Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്നോഫീലിയ തിരിച്ചറിയാം

eosinophilia

രക്തത്തിൽ ഇസ്നോഫീല്‍സിന്റെ അളവ് ക്രമാതീതമായി വർധിച്ചു കാണുന്ന അവസ്ഥയാണ് ഇസ്നോഫീലിയ. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ കാണപ്പെടുന്ന ഒരു അസുഖമാണിത്. രക്തത്തിലെ ശ്വേതരക്താണുക്കളിൽ കാണപ്പെടുന്ന ഒരു വിഭാഗമാണ് ഇസ്നോഫിൽസ്. ഇതിന്റെ സാധാരണയുള്ള അളവ് മൂന്നു മുതൽ നാലു ശതമാനം വരെയാണ്. ഈ അളവിൽ നിന്നും കൂടുമ്പോൾ രോഗാവസ്ഥ പ്രകടമായിത്തുടങ്ങും.

ഇസ്നോഫീലിയ തുടക്കത്തിലേ തിരിച്ചറിയുവാൻ കഴിയുന്ന ഒരു രോഗമാണ്. വരണ്ട ചുമ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. പകൽ തുടങ്ങുകയും രാത്രി കാലങ്ങളിൽ ശക്തമാകുകയും ചെയ്യുക എന്നതാണ് ചുമയുടെ രീതി. ചുമ കൂടുന്നതനുസരിച്ച് അതിന്റെ ആഘാതത്തിൽ നെഞ്ചിൽ വേദനയും അനുഭവപ്പെടും. ചുമയുടെ ആധിക്യത്തിൽ കഫവും പ്രകടമാകും. വിട്ടു വിട്ടുള്ള ചെറിയ പനി മറ്റൊരു ലക്ഷണമാണ്. ഉറക്കക്കുറവ് അനുഭവപ്പെടും. ശ്വാസത്തിന് തടസ്സങ്ങൾ നേരിടും. ചിലർക്ക് ശരീരം ചൊറിഞ്ഞു തടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. തൊണ്ടയിലും മൂക്കിലും പലപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടാം. ശരീരത്തിൽ ബലക്ഷയം അനുഭവപ്പെടും.

ചില ശരീര പ്രകൃതക്കാരിൽ ഈ രോഗം  മൂർധന്യത്തിലെത്തുമ്പോൾ ആമാശയത്തിന്റെയും കുടലിന്റെയും പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുവാൻ സാധ്യതയുണ്ട്. അലർജി ഇസ്നോഫീലിയയുടെ ഒരു കാരണമായി പറയപ്പെടുന്നുണ്ട്. വിട്ടുമാറാത്ത ചുമയും ജലദോഷവും പനിയും ശ്വാസതടസ്സവുമുള്ളവർ രക്ത പരിശോധന നടത്തുന്നത് നന്നായിരിക്കും. ഇസ്നോഫീലിയയുടെ ലക്ഷണങ്ങളും ആസ്മയുടെ ലക്ഷണങ്ങളും പലപ്പോഴും സമാനത പുലർത്തുന്നതാണ്. ഏതാണ് രോഗമെന്നു തിരിച്ചറിയുവാനും ചികിത്സിക്കുവാനും ഒരു ഡോക്ടറുടെ സേവനം അനിവാര്യമാണ്.