എച്ച്ഐവി പോസിറ്റീവെന്നാല്‍  ജീവിതാവസാനമല്ല; എച്ച്ഐവി പോസിറ്റീവായ ഈ ദമ്പതികളുടെ മൂന്നു കുഞ്ഞുങ്ങളും നെഗറ്റീവ്

എച്ച്ഐവി എന്നു കേള്‍ക്കുന്നതു തന്നെ മിക്കവര്‍ക്കും ഭയമാണ്. എന്നാല്‍ തങ്ങള്‍ എച്ച്ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടും മൂന്നു കുഞ്ഞുങ്ങള്‍ക്കൊപ്പം എല്ലാവരെയും പോലെയൊരു ജീവിതം നയിക്കുന്ന ദമ്പതികളെ കുറിച്ചു അറിയണോ?

29 കാരിയായ  ജനേലി സൂക്കെടോ കത്രിജൈനിന് എച്ച്ഐവി പകര്‍ന്നു കിട്ടിയതു കാമുകനായ ജേക്കില്‍ നിന്നായിരുന്നു. 2007 ല്‍ സര്‍വകലാശാലാ പഠന കാലത്താണ് ജനേലി ജേക്കിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്നേ ജേക്കിനു ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നു സുഹൃത്തുക്കളില്‍ നിന്ന് ജനേലി അറിഞ്ഞിരുന്നു. എങ്കിലും അവര്‍ നല്ല സുഹൃത്തുക്കളായി. വൈകാതെ ആ ബന്ധം പ്രണയത്തിലും എത്തി. പക്ഷേ അപ്പോഴും ജേക്ക് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അവളോട്‌ ഒന്നും പറഞ്ഞിരുന്നില്ല. 

ഒരു പ്രണയദിനത്തിലാണ് ജേക്ക് താന്‍ എച്ച്ഐവി പോസിറ്റീവ് ആണെന്നും താന്‍ മരിച്ചു കൊണ്ടിരിക്കുന്ന രോഗിയാണെന്നും അവളോടു പറഞ്ഞത്. ഇതുകേട്ട ജനേലി വനോടു പറഞ്ഞത് 'നീ എച്ച്ഐവി പോസിറ്റീവ് ആണ്, പക്ഷേ നീ മരിക്കില്ല' എന്നായിരുന്നു. എച്ച്ഐവി അവളെ അവനില്‍ നിന്നും അകറ്റിയില്ല.  

ജേക്കിന്റെ ഇരുപതുകളില്‍ എപ്പോഴോ അവന്‍ മയക്കുമരുന്നിനും സ്ത്രീകളിലും ആകൃഷ്ടനായി പോയൊരു കാലമുണ്ടായിരുന്നു. അക്കാലത്താണ് അവന് എച്ച്ഐവി ലഭിച്ചത്. ജനേലി ജേക്കിനെ പ്രണയിച്ചു കൊണ്ടേയിരുന്നു. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 2010 ജൂലൈയില്‍ അവർ വിവാഹിതരായി. ആദ്യ രാത്രിയില്‍ തന്നെ ഇരുവരും കോണ്ടം ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. എല്ലാ മാസങ്ങളിലും ഡോക്ടറെ കണ്ടു ജനേലി ചെക്കപ്പ് നടത്തുക പതിവായിരുന്നു. അങ്ങനെയൊരു അവസരത്തിലാണ് അവള്‍ എച്ച്ഐവി പോസിറ്റീവ് ആണെന്ന് ഡോക്ടര്‍ പറയുന്നത്. ആ വാര്‍ത്ത അവളെ തളര്‍ത്തുക തന്നെ ചെയ്തു. അത്രയും മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്കും ഇതെങ്ങനെ ലഭിച്ചു എന്നായിരുന്നു അവളുടെ ദുഃഖം. പക്ഷേ പരസ്പരം അവര്‍ താങ്ങായി നിന്നു.

ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്സ് അഡ്മിനിസ്ട്രഷന്‍ എച്ച്ഐവി ആദ്യഘട്ടം പകരുന്നത് 90 ശതമാനം തടയുമെന്ന്  അവകാശപ്പെടുന്ന  PrEP  ('pre-exposure prophylaxis')നു അനുമതി നല്‍കിയത്. വൈറസ് ബാധ തടയുന്നതില്‍ വളരെ ഫലപ്രദമാണ് ഈ മരുന്ന്.

