Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശസ്ത്രകിയയ്ക്കു മുൻപ് ആഹാരം ഒഴിവാക്കുന്നത് എന്തിന് ?

anasthesia

രോഗിയെ അബോധാവസ്ഥയിലാക്കുന്നതിനോ ശരീരഭാഗങ്ങൾ മരവിപ്പിക്കുന്നതിനോ ഉള്ള മാർഗമാണ് അനസ്തീസിയ. സിരകളിലൂടെ കുത്തിവച്ചോ വാതകങ്ങൾ ശ്വസിപ്പിച്ചോ പൂർണമായും അബോധാവസ്ഥയിലാക്കുന്നതു ജനറൽ അനസ്തീസിയ. 

ശരീരത്തിന്റെ ഏതെങ്കിലും ഒരുഭാഗം മാത്രം മരവിപ്പിക്കുന്നതു റീജനൽ അനസ്തീസിയ. ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തു മാത്രം മരുന്നുകൾ കുത്തിവയ്ക്കുന്ന ലോക്കൽ അനസ്തീസിയ, ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേക്കുള്ള നാഡിയെയോ നാഡീവ്യൂഹത്തെയോ മരവിപ്പിക്കുന്ന പെരിഫെറൽ നെർവ് ബ്ലോക്ക്, നട്ടെല്ലില്ലൂടെ മരുന്നുകൾ കുത്തിവച്ചു നെഞ്ചിനു താഴെ മാത്രം മരവിപ്പിക്കുന്ന സ്പൈനൽ അനസ്തീസിയ എന്നിങ്ങനെ റീജനൽ അനസ്തീസിയ പലതുണ്ട്. 

ശസ്ത്രക്രിയാ മുറിയിൽ മാത്രം ഒതുങ്ങുന്നതല്ല അനസ്തീസിയ എന്ന വൈദ്യശാസ്ത്രവിഭാഗം. വേദനാനിവാരണം, അടിയന്തര പരിചരണം തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും. 

ശസ്ത്രക്രിയയ്ക്കു മുൻപു ഭക്ഷണം കഴിക്കരുതെന്നു പറയുന്നത് എന്തുകൊണ്ട്? 

മയക്കുന്ന സമയത്ത് ആ ഭക്ഷണം ഛർദിക്കാനോ ശ്വാസകോശത്തിലേക്കു ഭക്ഷണാംശങ്ങൾ പോകാനോ സാധ്യതയുണ്ട്. ഐവി ഫ്ലൂയിഡ് നൽകുന്നതിനാൽ ഭക്ഷണം കഴിച്ചില്ലെങ്കിലും രോഗിക്കു ക്ഷീണമുണ്ടാകില്ല. ശസ്ത്രക്രിയയ്ക്ക് 3–4 മണിക്കൂർ മുൻപു വരെ മാത്രമെ വെള്ളവും കുടിക്കാവൂ. 

ആഭരണങ്ങൾ മാറ്റുന്നത് എന്തിനാണ്? 

ശസ്ത്രക്രിയാ സമയത്തു പല ഇലക്ട്രിക്കൽ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ചാർജ് ലോഹങ്ങളിൽ കേന്ദ്രീകരിക്കാനും ചെറിയ പൊള്ളൽ ഉണ്ടാകാനും സാധ്യതയുള്ളതിനാലാണ് ആഭരണങ്ങൾ മാറ്റുന്നത്. 

കൃത്രിമപല്ലുകൾ, കോൺടാക്ട് ലെൻസ് എന്നിവ മാറ്റുന്നത് എന്തിന്? 

ബോധം കെടുത്തുന്ന സമയത്തു പല്ലുകൾ വിട്ടു പോകാനോ തൊണ്ടയിലോ ശ്വാസകോശത്തിലോ കുടുങ്ങാനോ സാധ്യതയുണ്ട്. ഊരിപ്പോകാത്ത തരത്തിൽ ഉറപ്പിച്ച പല്ലുകളാണെങ്കിൽ മാറ്റേണ്ട കാര്യമില്ല. ശസ്ത്രക്രിയാ സമയത്തു കണ്ണുകൾ പൂർണമായി അടഞ്ഞിരിക്കണം. കണ്ണിൽ മരുന്നുകളും മറ്റും ഒഴിക്കേണ്ടതായും വരും. അതുകൊണ്ടാണു കോൺടാക്ട് ലെൻസുകൾ മാറ്റുന്നത്. 

അനസ്തീസിയ കഴിഞ്ഞാൽ തൊണ്ടവേദന വരുന്നത് എന്തുകൊണ്ട്? 

ജനറൽ അനസ്തീസിയയുടെ സമയത്ത് എൻഡോട്രക്കിയൽ ട്യൂബ് എന്ന ചെറിയ പ്ലാസ്റ്റിക് കുഴൽ ശ്വാസനാളിയിൽ കൂടി ഇറക്കേണ്ടി വരാം. അനസ്തീസിയയ്ക്കു വേണ്ട വാതകങ്ങളും ഓക്സിജനും ഇതിലൂടെയാണു നൽകുന്നത്.

