ക്ഷയരോഗം നിസ്സാരമാക്കല്ലേ...

ഒരു ചെറിയ ജലദോഷം വന്നാൽ സ്വകാര്യ ആശുപത്രി തേടി ഓടുന്നയാളാണോ നിങ്ങൾ? സർക്കാർ ആശുപത്രിയിൽ നിന്ന് വെറുതേ കിട്ടുന്ന മരുന്ന് ആയിരങ്ങൾ മുടക്കി സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങുന്നതിൽ നിങ്ങൾ ആത്മസംതൃപ്തി കണ്ടെത്തുന്നുണ്ടോ? എങ്കിൽ അടുത്ത തവണ ചുമയ്ക്ക് മരുന്നു തേടി സ്വകാര്യ ആശുപത്രിയുടെ പടികൾ ചവിട്ടുമ്പോൾ ചില കാര്യങ്ങൾ കൂടി അറിഞ്ഞു വയ്ക്കുക.

ഒരാഴ്ചയിൽ അധികം തുടർച്ചയായി ചുമയ്ക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഇൗ ചുമ ക്ഷയരോഗത്തിന്റെ ലക്ഷണമാകാം. ക്ഷയരോഗത്തിനെന്താ സ്വകാര്യ ആശുപത്രിയിൽ ചികിൽസയില്ലേ എന്നാണ് മറുചോദ്യമെങ്കിൽ, ഉണ്ട്; പക്ഷേ ചികിൽസിക്കുമ്പോൾ ഡോട്സ് ചികിൽസ ചോദിച്ചു വാങ്ങാൻ മറക്കരുതെന്നു മാത്രം.ഇല്ലെങ്കിൽ ഒരുപക്ഷേ മരുന്നിനെ പ്രതിരോധിക്കുന്ന മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ടിബി എന്ന മാരക ക്ഷയരോഗത്തിന് നിങ്ങൾ അടിമപ്പെടാം. ലോകാരോഗ്യ സംഘടന നിർദേശിച്ച ഡോട്സ് ചികിൽസ നിലവിലുണ്ടായിട്ടും ജില്ലയിൽ എംഡിആർ ടിബി വ്യാപകമായ തോതിൽ ഉയിർത്തെഴുന്നേൽക്കുന്നെന്ന പഠന റിപ്പോർട്ടാണ് ഇൗ ആശങ്കയ്ക്ക് കാരണം.

എംഡിആർ ടിബി

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. ഇതു ശരീരത്തിന്റെ ഏതു ഭാഗത്തെയും ബാധിക്കാമെങ്കിലും തൊണ്ണൂറു ശതമാനം പേരിലും കാണപ്പെടുന്നതു ശ്വാസകോശ ക്ഷയമാണ്.

സാധാരണ ഗതിയിൽ ആറുമാസം കൊണ്ട് പൂർണമായും ചികിൽസിച്ചു മാറ്റാവുന്നതാണ് ക്ഷയരോഗം . എന്നാൽ കൃത്യമായി മരുന്ന് കഴിക്കാതിരുന്നാൽ രോഗാണുക്കൾ മരുന്നിനെതിരെ പ്രതിരോധ ശേഷി കൈവരിച്ച് അൽപ്പം കൂടി ശക്തമായ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ടിബി യിലേക്ക് നയിക്കും. ഇവിടെയാണ് സ്വകാര്യ ചികിൽസ പലപ്പോഴും വില്ലനായി രംഗപ്രവേശം ചെയ്യുന്നത്.ചൈനയ്ക്കു ശേഷം ഏറ്റവുമധികം എംഡിആർ ടിബി ഉള്ള രാജ്യമാണ് ഇന്ത്യ.

