തൊട്ടാൽ പൊട്ടുന്ന എല്ലുകൾ; പക്ഷേ മിഖേല യൂട്യൂബിലെ മിടുമിടുക്കി

കുട്ടിക്കാലത്ത് മിഖേലയെ ഒന്നു കൊഞ്ചിക്കാൻ പോലും ബന്ധുക്കൾക്ക് പേടിയായിരുന്നു. അവരെ കുറ്റം പറയാനാകില്ല. തൊട്ടുകഴിഞ്ഞാൽ ഒരു ചോക്കു പോലെ പൊട്ടിപ്പോകുന്ന എല്ലുകളായിരുന്നു അവൾക്ക്. എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുന്ന ആ ജനിതകരോഗാവസ്ഥയുടെ പേര്– ഓസ്റ്റിയോജെനെസിസ് ഇംപെർഫെക്റ്റ(Osteogenesis Imperfecta). ‘ബ്രിട്ട്ൽ ബോൺ ഡിസീസ്’ എന്നും ഇതിനു പേരുണ്ട്. എല്ലുകൾ എളുപ്പത്തിൽ പൊട്ടിപ്പോകും എന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. 

മിഖേലയ്ക്ക് ഇപ്പോൾ 18 വയസ്സായി. ഇതിനോടകം തൊണ്ണൂറിലേറെത്തവണ എല്ലുകൾ പൊട്ടിയിട്ടുണ്ട്. ഇരുപത്തിയഞ്ചിലേറെ ശസ്ത്രക്രിയകളും നടത്തി. ആരോഗ്യപരമായ പ്രശ്നങ്ങളെല്ലാം സഹിക്കാം, പക്ഷേ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലായിരുന്നു ഏറെ ഹൃദയഭേദകം. ആരോഗ്യപ്രശ്നം കാരണം സ്കൂളിലോ കോളജിലോ കാര്യമായ കൂട്ടുകാർ പോലുമില്ല. മിഖേലയുടെ അമ്മ െമലിസയ്ക്കും ഇതേ പ്രശ്നമുണ്ട്. അച്ഛൻ കെന്നെത്തിനാകട്ടെ സെറിബ്രൽ പാൾസിയും. പക്ഷേ ഇരുവരും ഈ പ്രശ്നങ്ങളെ ഭംഗിയായി അതിജീവിച്ചവരാണ്. അതിനാൽത്തന്നെ മിഖേലയ്ക്ക് ആത്മവിശ്വാസം പകരാൻ വീട്ടിൽത്തന്നെ ആളുണ്ട്. പിന്നെന്തിനു വെറുതെ മടിപിടിച്ചിരുന്ന്, കരഞ്ഞ് ജീവിതം കളയണം? 

ഈ ചോദ്യത്തിന് മിഖേല നൽകിയിരിക്കുന്ന ഉത്തരമാണ് ഏറെ പ്രശസ്തമായൊരു യൂട്യൂബ് ചാനലായി നമുക്ക് മുന്നിലുള്ളത്. Fun sized Style എന്നു പേരിട്ടിരിക്കുന്ന ചാനലിലൂടെ പ്രേക്ഷകർക്കായി ഫാഷൻ ടിപ്സ് വിഡിയോകളാണ് മിഖേല പുറത്തിറക്കുന്നത്. അതും പരമ്പരാഗതമായ രീതിയിലുള്ള ഗ്ലാമർ ടിപ്സ് അല്ല. ആർക്കു വേണമെങ്കിലും ഒന്നു ശ്രദ്ധിച്ചാൽ സുന്ദരിയായാകാം എന്നതിനാണ് മിഖേല തന്റെ വിഡിയോയിലൂടെ പ്രാമുഖ്യം നല്‍കുന്നത്. രണ്ടടി ആറിഞ്ച് ഉയരം മാത്രമുള്ള തന്നെപ്പോലുള്ളവർക്കു വേണ്ടിയും മിഖേലയുടെ സ്പെഷൽ ടിപ്സ് ഉണ്ട്. ഇതിനോടകം 32,000ത്തിലേറെപ്പേർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അതിങ്ങനെ കൂടിക്കൂടി വരികയുമാണ്. 16 ലക്ഷത്തിലേറെത്തവണ വിഡിയോകൾ കണ്ടുകഴിഞ്ഞു. കുട്ടിക്കാലത്ത് കിട്ടാതിരുന്ന സൗഹൃദങ്ങൾ വെബ്‌ലോകത്തു നിന്ന് ലഭിക്കുന്നതിന്റെ ആഹ്ലാദവും മിഖേല പങ്കുവയ്ക്കുന്നു. 

