നടുവേദന നിസ്സാരമാക്കല്ലേ...

നടുവേദന വന്നാൽ വേദന സംഹാരി കഴിച്ച് താൽക്കാലികാശ്വാസം തേടുന്നവരാകും പലരും. എന്നാൽ ഈ നടുവേദനയെ നിസ്സാരമായി കാണരുതേ. തുടർച്ചയായി നീണ്ടുനിൽക്കുന്ന നടുവേദന ശ്വാകോശാർബുദത്തിന്റെ ലക്ഷണമാകാം. 

ശ്വാകോശാർബുദം പുകവലിശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലിക്കാത്തവർക്കും ശ്വാസകോശാർബുദം ബാധിക്കാമെങ്കിലും പുകവലിക്കുന്നവരിൽ അഞ്ചിൽ നാലുപേർക്കും ഈ രോഗം ഉണ്ടാകാം. മറ്റ് അർബുദങ്ങളെപ്പോലെ ഇത് തിരിച്ചറിയാൻ പ്രയാസമാണ് കാരണം ശ്വാസകോശത്തിലെ മിക്ക മുഴകളും (tumour) ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. വലിയ ട്യൂമറുകൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകാം. 

യു.എസിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ നടുവേദന ശ്വാകോശാർബുദത്തിന്റെ  ലക്ഷണമാകാം എന്നു കണ്ടു. നിരവധി പഠനങ്ങൾ പരിശോധിച്ചതിൽ നിന്നും ശ്വാസകോശാർബുദം ബാധിച്ച 47 ശതമാനം പേരും കഠിനമായ പുറംവേദന മൂലം വിഷമിച്ചിരുന്നതായി കണ്ടു. 

തീരെ ചെറിയ വേദന മുതൽ അതികഠിനമായ നടുവേദന വരെ ലങ് കാൻസറിന്റെ ലക്ഷണമാകാം. പുരുഷൻമാരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് ശ്വാസകോശാർബുദം. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും ലങ് കാൻസർ അഥവാ ശ്വാസകോശാർബുദം തന്നെയാണ്. 

രോഗം തിരിച്ചറിയപ്പെടുന്ന ഘട്ടം, രോഗിയുടെ പൊതുവായ ആരോഗ്യം മുതലായവ അനുസരിച്ചാകും രോഗശമനത്തിനുള്ള സാധ്യത. മിക്ക കേസുകളും തിരിച്ചറിയാൻ വൈകുന്നതു കൊണ്ടു ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാറില്ല. ശസ്ത്രക്രിയ, കീമോതെറപ്പി, റേഡിയോ തെറപ്പി ഇവയാണ് സാധാരണ ചികിത്സാ മാർഗങ്ങൾ. 

പുകവലിക്കാതിരിക്കുക, വായുമലിനീകരണം തടയുക എന്നീ മാർഗങ്ങൾ അവലംബിച്ചാൽ രോഗസാധ്യത കുറയ്ക്കാൻ സാധിക്കും. ഒരു ചെറിയ നടുവേദന പോലും നിസ്സാരമായി കാണാതിരിക്കുക. ശരീരം നൽകുന്ന ചില സൂചനകളാകാം അത്. 

Read More : Health News