വിലയ്ക്കു വാങ്ങുന്ന മരണം

ഒരാൾക്ക് ക്ഷയരോഗം കണ്ടുപിടിച്ചു കഴിഞ്ഞാൽ ഇത് സംബന്ധിച്ച് ജില്ലാ ആരോഗ്യ കേന്ദ്രത്തെ അറിയിക്കണം എന്നതാണ് ആശുപത്രികൾക്ക് നൽകിയിരിക്കുന്ന നിർദേശം.പക്ഷേ, സ്വകാര്യ മേഖലയിലെ ചില ഡോക്ടർമാരെങ്കിലും ഇൗ നിർദേശങ്ങൾ പാലിക്കാറില്ല. ഒരാൾക്ക് ക്ഷയരോഗമുണ്ടെന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് ആരോഗ്യകേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞാൽ പിന്നെ ആ രോഗിയുടെ ചികിൽസ സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യുക. അയാൾക്കുള്ള മരുന്നും മറ്റും സർക്കാർ സൗജന്യമായി നൽകും.എന്നാൽ രോഗിയെ സർക്കാർ ചികിൽസയ്ക്ക് വിട്ടുകൊടുക്കാൻ ചില സ്വകാര്യ ഡോക്ടർമാർക്ക് താൽപ്പര്യമില്ലത്രെ.അത്തരം ഡോക്ടർമാർ ക്ഷയരോഗത്തിനുള്ള മരുന്നുകൾ രോഗിക്ക് സ്വന്തം രീതിയിൽ കുറിച്ചു നൽകും.മരുന്നുകൾ രോഗി ആശുപത്രിയുടെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങാൻ നിർബന്ധിതനാവുകയും ചെയ്യും.

ഡോട്സ് ചികിൽസ പ്രകാരം ആറുമാസം തുടർച്ചയായാണ് ഒരു ക്ഷയരോഗി ചികിൽസ തേടേണ്ടത്.എന്നാൽ മരുന്നുകൾ സ്വന്തം പോക്കറ്റിൽ നിന്ന് കാശു മുടക്കി വാങ്ങുന്ന രോഗി ചികിൽസ തുടങ്ങി ഒന്നോ രണ്ടോ മാസത്തിനകം അത് നിർത്തും. മരുന്നു കഴിച്ച് രണ്ട് മാസമാകുമ്പോഴേക്കും രോഗം ഏറെക്കുറെ കുറഞ്ഞതു പോലെ രോഗിക്ക് തോന്നുന്നതിനാലാണ് ഇത്.

ഡോട്സ് ചികിൽസ

ക്ഷയരോഗ ചികിൽസയിൽ മുൻപു മരുന്നു നൽകുന്നതിൽ മാത്രമായിരുന്നു ആരോഗ്യവകുപ്പിന്റെ ഇടപെടൽ. എന്നാൽ ഇപ്പോൾ ഡോട്ട്സ് സമ്പ്രദായ പ്രകാരം ചികിൽസയുടെ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടമുണ്ട്. മുൻപ് നിലവിലുണ്ടായിരുന്ന ചികിൽസാരീതികളിൽ 60 ശതമാനത്തിൽ കൂടുതൽ രോഗവിമുക്തി ലഭിച്ചിരുന്നില്ല. ഡോട്ട്സ് രീതിയിലാകട്ടെ, ശരിയായി ചികിൽസ നൽകിയാൽ 95% രോഗവിമുക്തി ഉണ്ടാകുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

ഇൗ ഹ്രസ്വകാല ചികിൽസാരീതിയിൽ ആരോഗ്യപ്രവർത്തകരുടെ നേരിട്ടുള്ള നിരീക്ഷണത്തിനു വിധേയരായി രോഗി മുടങ്ങാതെ മരുന്നു കഴിക്കുന്നു. രോഗിയുടെ എല്ലാ ചികിൽസാവിവരവും ഇവർ ശേഖരിച്ചുവയ്ക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽനിന്നു ഗുണനിലവാരം ഉറപ്പുവരുത്തിയ മരുന്നുകളാണ് വിതരണം ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് മരുന്നു കഴിക്കേണ്ടത്. ഇവയ്ക്കു പാർശ്വഫലങ്ങളും കുറവാണ്. ഇൗ രീതിയിൽ രണ്ടാഴ്ച മരുന്നു കഴിക്കുമ്പോൾതന്നെ മിക്ക രോഗികളും മറ്റുള്ളവരിലേക്കു രോഗം പകർത്താത്ത അവസ്ഥയിലാകും.

ഓരോ ഡോസ് മരുന്നും രോഗി കഴിച്ചു എന്ന് ഉറപ്പുവരുത്താൻ പ്രദേശത്തെ ആരോഗ്യക്ഷേമ പ്രവർത്തകനെ ചുമതല ഏൽപ്പിക്കും. ടിബി കൺട്രോൾ സൊസൈറ്റി പ്രവർത്തകരും സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇൗ രീതിയിൽ മരുന്നിന്റെ കോഴ്സ് തീരുന്നതുവരെ കഴിച്ചാൽ രോഗവിമുക്തി ഉറപ്പുവരുത്താം.

