Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലരോഗങ്ങളിൽ നിന്നു രക്ഷ നേടാൻ ശ്രദ്ധിക്കേണ്ടത്

monsoon-disease

കടുത്ത വേനലിനു ശമനം നൽകി മഴക്കാലം തുടങ്ങിക്കഴി‍ഞ്ഞു.  മണ്ണിലേക്കു വീഴുന്ന ഓരോ മഴത്തുള്ളിയോടുമൊപ്പം മഴക്കാല രോഗങ്ങളും പെയ്തിറങ്ങിക്കഴിഞ്ഞു.  പുതുമഴ രോഗാണുക്കളുമായാണ് പെയ്തിറങ്ങുന്നത്. നമ്മുടെ ശരീരത്തിന് അപരിചിതമായ വൈറസ് അണുക്കളുടെ വാഹകരായിരിക്കും ഈ മഴത്തുള്ളികൾ. അതിനാൽ രോഗപ്രതിരോധശേഷി കുറഞ്ഞവർ ഈ മഴ നനഞ്ഞാൽ നിശ്ചയമായും പനി വരും.

ചർമത്തിലെ തീരെ ചെറിയ സുഷിരങ്ങളിലൂടെയും വായിലൂടെ അന്നനാളത്തിലേക്കും ബാഷ്പമായി ശ്വാസകോശത്തിലേക്കും വെള്ളം പ്രവേശിക്കുമ്പോൾ അതിലൂടെ ഈ രോഗാണുക്കളും ഉള്ളിലെത്തുന്നു. തലയിലെ ചർമത്തിലെ ചെറിയ സുഷിരങ്ങളിലൂടെയും വിയർപ്പുഗ്രന്ഥികളുടെ ചെറുസുഷിരങ്ങളിലൂടെയും രോഗാണുക്കളടങ്ങിയ വെള്ളം ഉള്ളിലേക്കു കടക്കും. ഇതിനെയാണു നീരിളക്കം എന്നു വിളിക്കുന്നത്. വൈറസ് ബാധ മൂലമുണ്ടാകുന്ന പനി മഴക്കാലത്ത് കൂടുതൽ കാണാം.

പനി ബാധിച്ചവരുടെ സാമീപ്യം ഒഴിവാക്കുകയാണു ചെയ്യേണ്ടത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും പനി വന്നാൽ വേണ്ടത്ര വിശ്രമമെടുക്കുകയും വേണം. സാധാരണ വൈറസ് പനി ഒരാഴ്ചകൊണ്ട് തനിയെ മാറുന്നതാണ്. കൂടുതൽ മരുന്നു കഴിച്ചതു കൊണ്ട് പനി വേഗം മാറില്ല. രോഗലക്ഷണങ്ങൾ താത്കാലികമായി കാണപ്പെടില്ല എന്നേയുള്ളൂ.

കൊതുകുജന്യരോഗങ്ങൾ പെരുകുന്ന കാലമാണിത്. ഒരു കൊതുക് ഒറ്റത്തവണ മുട്ടയിടുമ്പോൾ കോടിക്കണക്കിനു മുട്ടകളാണ് പുറത്തു വരുന്നത്. കൊതുകുപരത്തുന്ന രോഗങ്ങളായ ചിക്കുൻഗുനിയയും ഡങ്കിപ്പനിയും ഈ കാലത്തു കൂടും. ഈച്ചകൾ വഴി പകരുന്ന വയറിളക്കം, ഛർദി, കോളറ, ടൈഫോയ്ഡ് പോലുള്ള രോഗങ്ങളും വർധിക്കും.

ഭക്ഷണം ചൂടോടെ

പാകം ചെയ്യാത്ത ഭക്ഷണം ഒഴിവാക്കണം. പാതിവെന്ത തരം ഭക്ഷണപദാർഥങ്ങൾ കഴിക്കരുത്. അതുപോലെ തന്നെ ഭക്ഷണം ചൂടോടെ കഴിക്കുകയും ചെയ്യണം. 15—30 മിനിറ്റ് നേരം വെട്ടിത്തിളപ്പിച്ച് പാകം ചെയ്യുന്ന ഭക്ഷണം വേണം കഴിക്കാൻ. പാകം ചെയ്യാതെ തയാറാക്കുന്ന സാലഡുകൾ, തൈര്, കടകളിൽ നിന്നുള്ള ജ്യൂസ് എന്നിവ ഒഴിവാക്കാം. ഐസ് ഇട്ട് പാനീയങ്ങൾ കുടിക്കുന്ന ശീലവും മഴക്കാലത്ത് ഒഴിവാക്കാം. വീടിനു പുറത്തു നിന്ന് ആഹാരം കഴിക്കുന്നവർ വൃത്തിയുള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കുക. വഴിയോരക്കടകളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

വെള്ളം വഴി

വേനൽക്കാലത്തെപ്പോലെ തന്നെ മഴക്കാലവും ജലജന്യരോഗങ്ങളുടേതാണ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ജലജന്യരോഗങ്ങൾ ഈ സമയത്തു കാണപ്പെടാറുണ്ട്. ടൈഫോയ്ഡ്, ഛർദി—അതിസാരം എന്നിവയും കാണപ്പെടുന്നു.

