പതി ചികിത്സയും സംയുക്തമായി നടത്തിവരുന്നതും അലോപ്പതി ഡോക്ടറുടെ സേവനം ലഭ്യമായിട്ടുള്ളതും സിസേറിയൻ  സൗകര്യങ്ങളുള്ളതുമായ കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യത്തെ ആയുർവേദ ആശുപത്രിയാണിത്. പ്രസൂതി തന്ത്ര സ്ത്രീരോഗ വിഭാഗത്തിൽ വന്ധ്യതാ ചികിത്സ, ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ചികിത്സ, ഗർഭിണീ പരിചരണം, പ്രസവ ശുശ്രൂഷ, സ്തന രോഗങ്ങൾക്കും ഗർഭാശയ രോഗങ്ങൾക്കുമുള്ള ചികിത്സ എന്നിവയാണു പ്രധാനമായും നടക്കുന്നത്.

Read More : Health and Ayurveda