Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലേഗിനെക്കാള്‍ മാരകമായ 'ബ്ലീഡിങ് ഐ ഫിവര്‍' പടരുന്നു; അതീവഗൗരവമെന്നു ലോകാരോഗ്യസംഘടന

bleeding-eye-fever

പ്ലേഗിനേക്കാള്‍ മാരകമായ 'ബ്ലീഡിങ് ഐ ഫിവര്‍' ആഫ്രിക്കയില്‍ പിടിമുറുക്കുന്നുന്നെന്നു സൂചന. സൗത്ത് സുഡാനില്‍ കഴിഞ്ഞ ഡിസംബറില്‍ ഈ രോഗം ബാധിച്ചു മൂന്നു പേർ മരണമടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഒരു ഒന്‍പതുവയസ്സുകാരി കൂടി ഈ അജ്ഞാത രോഗത്താല്‍ മരണമടഞ്ഞതോടെയാണ് ലോകം ഇതിന്റെ ഗൗരവം മനസ്സിലാക്കിത്തുടങ്ങിയത്.

എന്നാല്‍ ഇതിനോടകം നിരവധിപേരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടാകാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ രോഗം ബാധിച്ചാല്‍ കണ്ണില്‍ നിന്നു രക്തം വരുന്നതിനാലാണ് 'ബ്ലീഡിങ് ഐ ഫിവര്‍' എന്നു പറയുന്നത്. 2014-16 കാലയളവില്‍ ആഫ്രിക്കയെ പിടിച്ചുകുലുക്കിയ എബോളയേക്കാള്‍ ഭീകരമാകാം ഈ രോഗമെന്നാണ് ഡോക്ടർമാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ഒരു ഗര്‍ഭിണിയുൾപ്പടെ മൂന്നു പേരാണ് ഡിസംബറില്‍ ഈ രോഗബാധ നിമിത്തം സൗത്ത് സുഡാനില്‍ മരണമടഞ്ഞത്. നിലവില്‍ അറുപതുപേര്‍ രോഗബാധയുണ്ടോ എന്ന നിരീക്ഷണത്തിലാണ്. സുഡാന്‍ ഹെല്‍ത്ത്‌ കെയര്‍ മിഷന്റെ കീഴിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നു ലോകാരോഗ്യസംഘടന അറിയിച്ചു.

സുഡാന്റെ അയല്‍രാജ്യമായ ഉഗാണ്ടയില്‍ കഴിഞ്ഞ ദിവസം ഇതേരോഗത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി മരിച്ചതോടെ  സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവകരമായിരിക്കുകയാണ്. ക്രിമിയന്‍ കോങ്ഗോ ഹെമറാജിക് ഫിവര്‍ (Crimean-Congo hemorrhagic fever ) എന്നാണ് ഈ രോഗത്തിന്റെ യഥാര്‍ഥ പേര്. 

ചെള്ളില്‍ നിന്നാണ് രോഗം മനുഷ്യനിലേക്കു പടരുന്നത്‌. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയും  പകരാന്‍ സാധ്യതയുണ്ട്. കടുത്ത തലവേദന, ഛര്‍ദ്ദി‍, ശരീരം വേദന, വയറിളക്കം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടക്കത്തില്‍ സാധാരണപനിയുടെ ലക്ഷണങ്ങള്‍ മാത്രമാകും ഉണ്ടാകുക. എന്നാല്‍ വൈകാതെ രോഗി രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയും കണ്ണില്‍ നിന്നും മറ്റു സ്വകാര്യഭാഗങ്ങളില്‍ നിന്നും രക്തസ്രാവം ആരംഭിക്കുകയും ചെയ്യുന്നു.

രോഗം ബാധിച്ച ആളുമായുള്ള സമ്പര്‍ക്കം വഴിയാണ് മറ്റുള്ളവരിലേക്കു പടരുന്നത്‌. രോഗം ബാധിച്ചയാള്‍ മരിക്കാനുള്ള സാധ്യത 40 ശതമാനമാണ് എന്നാണു ഡോക്ടർമാര്‍ പറയുന്നത്. ഇത് നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ സുഡാന്റെ അയൽരാജ്യങ്ങള്‍ക്കും ഇത് ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Read More : Health News

related stories