ഇവരെ ഒന്നിപ്പിച്ചത് കാൻസർ; അപൂര്‍വമായൊരു പ്രണയകഥ

ലൂസി കലാനിധിയും ജോണ്‍ ഡബര്‍സ്തീനും ജീവിതത്തില്‍ ഒന്നിച്ചു പോകാന്‍ തീരുമാനിച്ചത് വളരെ വ്യത്യസ്തമായൊരു സാഹചര്യത്തിലാണ്. രണ്ടുപേരെയും ഒന്നിപ്പിച്ചത് കാന്‍സര്‍ എന്ന രോഗവും. രണ്ടാളും കടന്നു വന്നത് ഏറ്റവും പ്രിയപ്പെട്ടവര്‍ കാന്‍സറിന്റെ നീരാളിപിടുത്തത്തിലകപെട്ടുപോയ കാഴ്ച കണ്ടുകൊണ്ട്. 

2016 ലായിരുന്നു ജോണും ലൂസിയും കണ്ടുമുട്ടുന്നത്. സ്തനാർബുദത്തെക്കുറിച്ച് ജോണിന്റെ ഭാര്യ നൈന ന്യൂയോര്‍ക്ക്‌ ടൈംസില്‍ എഴുതിയ ലേഖനമായിരുന്നു ലൂസിയെ നൈനയുമായി അടുപ്പിച്ചത്. ലേഖനം വായിച്ച ലൂസി നൈനയെ ബന്ധപ്പെടുകയായിരുന്നു. നൈനയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് അവളുടെ ഭര്‍ത്താവ് ജോണിനെ ലൂസി പരിചയപ്പെടുന്നത്. 

2015 ല്‍ ശ്വാസകോശാര്‍ബുദം ബാധിച്ചായിരുന്നു ലൂസിയുടെ ഭര്‍ത്താവ് പോള്‍ കലാനിധി മരിക്കുന്നത്. ആ വേദനകള്‍ നൽകിയ അനുഭവമാണ് നൈനയുടെ അടുത്ത് ലൂസിയെ എത്തിച്ചത്. മരണത്തോട് മല്ലിട്ട് കഴിഞ്ഞിരുന്ന നൈന തന്നെയാണ് ഭര്‍ത്താവ് ജോണിനോട്‌ എന്തുകൊണ്ട് ലൂസിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു കൂടാ എന്നു ചോദിച്ചത്. 

പക്ഷേ അന്ന് അതിനൊരു ഉത്തരം നല്‍കാന്‍ ജോണിന് കഴിഞ്ഞിരുന്നില്ല. വൈകാതെ നൈന ജോണിനോട്ു വിടപറഞ്ഞു. 

നൈനയുടെ മരണത്തിനു ശേഷം ജോണ്‍ ലൂസിയുമായി ഇടയ്ക്കിടെ ഇ മെയില്‍ വഴി സംസാരിക്കുമായിരുന്നു. സമാനദുഃഖിതരായ രണ്ടുപേരുടെ ആശയവിനിമയം മാത്രമായിരുന്നു അതിനു പിന്നില്‍. വാക്കുകളിലൂടെ രണ്ടുപേരും കൂടുതല്‍ സുഹൃത്തുക്കളായി. 

കലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആണ് ലൂസി. ജോണ്‍ നോര്‍ത്ത് കരോലിനയില്‍ വക്കീലും. 

മാസങ്ങള്‍ കഴിയവേ ഇരുവരും മനസ്സുകൊണ്ട് ഒന്നാകാന്‍ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെയും സുഹൃത്തുകളെയും വിവരമറിയിച്ച് ഇരുവരും വിവാഹിതരായി. ഇപ്പോള്‍ ലൂസിയുടെ മകളും ജോണിന്റെ രണ്ടു ആണ്‍കുട്ടികളും ന്യൂയോര്‍ക്കില്‍ സന്തോഷത്തോടെ കഴിയുന്നു. രണ്ടാള്‍ക്കും ജോലി രണ്ടു സ്ഥലങ്ങളിലായതിനാൽ ഒരു സ്ഥലത്തേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ് ഇവര് ഇപ്പോൾ‍.

Read More : Health News