പ്രായം വെറും 11, കണ്ടാലോ ഒരു 60പറയും; അപൂർവരോഗവുമായി ഇന്ത്യൻ ബാലൻ

എട്ട് മടങ്ങ് വേഗത്തിൽ പ്രായം കൂടുന്ന അപൂർവരോഗവുമായി ഇന്ത്യൻ ബാലൻ. സാധാരണ മനുഷ്യരുടെ പ്രായം കൂടുന്നതിനെക്കാളും എട്ട് മടങ്ങ് വേഗത്തിൽ ശാരീരിക മാറ്റമുണ്ടാകുന്ന അവസ്ഥയാണ് മധ്യപ്രദേശ് സ്വദേശി ശ്രേയസ് ബാർമെത്തിനെ ബാധിച്ചത്. വെറും 11 വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ കണ്ടാൽ അറുപത് കഴിഞ്ഞ വൃദ്ധനാണെന്നേ പറയൂ. ലോകത്തിൽ ആകെ 150ൽ താഴെ കുട്ടികൾ മാത്രമാണ് ഇങ്ങനെയൊരവസ്ഥയുമായി ജനിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രോഗം ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനും പരിമിതികളുണ്ടെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.

തലയിൽ‌ കഷണ്ടിയും പ്രായാധിക്യവും കാണിക്കുന്ന ഈ രോഗം പ്രോജേറിയ എന്നാണ് അറിയപ്പെടുന്നത്. മറ്റു കുട്ടികളുടെതിനെ അപേക്ഷിച്ച് ശരീരത്തിന് ബലമില്ലാത്ത അവസ്ഥയും ശ്രേയസ് നേരിടുന്നു. ഇത്തരം രോഗാവസ്ഥയുടെ കഥ പറയുന്ന ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ എന്ന ചിത്രം നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതില്‍ നിന്നാണ് പ്രൊജേറിയ എന്ന് ഈ രോഗം അറിയപ്പെടാൻ തുടങ്ങിയത്. ഇത്തരം ഒരവസ്ഥ തനിക്കുണ്ടെങ്കിലും തന്റെ സ്വപ്നങ്ങളെ അതൊരിക്കലും ബാധിക്കില്ലെന്ന് ശ്രേയസ് പറയുന്നു. സംഗീതോപകരണങ്ങൾ വായിക്കുന്നതിനും പാട്ടു പാടുന്നതിനും സൈക്കിളോടിക്കുന്നതിനുമൊന്നും ഇത് തടസ്സമല്ലെന്ന് ശ്രേയസ് വിശ്വസിക്കുന്നു. പ്രശസ്തനായ ഒരു പാട്ടുകാരനാകുകയെന്നതാണ് ശ്രേയസിന്റെ ഏറ്റവും വലിയ സ്വപ്നം.

അസാധാരണമായ പ്രോട്ടീൻ നിര്‍മിക്കുന്ന ഹച്ചിൻസൺ ഗില്‍ഫോർഡ് പ്രോജേറിയ സിൻഡ്രോം എന്നാണ് ഈ രോഗത്തെ ഡോക്ടര്‍മാർ വിളിക്കുന്നത്. ഇത്തരം  പ്രോട്ടീനുകളടങ്ങിയ കോശങ്ങൾ ശരീരത്തെ വേഗത്തിൽ പ്രായം കൂടാൻ പ്രേരിപ്പിക്കുന്നതായാണ് കണ്ടെത്തല്‍. പ്രോജേറിയ ബാധിച്ച രോഗികൾ സാധാരണയായി പതിമൂന്ന് വയസ്സിനകം ഹൃദയാഘാതമോ പക്ഷാഘാതമോ ബാധിച്ച് മരിക്കാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 21 കാരനായ രൂപേഷ് കുമാറാണ് ഇത്തരക്കാരിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.