അറിഞ്ഞിരിക്കേണ്ടത്

. സർക്കാർ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ക്ഷയരോഗിക്ക് ഡോട്സ് ചികിൽസ ഉറപ്പുവരുത്താൻ ഡോക്ടറും അത് ചോദിച്ചു വാങ്ങാൻ രോഗിയും ബാധ്യസ്ഥനാണ്.

. ചികിൽസ തുടങ്ങി രണ്ടാം മാസം കഴിയുമ്പോൾ രോഗം പൂർണമായി മാറിയെന്ന് കരുതി മരുന്ന് മുടക്കരുത്. മരുന്നു തുടങ്ങിയ ശേഷമുള്ള ആദ്യ പരിശോധനയും തീരുന്ന സമയത്തുള്ള പരിശോധനയും ചികിൽസയിൽ ഏറെ പ്രധാനപ്പെട്ടതാണ്.

. ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ ശ്രദ്ധയിൽ പെട്ടാൽ നിർബന്ധമായും കഫം പരിശോധിക്കണം. ഒരു ക്ഷയരോഗി കൃത്യസമയത്ത് ചികിൽസ തേടിയില്ലെങ്കിൽ ഒരുവർഷം പുതിയ 15 ക്ഷയരോഗികളെ ഉണ്ടാക്കും.

ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? ചികിത്സ എങ്ങനെ?

രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന സാധാരണ മരുന്നുകൾകൊണ്ട് മാറ്റം വരാത്ത ചുമയാണ് പ്രഥമ ലക്ഷണം. ചുമയോടൊപ്പം നേരിയ പനി (വൈകുന്നേരങ്ങളിലോ രാത്രിയിലോ) വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, കഫത്തിൽ രക്തം കാണപ്പെടുക തുടങ്ങിയവയും ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാകാം.

എന്തു ചെയ്യണം?

. അംഗീകൃത കഫ പരിശോധനാ കേന്ദ്രങ്ങളിൽ വച്ച് രണ്ടുതവണയായി കഫ പരിശോധന നടത്തുക. ഏറ്റവുമടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

. ആദ്യ കഫ പരിശോധനയിൽ ക്ഷയരോഗാണുക്കളെ കണ്ടെത്തിയില്ലെങ്കിൽ, ഡോക്ടറുടെ നിർദേശ പ്രകാരമുള്ള മരുന്നുകൾ രണ്ടാഴ്ച കഴിക്കുക. തുടർന്നും ചുമയുണ്ടെങ്കിൽ വീണ്ടും കഫ പരിശോധന നടത്തേണ്ടതാണ്.

. രോഗ നിർണയം ഉറപ്പു വരുത്തിയാൽ, ക്ഷയരോഗത്തിനുള്ള ‘ഡോട്സ്’ ചികിത്സാരീതി അവലംബിക്കേണ്ടതാണ്. ‘ഡോട്സ്’ ചികിത്സയിൽ മരുന്നുകൾ പൂർണമായും സൗജന്യമാണ്.

. എല്ലാ ഗവൺമെന്റ് ആശുപത്രികളിലും ‘ഡോട്സ്’ ചികിത്സ ലഭ്യമാണ്. 68 മാസം വരെ മുടങ്ങാതെ മരുന്നുകൾ കഴിക്കേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗശമനത്തിനും അത്യന്താപേക്ഷിതമാണ്.

. മരുന്നുകൾ കൃത്യമായി കഴിക്കാതിരുന്നാൽ, മരുന്നുകളെ ചെറുക്കുന്ന തരത്തിലുള്ള രോഗാണുക്കൾ ഉടലെടുക്കുകയും രോഗം മാരകാവസ്ഥയിലേക്ക് കടക്കുകയും ചെയ്യും.

രോഗികൾ ശ്രദ്ധിക്കുക

. ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് വായയും മൂക്കും അടച്ചുപിടിക്കുക. ഇത് രോഗവ്യാപനം ഒരു പരിധിവരെ തടയും.

. പൊതു സ്ഥലങ്ങളിലും, മറ്റു തുറസ്സായ സ്ഥലങ്ങളിലും കഫം തുപ്പാതിരിക്കുക.