26 കാരിയുടെ കണ്ണില്‍ 13 മില്ലിമീറ്റര്‍ നീളമുള്ള 14 വിരകള്‍

26 കാരിയുടെ കണ്ണില്‍ നിന്നും ഡോക്ടമാർ പുറത്തെടുത്തത് 14 വിരകളെ. നോര്‍ത്ത് അമേരിക്കയിലും കാനഡയിലും പശുക്കളില്‍ കാണപ്പെടുന്ന വിരയായ തെലസിയാ ഗുലോസ (  Thelazia gulosa) പാരാസൈറ്റ് ഇനത്തില്‍പെട്ട വിരയാണ് ഒറിഗോണ്‍ സ്വദേശിനിയുടെ കണ്ണില്‍ നിന്നും കണ്ടെടുത്തത്.

ഇടതുകണ്ണില്‍ ഉണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നാണ്‌ യുവതി ആദ്യം ആശുപത്രിയില്‍ എത്തുന്നത്. അന്ന് ആദ്യത്തെ വിരയെ പുറത്തെടുത്തു. എന്നാല്‍ ഇരുപതു ദിവസത്തെ വ്യത്യാസത്തില്‍  13  മില്ലിമീറ്റര്‍ നീളമുള്ള പതിനാലു വിരകളെയാണ് പിന്നീട് പുറത്തെടുത്തത്. ആദ്യമായാണ് മനുഷ്യനില്‍ ഈ വിരയെ കണ്ടെത്തുന്നതത്രേ.

കാലികളില്‍ ഈച്ചകള്‍ വഴിയാണ് ഈ വിര എത്തുന്നത്. തെലസിയാ വിരകളുടെ ഇനത്തില്‍ ഉള്‍പ്പെടുന്ന വിരകളില്‍ രണ്ടു തരം വിരകള്‍ മാത്രമായിരുന്നു ഇതിനു മുന്‍പ് മനുഷ്യനില്‍ കാണപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ യുവതിയുടെ കേസ് ലോകത്ത് തന്നെ ആദ്യമാണ്. 

കണ്ണില്‍ പുകച്ചിലും നീറ്റലുമാണ് ഈ വിരബാധ ഉണ്ടായാലുള്ള ആദ്യത്തെ ലക്ഷണം. കാലിവളര്‍ത്താല്‍ വ്യാപകമായ ഒറിഗോണ്‍ ഭാഗങ്ങളില്‍ നിന്നാകാം യുവതിയിലേക്ക് ഈ വിര കയറിയതെന്നാണ് ഡോക്ടർമാര്‍ പറയുന്നത്. ഈ യുവതി കുതിരസവാരി നടത്താറുണ്ടായിരുന്നു. ആദ്യം കണ്ണില്‍ വിരകളെ കണ്ടെത്തിയപ്പോള്‍ സാധാരണ മനുഷ്യരില്‍ കാണപ്പെടുന്ന  Thelazia californiensis ആയിരിക്കുമെന്നാണ് കരുതിയതെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു . എന്നാല്‍ തുടര്‍പരിശോധനകളിലാണ്  ഇതിന്റെ ഇനം തിരിച്ചറിഞ്ഞത്. 

കണ്‍പോളയ്ക്ക് കീഴില്‍ നിന്നായിരുന്നു വിരകളില്‍ അധികവും നീക്കം ചെയ്തത്. ഇത് അപകടകാരിയല്ലെങ്കിലും ഇവ കണ്ണിലൂടെ നീങ്ങുക വഴി കോര്‍ണിയയില്‍ പരിക്കേറ്റാല്‍ കണ്ണിന്റെ കാഴ്ച നഷ്ടമാകാന്‍ സാധ്യതയുണ്ട്. ആറു ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് യുവതിയുടെ കണ്ണില്‍ നിന്നും പതിനാലു വിരകളെ നീക്കം ചെയ്തത്.

Read More : Health News