Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശസ്ത്രക്രിയയ്ക്കിടെ ബോധം വീണു; ശേഷം ജീവിതത്തിൽ സംഭവിച്ചത്?

fen

ശസ്ത്രക്രിയയുടെ ഇടയ്ക്ക് രോഗി പെട്ടെന്നു ബോധത്തിലേക്ക്‌ കണ്ണ്തുറന്നാലോ? ചിന്തിക്കാന്‍ പോലും കഴിയുന്നില്ല അല്ലെ? എന്നാല്‍ ബ്രാഡ്ഫോര്‍ഡിലെ ഫെന്‍ സിയാറ്റില്‍ എന്ന 25 കാരന്റെ അനുഭവം ഇതായിരുന്നു. അപ്പെന്‍ഡിക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്.

അനസ്തേഷ്യ നല്‍കുന്നതില്‍ നഴ്സിന്റെ ഭാഗത്തു നിന്നുണ്ടായ അപാകതയാണ് സംഭവത്തിനു കാരണമായത്. ഹട്ടെര്‍ഫീല്‍ഡ് റോയല്‍ ആശുപത്രിയിലായിരുന്നു ഫെന്നിന്റെ ശസ്ത്രക്രിയ. വിദേശി നഴ്സ് ആയിരുന്നു ഫെന്നിന്നോപ്പം ഉണ്ടായിരുന്നത്. ഇംഗ്ലീഷ് നന്നായി അറിയാത്ത അവര്‍ ഫെന്നിനില്‍ നിന്നും ശേഖരിച്ച ആരോഗ്യസംബന്ധമായ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് വഴിവച്ചത്. 

ശസ്ത്രക്രിയയ്ക്കിടെ ഉണര്‍ന്ന ഫെൻ താൻ ബോധാവസ്ഥയിലാണെന്ന് ഡോക്ടർമാരെ അറിയിക്കാന്‍ ഒടുവില്‍ ഓപ്പറേഷന്‍ ടേബിളില്‍ മൂത്രം ഒഴിക്കേണ്ടി വന്നു. മുറിവിന്റെ വേദന സഹിക്കാന്‍ കഴിയാതെ താന്‍ മരണത്തിലേക്ക് വീഴുകയാണെന്നാണു ഫെന്‍ കരുതിയത്‌. തന്റെ ജീവിതത്തിലെ പേടിസ്വപ്നം എന്നാണ് ആ സംഭവത്തെ കുറിച്ചു ഇപ്പോഴും ഫെന്‍ പറയുന്നത്.

വായിലൂടെ ട്യൂബ് ഇട്ടിരുന്നതിനാൽ ശബ്ദിക്കാന്‍ സാധിച്ചില്ല. കയ്യോ കാലോ ചലിപ്പിക്കാന്‍ സാധിക്കാതെ തളർന്ന അവസ്ഥയിലായിരുന്നു. അതിനാലാണ്  മൂത്രം ഒഴിച്ച് താന്‍ ഉണര്‍ന്ന വിവരം ധരിപ്പിക്കേണ്ട ഗതികേട് ഉണ്ടായതെന്ന് ഫെന്‍ പറയുന്നു.

2016 മാര്‍ച്ച് മാസമായിരുന്നു ഈ സംഭവം. അനസ്തേഷ്യയിലെ പിഴവ് തന്നെയാണ് ഫെന്നിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നു പിന്നീട് ആശുപത്രിയില്‍ നിന്നു തന്നെ സ്ഥിരീകരണം ഉണ്ടായി. അതിനവര്‍ മാപ്പും പറഞ്ഞു. മാത്രമല്ല വലിയൊരു തുക ഫെന്നിനു ആശുപത്രി നഷ്ടപരിഹാരവും നല്‍കി. 

ഫെന്നിന്റെ ഉയരവും ഭാരവും ശരിയായി രേഖപ്പെടുന്നുതില്‍ നഴ്സിനുണ്ടായ അപാകതയാണ് ഇതിനു കാരണമായത്‌.  ആവശ്യമായ അളവില്‍ മയങ്ങാന്‍ മരുന്ന് നല്‍കാതിരുന്നതിനാലാണ് ശസ്ത്രക്രയയ്ക്കിടെ ഉണർന്നത്. സംഭവത്തിനു ശേഷം ദീര്‍ഘനാള്‍ ഫെന്നിനു പോസ്റ്റ്‌ ട്രോമട്ടിക് സ്ട്രെസ് ഉണ്ടായിരുന്നു. തുടര്‍ച്ചയായി ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ നാളുകളോളം ഫെന്നിനെ വേട്ടയാടി. ഉറങ്ങാന്‍ കിടന്നാല്‍ ശരീരം കീറി മുറിക്കുന്ന പോലെ തോന്നലുകള്‍ പലപ്പോഴും ഫെന്നിന്റെ മാനസികനില തന്നെ തകര്‍ത്തിരുന്നു. വളരെ കഷ്ടപെട്ടാണ് ഒടുവില്‍ ഫെന്‍ അതില്‍ നിന്നെല്ലാം ഇപ്പോൾ മോചിതനായത്.

Read More : Health News