ശരീരം നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്; ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് ഹൃദയാഘാതങ്ങളെ അതിജീവിച്ച ടാര പറയുന്നു

ഒരാഴ്ചയ്ക്കുള്ളില്‍ ടെക്സാസ് സ്വദേശിനിയായ ടാര റോബിന്‍സണ്‍ അതിജീവിച്ചത് മൂന്നു ഹൃദയാഘാതങ്ങള്‍. അതും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളോ രക്തസമ്മര്‍ദമോ ഇല്ലാതിരുന്നിട്ടും.  

2014 ഏപ്രില്‍ മാസത്തിലാണ്  ടാരയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്.  രണ്ടു കുട്ടികളുടെ അമ്മയും  യുഎസ് ആര്‍മി ഉദ്യോഗസ്ഥയുമായിരുന്ന ടാരയ്ക്ക് പക്ഷേ ഹൃദയാഘാതം ഉണ്ടാകുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ അടിക്കടിയുണ്ടാകുന്ന തലചുറ്റലും കഴുത്തു വേദനയും അവർ സാധാരണ ആരോഗ്യപ്രശ്നങ്ങളായി അവഗണിച്ചു.

1990 മുതല്‍ 94 വരെ ആര്‍മി റിസേര്‍വില്‍ ജോലി നോക്കിയാ ടാര ആരോഗ്യകാര്യങ്ങളില്‍ അതീവശ്രദ്ധ നല്‍കിയിരുന്നു. ഹൃദയാഘാതം ഉണ്ടാകുന്നതിനു നാളുകള്‍ക്കു മുന്‍പ് കൈകളില്‍ വീക്കവും കാലില്‍ നീരും വന്നുതുടങ്ങിരുന്നു. ഒപ്പം കാല്‍പാദത്തിന്റെ നിറം മാറാനും തുടങ്ങി. അടിക്കടി വന്ന  തലകറക്കം ജോലി ഭാരം നിമിത്തമാകും എന്നായിരുന്നു ടാര കരുതിയത്‌. ആ സമയം സ്കൂള്‍ കൗണ്‍സിലറായി ജോലി  നോക്കുകയായിരുന്നു അവര്‍. 

ഏപ്രില്‍ മാസത്തോടെ അടുപ്പിച്ച് ഈ അവസ്ഥകള്‍ കൂടുതല്‍ സജീവമായി എന്ന് അവര്‍ ഓര്‍ക്കുന്നു. സഹോദരി ഡോക്ടറുടെ സേവനം തേടാൻ നിർദ്ദേശിച്ചെങ്കിലും പ്രത്യേകിച്ച് രോഗങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞു ടാര അത് അവഗണിച്ചു. കുടുംബത്തില്‍ പലര്‍ക്കും രക്തസമ്മര്‍ദവും കൊളസ്ട്രോളും ഉണ്ടായിരുന്നെങ്കിലും  ഇതൊന്നും ടാരയ്ക്ക് ഇല്ലായിരുന്നു.

ഏപ്രില്‍  10, 2014 ല്‍ ടാരയ്ക്ക് ആദ്യ ഹൃദയാഘാതം ഉണ്ടായി. പുലര്‍ച്ചെ ചൂടും ദാഹവും തോന്നിയാണു താന്‍ ഉണര്‍ന്നതെന്ന് ടാര പറയുന്നു. നെഞ്ചിലും പുറത്തും ശക്തമായ വേദന തോന്നിയപ്പോള്‍ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ഹൃദയാഘാതം ആണെന്ന് ഡോക്ടർമാര്‍ സ്ഥിരീകരിച്ചു. 

ആവശ്യമായ വിശ്രമത്തിനു ശേഷം ടാരയെ ഡോക്ടർമാര്‍ വീട്ടിലേക്കു അയച്ചു. എന്നാല്‍ അടുത്ത ദിവസം രാവിലെ ടാരയ്ക്ക് രണ്ടാമത്തെ അറ്റാക്ക്‌ വന്നു.  അഞ്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു വലിയ അറ്റാക്ക്‌ ഉണ്ടായി. പ്രധാനരക്തക്കുഴലില്‍ 99 ശതമാനമായിരുന്നു ബ്ലോക്ക്‌ കണ്ടെത്തിയത്.  ടാര മരിച്ചു എന്നായിരുന്നു ഡോക്ടർമാര്‍ പോലും കരുതിയത്. എന്നാല്‍ ടാര അതിജീവിച്ചു. 

ടാരയുടെ ഹൃദ്രോഗം ജനിതകമാണെന്നാണു ഡോക്ടർമാര്‍ പറയുന്നത്. പറയത്തക്ക ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കിലും കുടുംബപാരമ്പര്യം ഉള്ള സ്ഥിതിക്ക് അടിക്കടി പരിശോധനകള്‍ നടത്തേണ്ടതുണ്ടായിരുന്നു. കാലങ്ങളായി തനിക്കുണ്ടായിരുന്ന അസ്വസ്ഥതകള്‍ ഒരിക്കലും ഹൃദ്രോഗലക്ഷണങ്ങള്‍ ആയിരുന്നെന്നു അറിയില്ലായിരുന്നെന്ന് ടാര പറയുന്നു. ശരീരം തരുന്ന ചെറിയ മുന്നറിയിപ്പുകളെ പോലും അവഗണിക്കാന്‍ പാടില്ലെന്ന് താന്‍ പഠിച്ചു കഴിഞ്ഞെന്ന് ഇവര്‍ പറയുന്നു. 

Read More : ആരോഗ്യം മാഗസിൻ