മാതാപിതാക്കൾ കരുതി അവൾ കൊഞ്ചി നടക്കുന്നതാണെന്ന്, കുഞ്ഞ് പ്രകടിപ്പിച്ചതാകട്ടെ സ്ട്രോക്കിന്റെ ലക്ഷണം

Image Courtesy : Facebook/Amyleigh Martin

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധാലുക്കളാണ്. ചെറിയെരു ജലദോഷമോ പനിയോ മതി, പിന്നെ ടെൻഷനായി ഏതു നേരവും കു‍ഞ്ഞിന്റെ പിറകേയുമായിരിക്കും. എന്നാൽ ബില്ലിങ്ഹാമിൽ നിന്നുള്ള ഒരു അച്ഛനും അമ്മയും രണ്ടു വയസ്സുള്ള കുഞ്ഞിനുണ്ടായ സ്ട്രോക്കിന്റെ അനുഭവം പങ്കുവയ്ക്കുകയാണ്. അതാകട്ടെ മറ്റൊന്നും കൊണ്ടല്ല, നമ്മൾ നിസ്സാരമെന്നോ അവരുടെ കൊഞ്ചലെന്നോ വിചാരിക്കുന്ന ചില ഘടകങ്ങൾ അവരുടെ ജീവൻതന്നെ അവതാളത്തിലാക്കുമെന്ന തിരിച്ചറിവുകൊണ്ടാണ്. മറ്റൊരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ആ മാതാപിതാക്കാൾ തങ്ങളുടെ കുഞ്ഞിന്റെ അനുഭവം ഇവിടെ പങ്കുവയ്ക്കുന്നതും. 

ആമി മാർട്ടിന്റെയും അലക്സ് ജോൺസണിന്റെയും മകളാണ് ലെക്സി ജോൺസൺ. കുഞ്ഞിനു കാലിനു വേദനയുണ്ടെന്നും നടപ്പിൽ ചെറിയ വ്യത്യാസം കണ്ടപ്പോഴും അതവളുടെ കൊഞ്ചലിന്റെ ഭാഗമായിക്കണ്ട് ആസ്വദിക്കുകയാണ് ഇരുവരും ചെയ്തത്. സംസാരത്തിൽ അവ്യക്തതയും മുഖത്തിൽ രൂപവ്യത്യാസവും വന്നതോടെ കുഞ്ഞിനെയുമെടുത്ത് അവർ ആശുപത്രിയിലേക്ക് ഓടി. 

Image Courtesy : Facebook/Amyleigh Martin

എന്നാൽ തങ്ങളുടെ പിഞ്ചോമന പ്രകടിപ്പിച്ചത് സ്ട്രോക്കിന്റെ ലക്ഷണങ്ങളായിരുന്നെന്നു മനസ്സിലാക്കിയ ആ മാതാപിതാക്കൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. കൊഞ്ചൽ നടത്തമായിക്കണ്ട് അവർ ചിരിച്ചു കളഞ്ഞതായിരുന്നു കുഞ്ഞ് ആദ്യം പ്രകടിപ്പിച്ച ലക്ഷണം. ലക്സിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചു കിടക്കുകയായിരുന്നു. ഇത് ഓക്സിജൻ എത്തുന്നതിനു തടസ്സമായതായി ഡോകട്ർ പറഞ്ഞു. തലച്ചോറിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തീരെ ചുരുങ്ങിയവയുമായിരുന്നു.

സ്ട്രോക്കിനു ശേഷം വലതുഭാഗത്തെ പ്രവർത്തനശേഷി കുറഞ്ഞു. മൂന്നു വയസ്സുള്ള ലെക്സി ഇപ്പോൾഇടതു കൈ ഉപയോഗിച്ചാണ് എഴുതുന്നത്. സംസാരശേഷിയേയും ഇതു കാര്യമായി ബാധിച്ചു. ഇപ്പോൾ കുഞ്ഞ് സംസാരിച്ചു തുടങ്ങുന്നതേ ഉള്ളു.  

ഒരു ലക്ഷം കുട്ടികളെ എടുത്താൽ ഒരു വർഷം അഞ്ചു കുട്ടികളിൽ ചൈൽഡ്ഹുഡ് സ്ട്രോക്ക് ഉണ്ടാകുന്നുവെന്ന് സ്ട്രോക്ക് അസോസിയേഷൻ പറയുന്നു. 

Read more : ആരോഗ്യവാർത്തകൾ