ഹൃദയാരോഗ്യത്തിനും പ്രമേഹം ശമിക്കാനും നെല്ലിക്ക

ഇന്ത്യൻ ചികിത്സാശാസ്ത്രങ്ങളിൽ വളരെ അധികം പരാമർശിക്കപ്പെട്ടിട്ടുളളതാണ് നെല്ലിയും നെല്ലിക്കയും. ബി.സി 500നു മുമ്പു വിരചിതമായ ആയുർവേദഗ്രന്ഥമായ ചരകസംഹിതയിൽ നെല്ലിക്കയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. നെല്ലിയുടെ ഇല, തൊലി, തടി എന്നിവയെല്ലാം ഒൗഷധാവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും പ്രധാന ഭാഗം ഫലമായ നെല്ലിക്ക തന്നെയാണ്.

ആയുർവേദഗ്രന്ഥങ്ങളിലെ രസായനാധികാരത്തില്‍ ആദ്യം പറഞ്ഞിട്ടുളളത് നെല്ലിക്ക ചേർത്തിട്ടുളള ബ്രാഹ്മരസായനം തന്നെയാണ്. ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും ഉത്തമമായ ആഹാരവും ഒൗഷധവുമാണ് നെല്ലിക്ക. ചൂടാക്കുമ്പോഴും ദീർഘകാലം സംഭരിച്ചു വയ്ക്കുമ്പോഴും നഷ്ടപ്പെടാത്ത ‘ജീവകം സി’യുടെ ഉറവിടം എന്ന പ്രത്യേകതയും നെല്ലിയ്ക്കയ്ക്കുണ്ട്. ജീവകം എ യും ജീവകം ബിയും നെല്ലിക്കയിലുമുണ്ട് കൂടാതെ കാത്സ്യം, ഇരുമ്പ്, ഇലാജിക് ആസിഡ്, ഗാലിക് ആസിഡ്, ടാനിക് ആസിഡ് തുടങ്ങിയവയും നെല്ലിക്കയിലുണ്ട്.

എന്തുകൊണ്ട് ദിവസവും നെല്ലിക്ക കഴിക്കണം?

യൂഫോർബേസിയേസി കുടുംബത്തിൽപ്പെടുന്ന നെല്ലിയുടെ ശാസ്ത്രനാമം ‘ഫിലാന്തസ് എംബ്ലിക്ക’ എന്നാണ്. അമൃതാ, ആമലകം, ധാത്രി, ധാത്രിക എന്നിങ്ങനെ നെല്ലിക്കയ്ക്ക് സംസ്കൃതത്തിൽ പേരുകളുണ്ട്.

ഒൗഷധപ്രയോഗങ്ങൾ

ജരാനരകൾ വേഗത്തിൽ ബാധിക്കാതിരിക്കാൻ – നെല്ലിക്ക ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ ദിവസവും കുളിക്കുക, പച്ചനെല്ലിക്ക ദിവസവും കഴിക്കുക, നെല്ലിക്ക ഇട്ട് തിളപ്പിച്ചാറിയ വെളളം ദിവസവും കുടിക്കുക.
∙ അസ്ഥിസ്രാവം മാറുന്നതിന് – പച്ചനെല്ലിക്കാനീര്, ചിറ്റമൃതിൻനീര്, കൂവപ്പൊടി ഇവ സമം അളവിൽ എടുത്ത് തേനിൽ ചാലിച്ചു ദിവസവും കഴിക്കുക.‌
∙ നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി ഇവ സമം എടുത്ത് പൊടിച്ചു തേൻ ചേർത്തു ദിവസവും രണ്ടു നേരം കഴിക്കുക. കഫക്കെട്ട് മാറും.
∙ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞൾനീരും ചിറ്റമൃതിൻനീരും സമം ചേർത്തു ദിവസവും കഴിക്കുന്നതു പ്രമേഹത്തിനു ഫലപ്രദം.
∙ പച്ചനെല്ലിക്കനീരോ, ഉണക്ക നെല്ലിക്ക കഷായം വെച്ചോ ദിവസവും മൂന്നു നേരം ഭക്ഷണശേഷം വായിൽ കവിള്‍ കൊളളുക. വായ്പുണ്ണിനു ഫലപ്രദമാണ്.
∙ അകാലനരയ്ക്ക് – നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തല കഴുകുക, പച്ചനെല്ലിക്ക കുരുകളഞ്ഞ് അരച്ചു കഞ്ഞിവെള്ളത്തിൽ കലർത്തി മുടിയിൽ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു കുളിക്കുക.
∙ ചൂടുകുരുവിന് നെല്ലിക്കാത്തോട് മോരിൽ കുതിർത്ത് അരച്ചു പുരട്ടുക.

