പിറന്നാൾപകലിൽ വീണുപോയതാണ് ആ കുരുന്ന്; ഇന്നും അരികിൽത്തന്നെയുണ്ട് ആ അമ്മ

കോളിന്റെ ഒന്നാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന്. അമേരിക്കയിലെ പിയോറിയയിലെ വീട്ടിൽ തലേന്ന് അച്ഛൻ റോബർട്ടും അമ്മ ജേക്കി ഹാൻസ്ബെർഗറും ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയ്ക്കാണ് ജേക്കി ശ്രദ്ധിച്ചത്, കൊച്ചുകോളിനൊരു ക്ഷീണം പോലെ! ഇടയ്ക്കിടെ ഉറക്കം തൂങ്ങിയെന്ന വണ്ണം തല താഴ്ന്ന് വീഴാൻ പോകുന്നു. നേരെ പിടിച്ചു നിർത്തിയിട്ടും രക്ഷയില്ല. വൈകിട്ടായതോടെ മുട്ടിലിഴയാൻ പോലുമാകാത്ത വിധം തളർന്നു കോൾ. കളിച്ചു ക്ഷീണിച്ചതാണെന്നു കരുതി ജേക്കി മകനെ ഉറക്കാൻ കിടത്തി. പിറന്നാൾ ദിവസവും കേക്കൊക്കെ മുറിച്ച് ആഘോഷിക്കുമ്പോഴും കോളിനൊരു വല്ലാത്ത ക്ഷീണം പോലെ. ഇടയ്ക്ക് പക്ഷേ തളർന്നു വീണ ആ മകനെ എടുത്ത അമ്മയുടെ ചങ്കു പിടച്ചു പോയി– വാടിയ താമരത്തണ്ടു പോലെ, ഒന്നെണീറ്റിരിക്കാൻ പോലും പറ്റാതെയായിരിക്കുന്നു അവന്. 

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് പാഞ്ഞു. പ്രാഥമിക പരിശോധനകൾ കഴിഞ്ഞതും ഡോക്ടർമാർ പറഞ്ഞു: കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഉടനെ മാറ്റുക. ഒട്ടും സമയം കളഞ്ഞില്ല, ആ മാതാപിതാക്കൾ കലിഫോർണിയയിലെ ഗ്ലെൻഡെയ്‌ലിലുള്ള മികച്ച ആശുപത്രികളിലൊന്നിൽ കോളിനെ അഡ്മിറ്റ് ചെയ്തു. വിദഗ്ധ പരിശോധനയിലാണറിഞ്ഞത്, കുഞ്ഞിന് ബോട്ടുലിസം ബാധിച്ചതാണ്. അമേരിക്കയിൽ പ്രതിവർഷം 110 പേരെ എന്ന കണക്കിൽ ബാധിക്കുന്ന രോഗമാണിത്. അവരിൽത്തന്നെ 72 ശതമാനവും കുഞ്ഞുങ്ങളും. വൃത്തിഹീനമായ പരിസത്തു നിന്നും മണ്ണിൽ നിന്നും ഭക്ഷണത്തിൽ നിന്നുമെല്ലാം ഒരു തരം ബാക്ടീരിയ (ക്ലോസ്ട്രീഡിയം ബൊട്ടുലിനം) വഴി പടരുന്ന രോഗമാണിത്. അടുത്തിടെ ന്യൂസീലൻഡിൽ നിന്നുള്ള പാലിൽ ഈ ബാക്ടീരിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഉൽപന്നങ്ങൾ ചൈന നിരോധിച്ചിരുന്നു. 