ഭക്ഷണം വഴിയും ജലം വഴിയും പകരുന്ന രോഗാണുക്കൾ കുടലിനെ ബാധിക്കുന്നതിനാൽ ഛർദി, വയറിളക്കം എന്നിവയാണ് പ്രാരംഭലക്ഷണങ്ങളായി കാണപ്പെടുന്നത്. ഇവ നീണ്ടുനിൽക്കുകയും തക്കസമയത്ത് ചികിത്സ തേടാതിരിക്കുകയും ചെയ്താൽ ജീവഹാനി വരെ സംഭവിക്കാം. പനി, വയറുവേദന, തലവേദന, വയറിളക്കം എന്നിവ ടൈഫോയ്ഡിന്റേയും ലക്ഷണങ്ങളാണെന്നോർക്കണം. ചികിത്സിച്ചില്ലെങ്കിൽ ടൈഫോയിഡിനെത്തുടർന്ന് ന്യൂമോണിയ, മസ്തിഷ്കജ്വരം എന്നിവയും ഉണ്ടാകാം.

തുടർച്ചയായ വയറിളക്കം കോളറയുടെയും ലക്ഷണമായിരിക്കാം. കൊച്ചുകുട്ടികളിൽ ജലജന്യരോഗങ്ങൾ കൂടുതൽ കാണപ്പെടും. അതിനാൽ കുടിക്കാനും കുളിക്കാനുമെല്ലാം ശുദ്ധജലം തന്നെ തിരഞ്ഞെടുക്കണം. പാത്രം കഴുകാനും കുളിക്കാനുമെല്ലാം ശുദ്ധജലം (തിളപ്പിച്ചാറിയ വെള്ളം) ഉപയോഗിക്കാൻ കഴിയുമെങ്കിൽ നന്ന്.

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ വെള്ളം ഉള്ളിൽപ്പോകാനിടയുള്ളതിനാൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളെ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചു കുളിപ്പിക്കുന്നതാണ് അഭികാമ്യം.

ആദ്യമഴയിൽത്തന്നെ നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാം. തുടർന്ന് മാലിന്യങ്ങൾ വഹിക്കുന്ന പൈപ്പുകൾ പൊട്ടുകയും അതു ജലസ്രോതസുകളിൽ കലരുകയുമൊക്കെ ചെയ്യാം. ഈ വെള്ളം ഉപയോഗിക്കുന്നതു പലവിധ രോഗങ്ങൾക്കു കാരണമാകാം.

വെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കുക. വയറിളക്കം, ഛർദി മുതലായ ലക്ഷണങ്ങൾ അവഗണിക്കരുത്. ഇവ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടുക.

എലിമൂത്രം കലർന്ന വെള്ളത്തിൽ ഇറങ്ങുന്നതു മൂലം ശരീരത്തിലുള്ള തീരെ ചെറിയ മുറിവുകളിലൂടെ രോഗാണുക്കൾ ശരീരത്തിലെത്തിയാൽ എലിപ്പനി ഉണ്ടാകും. ഭൂരിപക്ഷം പേരിലും എലിപ്പനി ചെറിയ ജലദോഷപ്പനിയായേ കാണപ്പെടൂ. ശക്തമായ പനി, കുളിരും വിറയലും, ശരീരത്തിനു വേദന, കണ്ണിൽ ചുവപ്പ് എന്നിവയും ലക്ഷണങ്ങളാണ്. 

ശ്വാസകോശപ്രശ്നങ്ങൾ

അറുപത് വയസ്സു കഴിഞ്ഞ പത്തുശതമാനം പേരിലും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ കാണാനിടയുണ്ട്. അവരിൽ രോഗം മഴക്കാലത്തു കൂടും. തണുപ്പ് അകറ്റി നിർത്തുന്ന തരം വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. അന്തരീക്ഷത്തിൽ ജലാംശം കൂടുമ്പോൾ ശ്വാസനാളം ചുരുങ്ങുകയും ശ്വസിക്കാൻ ബുദ്ധിമുട്ടു നേരിടുകയും ചെയ്യും. ഇവർ ഇൻഹേലർ പോലുള്ളവ കൈയിൽ കരുതുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും ചെയ്യണം.

ഇവ പ്രത്യേകം ശ്രദ്ധിക്കുക

∙ ശരീരത്തിൽ മുറിവുള്ളവർ ചെളിവെള്ളത്തിൽ ഇറങ്ങരുത്. മഴ നനഞ്ഞു വന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. ഉണങ്ങിയ കോട്ടൺ ഉപയോഗിച്ച് തുടയ്ക്കുക. വിരലുകളുടെ ഇടഭാഗവും മറ്റും നന്നായി വൃത്തിയാക്കണം. കാലിനടിയിലും വിരലുകൾക്കിടയിലും ഉണ്ടാകുന്ന ഫംഗസ് ബാധ (വളംകടി) ഒഴിവാക്കാൻ ഇതുവഴി കഴിയും. ടോയ്‌ലറ്റിൽ പോയി വന്നതിനു ശേഷം കൈകൾ സോപ്പിട്ടു കഴുകുക.

∙ ഭക്ഷണപദാർഥങ്ങൾ അടച്ചുവയ്ക്കുക. ഈച്ചകളെ ഒഴിവാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. കേടായ പച്ചക്കറികളും പഴങ്ങളും വീട്ടിൽ സൂക്ഷിക്കാരിതിരിക്കുക, മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ നിർമാർജനം ചെയ്യുക.

∙ കൊതുകു മുട്ടയിടുന്ന സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക. കൊതുകോ ഈച്ചയോ വീട്ടിനുള്ളിൽ കടക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുക.

∙ മഴക്കാലത്ത് എളുപ്പം ദഹിക്കുന്ന ഭക്ഷണപദാർഥങ്ങളെ കഴിക്കാവൂ.

∙ ആസ്മ, ബ്രോങ്കൈറ്റിസ് എന്നിവയുള്ളവർ അധികം തണുപ്പ് ശരീരത്തിൽ ഏൽക്കാതെ ശ്രദ്ധിക്കണം.

Read more : ഡങ്കിപ്പനിക്കെതിരെ കരുതൽ എടുക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.