സുരക്ഷാമാര്‍ഗങ്ങള്‍ നോക്കിയിട്ടും ജനേലി അപ്രതീക്ഷിതമായി ഗര്‍ഭിണിയായി. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പടരാനുള്ള സാധ്യത നിലനില്‍ക്കെ ഗര്‍ഭിണിയായത്‌ അവരുടെ ജീവിതത്തെ കൂടുതല്‍ തകത്തു. ചികിത്സയില്‍ കഴിയുന്ന എച്ച്ഐവി  ബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എച്ച്ഐവി  പടരാനുള്ള സാധ്യത രണ്ടു ശതമാനമായിരിക്കെ ആ കുഞ്ഞിനെ  ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്കായില്ല. അങ്ങനെ 2013 ല്‍ അവര്‍ക്ക് ഒക്ടവിയസ് എന്ന മകന്‍ പിറന്നു. പതിനെട്ടുമാസങ്ങള്‍ക്കപ്പുറം നടത്തിയ പരിശോധനകളില്‍ കുഞ്ഞിനു എച്ച്ഐവി  ബാധ ഇല്ലെന്നു കണ്ടെത്തിയത് ജനേലിക്കും ജേക്കിനും ആശ്വാസമായി. ഗര്‍ഭിണിയായിരുന്ന സമയത്ത് ഇതിനായി ദിവസവും ആറു മരുന്നുകളായിരുന്നു ജനേലി കഴിച്ചിരുന്നത്.

അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍  ജനേലിക്കും ജേക്കിനും രണ്ടു കുഞ്ഞുങ്ങള്‍ കൂടി പിറന്നു. മക്സിമസും, എസ്രിയും. മൂന്നു കുഞ്ഞുങ്ങളും എച്ച്ഐവി  നെഗറ്റീവ് ആണ്. ഇത് തങ്ങള്‍ക്കു നല്‍കുന്ന സന്തോഷം വലുതാണ്‌ എന്നാണ് ജനേലിയും ജേക്കും പറയുന്നത്. 

ഒന്‍പതുവര്‍ഷത്തെ ദാമ്പത്യത്തില്‍ തങ്ങള്‍ സന്തോഷത്തോടെയാണ് കഴിഞ്ഞതെന്ന് ഇരുവരും പറയുന്നു. മരുന്നുകള്‍ കഴിക്കുന്നതും മെഡിറ്റേഷന്‍ ചെയ്യുന്നതുമെല്ലാം എന്തിനാണെന് കുട്ടികള്‍ ചോദിക്കുമ്പോള്‍ അവര്‍ക്ക് മനസ്സിലാകുന്ന പോലെ തങ്ങളുടെ അവസ്ഥയെ കുറിച്ച് കുട്ടികളോട് പറഞ്ഞു കൊടുക്കാറുണ്ട്. 

സാന്‍ അന്റോണിയോ എയ്ഡ്സ് ഫൗണ്ടേഷനില്‍ ജോലി നോക്കുകയാണ് ജനേലി. കഴിഞ്ഞ വര്‍ഷമാണ്‌ തന്റെയും കുടുംബത്തിന്റെയും കഥ ലോകത്തോട്‌ പറയണമെന്ന് ജനേലി തീരുമാനിച്ചത്. 

എയ്ഡ്സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവർക്കും ഭയമാണ്. അങ്ങനെ ഉള്ളപ്പോള്‍ തന്റെ ജീവിതം മറ്റുള്ളവര്‍ക്കൊരു പ്രചോദനം ആകണം എന്നാണു ജനേലിയുടെ ആഗ്രഹം. തങ്ങളുടെ മൂന്നു കുഞ്ഞുങ്ങളും നൂറുശതമാനം ആരോഗ്യവാന്മാരാണ്. അതാണ്‌ തങ്ങളുടെ സന്തോഷമെന്നും ഇവര്‍ പറയുന്നു.

എച്ച്ഐവി  എന്നാല്‍ ജീവിതത്തിന്റെ അവസാനമല്ലെന്നും അതൊരു അവസ്ഥയാണെന്നും ഇനിയും ആളുകള്‍ മനസ്സിലാക്കണം. നാളെ ഞങ്ങള്‍ മരിച്ചാലും അത് സന്തോഷത്തോടെയായിരിക്കും എന്നാണ് ജനേലിയും ജേക്കും പറയുന്നത്.

Read More : Health Magazine