ഫെയ്സ്ബുക്ക് ഉപയോഗം നിങ്ങളെ ദുഃഖിതരാക്കും

Facebook. Reuters

സമൂഹ മാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ് ഫെയ്സ്ബുക്കും വാട്സ് ആപ്പും ഇല്ലാത്ത ദിവസങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും ആകാത്തവരും ഉണ്ട്. എന്നാൽ കേട്ടോളൂ എപ്പോഴും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവർ ദുഃഖിതരും അനാരോഗ്യം ഉള്ളവരും ആയിരിക്കുമെന്നു പഠനം.

യേൽ സർവകലാശാല, കലിഫോർണിയ സർവകലാശാല, സാൻഡിഗോ എന്നിവിടങ്ങളിലെ ഗവേഷകർ, ഫെയ്സ്ബുക്ക് ഉപയോഗവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കി. 2013  മുതല്‍ 15 വരെ 5208 സന്നദ്ധ പ്രവർത്തകരിലാണ് പഠനം നടത്തിയത്.

ഫെയ്സ്ബുക്ക് ആക്ടിവിറ്റി, യഥാർത്ഥ ജീവിതത്തിലെ സാമൂഹിക പ്രവർത്തനങ്ങൾ, ശാരീരികവും മാനസകവുമായ ആരോഗ്യം, ജീവിതസംതൃപ്തി, ബോഡിമാസ് ഇൻഡക്സ് ഇവ പരിശോധിച്ചു.

സാമൂഹികവും ശാരീരികവും മാനസികവുമായ ആരോഗ്യവും ഫെയ്സ്ബുക്ക് ഉപയോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു.

കൂടുതൽ തവണ പ്രൊഫൈൽ ഫോട്ടോകൾ അപ്ഡേറ്റ് ചെയ്യുന്നതും പോസ്റ്റുകള്‍ക്ക് എപ്പോഴും ‘ലൈക്ക്’ കൊടുക്കുന്നതും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണെന്നാണ് പഠനഫലം പറയുന്നത്.

ഫെയ്സ്ബുക്ക് ഉപയോഗം സൗഖ്യം ഇല്ലാതാക്കും എന്ന് യേൽ സർവകലാശാല ഗവേഷകനായ നിക്കോളാസ് ക്രിസ്റ്റാകിസ് പറഞ്ഞു.

ലൈക്കുകൾ, ലിങ്കുകൾ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഇവയിൽ ക്ലിക്ക് ചെയ്യുന്നത് ഒരു ശതമാനം കൂടുമ്പോൾ പോലും 5 മുതൽ 8 ശതമാനം വരെ മാനസികാരോഗ്യം കുറയുന്നതായി അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.