മുൻപാണെങ്കിൽ എല്ലുകൾ തൊട്ടാൽ പൊട്ടുമെന്ന അവസ്ഥയിലായിരുന്നു. എന്നാലിപ്പോൾ പ്രായമേറി വരും തോറും എല്ലുകളും ശക്തിപ്പെടുകയാണ്. അതിനാൽത്തന്നെ ജീവിതവും കുറേക്കൂടി കരുത്താർജിച്ചിരിക്കുന്നു. എങ്കിലും പൂർണമായും രോഗാവസ്ഥയിൽ നിന്ന് മുക്തമാകാറായിട്ടില്ല. ഇപ്പോഴും കാലുകളിൽ ‘മെറ്റൽ റോഡു’കളുണ്ട്. വീൽചെയറിലാണു സഞ്ചാരം. മാർക്കറ്റിങ്ങിൽ ബിരുദപഠനവും നടത്തുന്നുണ്ട് മിഖേല ഇപ്പോൾ. പഠനം പൂർത്തിയായിക്കഴിഞ്ഞാൽ വമ്പനൊരു ലക്ഷ്യവുമുണ്ട്. മിഷിഗണിൽ നിന്ന് താമസം ലോസ്ആഞ്ചൽസിലേക്കു മാറ്റണം. തുടർന്നൊരു ഫാഷൻ സംരംഭം തുടങ്ങണം.

നിലവിൽ മിഖേലയെപ്പോലുള്ളവർക്ക് കുട്ടികളുടെ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുക പതിവ്. പക്ഷേ കുട്ടികൾക്കു പറ്റിയ എഴുത്തും വരയുമൊക്കെയായിരിക്കും വസ്ത്രങ്ങളിലുണ്ടാകുക. 18 തികഞ്ഞവരൊക്കെ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതിൽ ഒരു അനൗചിത്യമുണ്ട്. തന്റേതു പോലെ ഈ പ്രശ്നം അനുഭവിക്കുന്നവർക്കായുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് വിൽപനയ്ക്കെത്തിക്കുകയാണ് മിഖേലയുടെ ലക്ഷ്യം. ‘ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടികളെ സാധാരണ സൗന്ദര്യസംരക്ഷണ മേഖലയിൽ കാണാനാകില്ല. അതിനൊരു മാറ്റം വരുത്തേണ്ടതുണ്ടെന്നു തോന്നി. അതുവഴി ചെറുപ്പക്കാർക്കൊരു മാതൃക സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണ്. അങ്ങനെയാണ് യൂട്യൂബ് ചാനലിന് തുടക്കമിടുന്നത്...’ മിഖേല പറയുന്നു. 

ഇങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ടായതിൽ ദൈവത്തെപ്പോലും കുറ്റപ്പെടുത്തില്ല മിഖേല. ഇങ്ങനെ വെല്ലുവിളികളെ നേരിട്ട് ജീവിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ദൈവം തന്നെ ഭൂമിയിലേക്കയച്ചതെന്നും അവരുടെ വാക്കുകൾ. എന്ത് ശാരീകപ്രശ്നമോ അസുഖമോ ഉണ്ടായാലും വിജയത്തിലേക്കുള്ള നിങ്ങളുടെ യാത്രാവഴിയിൽ അതിനെ ഒരു തടസ്സമായി കണക്കാക്കരുതെന്നാണ് മിഖേലയുടെ ഉപദേശം. അതിനാൽത്തന്നെ തന്റെ പുതിയ ഫാഷൻ സ്റ്റോർ ഒരുക്കാനുള്ള തയാറെടുപ്പിലാണവർ. ചുമ്മാ സ്വപ്നം കാണുകയല്ല, അത് യാഥാർഥ്യമാക്കാനുള്ള ഒരുക്കങ്ങളിലാണെന്നർഥം.