കൃഷി ചെയ്യുമ്പോൾ

വരണ്ട കാലാവസ്ഥയും നല്ല സൂര്യപ്രകാശവും ലഭിക്കുന്ന പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. വിത്തിൽ നിന്നോ കായികപ്രജനനം (ഗ്രാഫ്റ്റിങ്, ബഡ്ഡിങ്) വഴി തയാറാക്കിയ തൈകളോ ഉപയോഗിച്ചു മെയ്–ജൂൺ മാസങ്ങളിൽ നടാം.

നെല്ലിക്ക ജ്യൂസുകൾ

നെല്ലിക്ക കൊണ്ട് വിവിധ ജ്യൂസുകളുണ്ടാക്കാം. ചേരുവകളെല്ലാം ചേർത്ത് ജ്യൂസറിലടിച്ച് പാകത്തിനു മധുരവും ചേർത്താൽ രുചിയും ഒൗഷധഗുണവുമുളള പാനീയങ്ങളായി.

1. ചർമസൗന്ദര്യത്തിന് – ചേരുവകൾ– നെല്ലിക്ക 100 ഗ്രാം, വെള്ളരിക്ക 150 ഗ്രാം, ഇഞ്ചി മൂന്നു ഗ്രാം, പുതിനയില ഒരു ഗ്രാം, തണുത്ത വെള്ളം 200 മി.ലി., തേൻ ആവശ്യത്തിന്.

2. ശരീരസൗന്ദര്യത്തിന് – ചേരുവകൾ– നെല്ലിക്ക 100 ഗ്രാം, കാരറ്റ് 150 ഗ്രാം, പുതിന ഇല ഒരു ഗ്രാം, തണുത്ത വെള്ളം 200 മി.ലി., പഞ്ചസാരപ്പാനി അല്ലെങ്കില്‍ തേൻ ആവശ്യത്തിന്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബലപ്പെടുത്തുന്നതു കൂടിയാണ് ഈ ജ്യൂസ്.

3. രക്താതിസമ്മർദരോഗികൾക്ക്– ചേരുവകൾ – നെല്ലിക്ക 100 ഗ്രാം, വറുത്തുപൊടിച്ച ഇന്തുപ്പ് രണ്ടു ഗ്രാം, പുതിനയില ഒരു ഗ്രാം, വെള്ളം 200 മി,ലി., കറിവേപ്പില അഞ്ച് ഇലകൾ.

4. പ്രമേഹരോഗികൾക്ക് – ചേരുവകൾ – നെല്ലിക്ക 100 ഗ്രാം, മഞ്ഞൾപൊടി രണ്ടു ഗ്രാം, വറുത്തുപൊടിച്ച ഇന്തുപ്പ് ഒരു ഗ്രാം, പുതിനയില ഒരു ഗ്രാം, കുരുമുളകുപൊടി 500 മി.ഗ്രാം, വെള്ളം 200 മി.ലി.

5. നെല്ലിക്ക സംഭാരം – ചേരുവകൾ– നെല്ലിക്ക 50 ഗ്രാം, കറിവേപ്പില അഞ്ച് ഇലകൾ, ഇഞ്ചി അഞ്ചു ഗ്രാം, ചുവന്നുളളി ഒരു അല്ലി, തണുത്ത വെള്ളം 100 മി.ലി., ശുദ്ധമായ മോര് 100 മി.ലി. ഉപ്പ് ആവശ്യത്തിന്.

ഡോ. കെ.എസ്.രജിതൻ
ഒൗഷധി,തൃശൂർ