നെഞ്ചെരിച്ചില്‍ അവഗണിക്കരുത്, ആമാശയകാന്‍സറിന്റെ ലക്ഷണമാകാം

മിക്കവര്‍ക്കും അടിക്കടിയുണ്ടാകുന്ന ഒരു പ്രശ്നമാണ് നെഞ്ചെരിച്ചില്‍. സാധാരണ നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ തന്നെ പ്രതിവിധി തേടുകയാണ് മിക്കവരും ചെയ്യുന്നത്. എന്തെങ്കിലും ഗ്യാസ് ഗുളികകള്‍ കഴിച്ചോ, ഇഞ്ചി നീരോ, ഉലുവാവെള്ളമോ, രസമോ കുടിച്ചു നെഞ്ചെരിച്ചിലിനു  നമ്മള്‍ പരിഹാരം കണ്ടെത്തും. 

പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. 

എന്നാല്‍ ഈ നെഞ്ചെരിച്ചിലിനെ അങ്ങനെ അങ്ങ് തള്ളികളയാന്‍ വരട്ടെ. 

അടിക്കടിയുണ്ടാകുന്ന നെഞ്ചെരിച്ചില്‍ ചിലപ്പോള്‍ ആമാശയകാന്‍സറിന് സാധ്യതയുണ്ടാക്കാം എന്ന് വിദഗ്ധര്‍. തുടരെത്തുടരെയുള്ള നെഞ്ചെരിച്ചില്‍ ഗ്യാസ്ട്രിക് കാന്‍സര്‍ സാധ്യതയാകാം എന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

സാധാരണകാന്‍സര്‍ ലക്ഷണങ്ങളെ അപേക്ഷിച്ചു വളരെ സാവധാനത്തില്‍ മാത്രം കണ്ടുപിടിക്കപെടുന്ന ഒന്നാണ് ആമാശയകാന്‍സര്‍. 

അടിക്കടിയുണ്ടാകുന്ന വയറു വേദന, ചെറിയ അളവില്‍ ആഹാരം കഴിച്ചാല്‍ പോലും പെട്ടെന്ന് വയര്‍ നിറഞ്ഞ അവസ്ഥ തോന്നുക, മലത്തില്‍ രക്തം കാണപ്പെടുക, തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, ദഹനക്കേട്‌, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ ആമാശയകാന്‍സറിനുള്ള ലക്ഷണമാകാം. 

ഏഷ്യ, സൗത്ത് ആഫ്രിക്ക  എന്നിവിടങ്ങളിലെ ആളുകള്‍ക്ക് ആമാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് പുരുഷന്മാരില്‍, സ്ഥിരമായി പുകവലിക്കുന്നവരില്‍, മദ്യപിക്കുന്നവരില്‍ എല്ലാം. അതുപോലെ ധാരാളം ഇറച്ചിയാഹാരങ്ങള്‍, ഉപ്പ് കൂടുതലായുള്ള ഭക്ഷണം എന്നിവയും ഈ സാധ്യത കൂട്ടുന്നു.

വയറ്റില്‍ എവിടെ വേണമെങ്കിലും കാന്‍സര്‍ വളരാം. രോഗം ബാധിക്കുന്ന ഭാഗത്തെ ആശ്രയിച്ചാണ്‌ ചികിത്സ നിശ്ചയിക്കുന്നത്. കീമോതെറാപ്പി, കീമോറേഡിയോതെറാപ്പി, ബയോതെറാപ്പി, ശാസ്ത്രക്രിയ എന്നിങ്ങനെ പലവിധത്തിലാണ് ഇതിനു ചികിത്സ. ചെറിയ ട്യൂമറുകള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാന്‍ കഴിയുമെങ്കിലും വലിയ ട്യൂമറുകള്‍ ബാധിച്ചാല്‍ മേൽപ്പറഞ്ഞ പലതരത്തിലെ ചികിത്സകള്‍ ആവശ്യമായി വന്നേക്കാം.

Read More : ആരോഗ്യവാർത്തകൾ