അതു കൂടുതൽ സമയം വയ്ക്കുകയാണെങ്കിൽ ചെറിയ തൊണ്ടവേദന ഉണ്ടായേക്കാം. അതു വലിയ ഗൗരവമായ പാർശ്വഫലമല്ല. ഒന്നു രണ്ടുദിവസം കൊണ്ടു മാറും. വേദനാസംഹാരികളും ആവിപിടിക്കലും ആവശ്യമായി വന്നേക്കാം. സ്പൈനൽ അനസ്തീസിയയ്ക്കു ശേഷം അപൂർവം ചിലരിൽ തലവേദന ഉണ്ടാകാറുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇതും മാറും. വിശ്രമവും ശരീരത്തിൽ ജലാംശം കുറയാതിരിക്കാനുള്ള ശ്രദ്ധയും വേണം. വേദനസംഹാരികളും വേണ്ടിവരാം. ഓക്കാനവും ഛർദിയും ചിലരിൽ കൂടുതലായി കണ്ടേക്കാം. അതു മരുന്നുകൾ കൊണ്ടു കുറയ്ക്കാം. 

സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ ശസ്ത്രക്രിയയ്ക്കു മുൻപും കഴിക്കാമോ? 

പ്രമേഹം, തൈറോയ്ഡ്, രക്തസമ്മർദം തുടങ്ങി വിവിധ രോഗങ്ങൾക്കു തുടർച്ചയായി കഴിക്കുന്ന മരുന്നുകളെക്കുറിച്ചു രോഗിയെ ചികിൽസിക്കുന്ന ഡോക്ടർക്കു വ്യക്തമായ ധാരണയുണ്ടാകും. ഇതു കൂടാതെ, പ്രീ അനസ്തീസിയ കൺസൽറ്റേഷന്റെ സമയത്ത് അനസ്തെറ്റിസ്റ്റ് ഇക്കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും. ചില മരുന്നുകൾ നിർത്തേണ്ടതായി വരാം. ചിലതു തുടരാം. ചിലപ്പോൾ ചില മരുന്നുകൾ കുത്തിവയ്പിലേക്കു മാറ്റേണ്ടതായും വരാം. ഇക്കാര്യങ്ങളെല്ലാം രോഗിയെ അറിയിക്കും. സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കാൻ രോഗിയോ ബന്ധുക്കളോ മടിക്കരുത്. 

പുകവലിയും ലഹരി വസ്തുക്കളും അനസ്തീസിയയെ ബാധിക്കുമെന്നതിനാൽ അവ ഒഴിവാക്കണം. ആർത്തവ സമയത്തു ശസ്ത്രക്രിയകൾ ഒഴിവാക്കുന്നതാണു നല്ലത്. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഗർഭകാലത്ത് ശസ്ത്രക്രിയകൾ നടത്താറുള്ളൂ. അടിയന്തര സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ചെയ്യേണ്ടി വരുമ്പോൾ മുന്നൊരുക്കങ്ങളും മറ്റും സാധ്യമായില്ലെന്നു വരും. അത്തരം ഘട്ടങ്ങളിൽ അതിസൂക്ഷ്മതയോടെയാണ് അനസ്തീസിയ നൽകുക. 

സ്പൈനൽ അനസ്തീസിയ മൂലം നടുവേദനയും ഡിസ്ക്  പ്രൊലാപ്സും വരുമോ? 

ഇതിൽ തീരെ ചെറിയ സൂചികളാണ് ഉപയോഗിക്കുന്നത്. അതു നട്ടെല്ലിന്റെ ഡിസ്കിൽ തട്ടുന്നതേയില്ല. എപ്പിഡ്യൂറൽ അനസ്തീസിയയിൽ സുഷുമ്നാ കാണ്ഡത്തിന്റെ (സ്പൈനൽ കോഡ്) ആവരണത്തിന്റെ പുറത്താണു മരുന്നുകൾ നിക്ഷേപിക്കുന്നത്. ഇതിലും നടുവേദന വരാനുള്ള സാധ്യത വളരെ കുറവാണ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ അനസ്തീസിയ ഇപ്പോൾ മുൻപത്തെക്കാൾ സുരക്ഷിതമാണ്. 

പ്രസവത്തിന് അനസ്തീസിയ കൊടുക്കുമ്പോൾ 

സാധാരണ പ്രസവത്തിൽ വേദനയില്ലാതാക്കാൻ ലേബർ അനാൾജീസിയ ആവശ്യമെങ്കിൽ നൽകാറുണ്ട്. സിസേറിയനാണെങ്കിൽ ലേബർ അനസ്തീസിയ കൊടുക്കും. നട്ടെല്ലിൽ കൂടി കുത്തിവയ്പ് എടുക്കുന്നതിലൂടെ ശസ്ത്രക്രിയാഭാഗം മരവിപ്പിച്ചോ മുഴുവനായും ബോധം കെടുത്തിയോ സിസേറിയൻ ചെയ്യാം. രോഗിയുടെ അവസ്ഥ, ആരോഗ്യസ്ഥിതി, ആവശ്യം തുടങ്ങി വിവിധ ഘടകങ്ങൾ അനുസരിച്ചാണ് ഇതിൽ ഏതു വേണമെന്നു തീരുമാനിക്കുന്നത്. 

വിവരങ്ങൾ: ഡോ. പി.ശശിധരൻ, 

ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീസിയോളജിസ്റ്റ് കേരള ഘടകം പ്രസിഡന്റ്, 

പെരിന്തൽമണ്ണ മൗലാന ആശുപത്രി അനസ്തീസിയ മേധാവി.

Read More : Health News

related stories