കോളിന് എങ്ങനെയാണ് ബോട്ടുലിസം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. പക്ഷേ ഓഗസ്റ്റ് ആറു മുതൽ അവൻ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലാണ്. ആശുപത്രിയിൽ അഡ്മിറ്റാക്കിയ ശേഷം അമ്മ ജേക്കി ഇതുവരെ വീട്ടിൽ പോയിട്ടില്ല. മുഴുവൻ സമയവും കോളിനു സമീപത്തുള്ള മോണിറ്ററിൽ നോക്കി, മകന്റെ ഓരോ ശ്വാസവും ശ്രദ്ധിച്ച് ഇരിക്കുകയാണ് ആ അമ്മ. വീട്ടിൽ കോളിന്റെ നാലു വയസ്സുകാരൻ ചേട്ടന്റെ കാര്യങ്ങൾ നോക്കുന്നത് റോബർടാണ്. ചില നേരത്ത് ഇതൊരു ദു:സ്വപ്നമായിരുന്നെങ്കിലെന്നു പോലും താൻ ആലോചിച്ചു പോകുകയാണെന്നു പറയുന്നു റോബർട്. പക്ഷേ യാഥാർഥ്യത്തിലേക്കു തിരിച്ചെത്തുമ്പോൾ നിശബ്ദനായി കിടക്കുന്ന മകന്റെ കണ്ണുകളിൽ നോക്കി കരയാനേ സാധിക്കുന്നുള്ളൂ. രണ്ടാഴ്ചയോളമായി, അവനെയൊന്ന് എടുക്കാൻ പോലും ആ അമ്മയ്ക്കോ അച്ഛനോ സാധിക്കുന്നില്ല.

അതിനിടെ കഴിഞ്ഞ ദിവസം പെട്ടെന്ന് കോളിന്റെ ശ്വാസഗതിയിലുമുണ്ടായി വ്യതിയാനം. പേശികൾ തളരുകയെന്നതാണ് ബോട്ടുലിസത്തിന്റെ പ്രധാന ലക്ഷണം. തല ഒടിഞ്ഞുതൂങ്ങിയതു പോലെയാകുന്നത് അതുകൊണ്ടാണ്. ശ്വസിക്കാൻ സഹായിക്കുന്ന പേശികളെയും ഇത് തളർത്തിക്കളയും. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം ഉറപ്പ്. ഇപ്പോൾ വെന്റിലേറ്ററിലാണ് കോൾ. അടുത്തിടെ കോളിന്റെ കാലുകൾക്കും കൈകൾക്കും നേർത്ത ചലനമുണ്ടായതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. അതിനാൽത്തന്നെ മടങ്ങി വരാനുള്ള സാധ്യതയും ഏറെ. കൃത്രിമ ശ്വസനോപകരണങ്ങളാൽ ജീവവായു നൽകിയും തൊണ്ട വഴി ട്യൂബിട്ട് പോഷകവസ്തുക്കൾ നൽകിയും ജീവൻ നിലനിർത്താനുള്ള കഠിനശ്രമത്തിലാണ് ഡോക്ടർമാർ.

പേശികൾക്ക് ബലം തിരികെ നൽകാനുള്ള ഫിസിയോതെറപ്പി ഉൾപ്പെടെ ഇനി ചെയ്യേണ്ടതുണ്ട്. പക്ഷേ അതിനു മാസങ്ങളെടുക്കും. എങ്കിലും കോൾ മിടുക്കൻകുട്ടനായി തിരികെ വരുമെന്നും ‍ഡോക്ടർമാർ പറയുന്നു. അരലക്ഷത്തോളം ഡോളറാണ് ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വരിക. സഹായം തേടി റോബർട് ‘ഗോഫണ്ട്മി’ വെബ്സൈറ്റിൽ അഭ്യർഥിച്ചിട്ടുണ്ട്. വിലാസം https://www.gofundme.com/bfc5py-baby-cole. ഒട്ടേറെ പേർ കോളിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ആറായിരത്തിലേറെ ഡോളർ ഇതിനോടകം സമാഹരിച്ചു. കോളിനു വേണ്ടി പ്രാർഥനകളും നിറയുകയാണ്. ആ മാതാപിതാക്കളും അതുതന്നെയാണ് ആവശ്യപ്പെടുന്നത്– ‘നിങ്ങളുടെ പ്രാർഥനകളിൽ അൽപനേരമെങ്കിലും ഞങ്ങളുടെ കുരുന്നിനു വേണ്ടി മാറ്റി വയ്ക്കണേ...’