തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും പൊത്തിപിടിക്കരുതേ...!

നാലു പേര്‍ കൂടുന്നിടത്തോ ആള്‍കൂട്ടത്തിനു നടുവില്‍ വച്ചോ തുമ്മല്‍ വന്നാല്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ മൂക്കും വായും കൂടി പൊത്തിപ്പിടിക്കുന്നത്‌ മിക്കവരുടെയും ശീലമാണ്. എന്നാല്‍ ഇത് വളരെ അപകടകരമായൊരു പ്രവണതയാണെന്ന് ഡോക്ടർമാര്‍ പറയുന്നു.

നിസ്സാരമെന്നു നാം കരുതുന്ന ഈ പ്രവര്‍ത്തി നിമിത്തം ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങളോ എന്തിനു മരണം വരെ സംഭവിക്കാമെന്നു ഡോക്ടർമാര്‍ മുന്നറിയിപ്പു നൽകുന്നു. തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും പൊത്തിപിടിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മർദഫലമായി ചെവിക്കെല്ലിനു പരിക്ക്, തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് പൊട്ടല്‍, തൊണ്ടയില്‍ മുറിവ് എന്നിവ ഉണ്ടാകാം.

അടുത്തിടെ അമേരിക്കയില്‍  34  കാരനായ ഒരു യുവാവിന് ഇത്തരത്തിൽ അപകടമുണ്ടായി. ശക്തമായ തുമ്മലിനു ശേഷം കടുത്ത വേദനയും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയിലുമായിരുന്നു അയാള്‍. ആദ്യം എന്താണ് ഈ യുവാവിനു സംഭവിച്ചതെന്ന് ഡോക്ടർമാര്‍ക്കു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദ പരിശോധനയിലാണ് തുമ്മല്‍ വന്നപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചത് മൂലമുണ്ടായ സമ്മർദത്തില്‍ തൊണ്ടയ്ക്ക് സാരമായ പരിക്ക് പറ്റിയെന്നു കണ്ടെത്തിയത്. 

തൊണ്ട മുതല്‍ നെഞ്ചു വരെയുള്ളിടത്തെ കോശങ്ങള്‍, മസ്സിലുകള്‍ എന്നിവിടങ്ങളില്‍ വായൂ കുമിളകള്‍ രൂപപ്പെട്ട അവസ്ഥയിലായിരുന്നു ഇയാള്‍.  ഗുരുതരാവസ്ഥയിലായ ഇയാള്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഉള്ളിലെ മുറിവുകള്‍ ഉണങ്ങുന്നതു വരെ ട്യൂബ് വഴിയായിരുന്നു ഭക്ഷണം. ഒപ്പം  ആന്റിബയോട്ടിക് മരുന്നുകളും കഴിക്കേണ്ടി വന്നു. ഇത് എല്ലാവര്‍ക്കുമൊരു മുന്നറിയിപ്പാണെന്ന് ഡോക്ടർമാര്‍ പറയുന്നു. 

Read More : ആരോഗ്യവാർത്തകൾ