ചെങ്കണ്ണിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

‘‘കണ്ണിലെ കൃഷ്‌ണമണി പോലെ നിന്നെ ഞാൻ നോക്കും’’ പ്രണയലേഖനത്തിലെ പഴകിത്തേഞ്ഞ വരികളാണെങ്കിലും എത്ര കരുതൽ കണ്ണിനു നൽകുന്നു എന്നതിന്റെ സൂചനയാണിത്. തിരക്കുപിടിച്ച ജീവിതത്തിൽ കണ്ണിനെ നാം പരിപാലിക്കുന്നുണ്ടോ? ചെങ്കണ്ണ് എന്ന ചെറുരോഗം മുതൽ കൂടുതൽ സമയം കംപ്യൂട്ടർ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ വരെ കണ്ണിനെ അലട്ടുന്ന കാലമാണിത്. 

ചെങ്കണ്ണ് 

നേത്രപടലത്തെയാണു ചെങ്കണ്ണ് ബാധിക്കുന്നത്. ഇവിടെയുണ്ടാകുന്ന അണുബാധയാണിത്. ബാക്‌ടീരിയ, വൈറസ് ബാധമൂലവും അലർജികൊണ്ടും ചെങ്കണ്ണു വരാം. ഒരാൾക്കു ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവരിലേക്കും എളുപ്പം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. ചെങ്കണ്ണ് വരാതെ സൂക്ഷിക്കാൻ കൈകൾ ഇടയ്‌ക്കിടെ നന്നായി കഴുകി വൃത്തിയാക്കുക. ഓരോ മണിക്കൂറിലും കണ്ണുകൾ ശുദ്ധജലത്തിൽ നന്നായി കഴുകുക. രോഗിയുടെ ടവൽ, തോർത്ത്, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കരുത്. യാത്രയിലും മറ്റും കൈകൊണ്ടു കണ്ണു തിരുമ്മാതിരിക്കുക. 

മദ്രാസ് ഐ എന്നും റെഡ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് മുൻപ് ചൂടുകാലത്താണു കണ്ടുവന്നതെങ്കിൽ ഇന്ന് ഏതു കാലത്തും ആളുകളിൽ കണ്ടുവരുന്നു. മദ്രാസിലാണ് ഇതിന്റെ തുടക്കം. ഇതിനാലാണത്രെ മദ്രാസ് ഐ എന്ന പേരുവന്നത്. രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്ന നിരുപദ്രവകാരിയായിരുന്നു മുൻപു ചെങ്കണ്ണ്. എന്നാൽ സമയോചിതമായി ചികിൽസിക്കാത്തത് മൂലമാണ് ചിലർക്കെങ്കിലും കാഴ്‌ച നഷ്‌ടപ്പെടുന്ന അവസ്‌ഥയിലേക്ക് എത്തിക്കുന്നത്. ബാക്‌ടീരിയ മൂലമാണ് രോഗം വന്നതെങ്കിൽ കണ്ണിൽ പീള കൂടുതലുണ്ടാകും. 

മിഴിയഴക് നിറയും... 

. ഉറങ്ങാൻ പോകുന്നതിനു മുൻപും എഴുന്നേറ്റ ശേഷവും കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകുക (തലേന്ന് ഒന്നോ രണ്ടു തുളസിയിലയിട്ടുവച്ച വെള്ളമാണെങ്കിൽ കൂടുതൽ നല്ലത്) 

. വായ്‌ക്കകത്ത് വെള്ളം നിറച്ചുവച്ചശേഷം കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകുന്നത് കണ്ണുകൾക്ക് ഊർജസ്വലത നൽകും. 

. കണ്ണിൽ കരടുപോയാൽ വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ടോ കോട്ടൺ കൊണ്ടോ ഒപ്പിയെടുക്കുക. ഒരു കാരണവശാലും കണ്ണു തിരുമ്മരുത്. 

. കംപ്യൂട്ടറിലും ടെലിവിഷനിലും ഏറെ നേരം നോക്കിയിരിക്കുമ്പോൾ കണ്ണുകൾ ചിമ്മുന്നതിന്റെ വേഗം കുറയും. ഇതു കണ്ണുകളിൽ വരൾച്ചയുണ്ടാക്കും. 

. കണ്ണിന് ഏറ്റവും പ്രിയപ്പെട്ട നിറമാണു പച്ച. തിരക്കിട്ട ജോലിക്കിടയിലും വായനയ്‌ക്കിടയിലും അൽപസമയം ദൂരെയുള്ള പച്ചപ്പിലേക്കു നോക്കുന്നതു കണ്ണിനു കുളിർമ നൽകും. 

. കാൽപാദങ്ങൾ തണുത്ത വെള്ളത്തിൽ കഴുകുന്നതു കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്. 

. ആഴ്‌ചയിൽ മൂന്നു ദിവസമെങ്കിലും ഇലക്കറികൾ ശീലമാക്കുക. 

. കണ്ണട ധരിക്കുമ്പോൾ ഒരു മണിക്കൂർ കൂടുമ്പോഴെങ്കിലും കണ്ണടയൂരി രണ്ടുമൂന്നു മിനിറ്റ് കണ്ണടച്ചിരുന്നു കണ്ണിനു വിശ്രമം നൽകുക. മറ്റുള്ളവരുടെ കണ്ണടയോ കോൺടാക്‌ട് ലെൻസോ ഉപയോഗിക്കരുത്. 

. ശക്‌തിയുള്ള പ്രകാശം കണ്ണിൽ അടിക്കാതെ നോക്കണം. വായിക്കുമ്പോൾ ഇടതുവശത്തുനിന്നുള്ള പ്രകാശമാണു നല്ലത്. 

മുലപ്പാലും മൂത്രവും ഫലപ്രദമാണോ? 

മുൻപൊക്കെ ചെങ്കണ്ണുവന്നാൽ, മുലയൂട്ടുന്ന അമ്മമാരെത്തേടി ഓടുമായിരുന്നു. മുലപ്പാൽ കണ്ണിലൊഴിച്ചാൽ വേഗത്തിൽ ചെങ്കണ്ണ് മാറുമെന്നായിരുന്നു വിശ്വാസം. മൂത്രം കണ്ണിലൊഴിച്ചും ചെങ്കണ്ണ് ഭേദമാക്കാം എന്നൊരു ധാരണയും ഉണ്ടായിരുന്നു. ഇതിന് ശാസ്‌ത്രീയമായ സ്‌ഥിരീകരണം ഇല്ലെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം. 

തന്നെയുമല്ല, വേണ്ടത്ര ശുചിത്വമില്ലാത്ത സ്രോതസ്സിൽനിന്നെടുത്താൽ ഇവ പൂർണമായി അണുവിമുക്‌തമായിരിക്കില്ല എന്നൊരു പ്രശ്‌നവുമുണ്ട്. അതുപോലെ തന്നെ മല്ലിവെള്ളം, ഇളനീർക്കുഴമ്പ് എന്നിവയൊന്നും ഇതിനുള്ള മരുന്നുകളല്ല. 

ചെങ്കണ്ണ് പടരാതിരിക്കാൻ 

. ചെങ്കണ്ണ് ബാധയുള്ള ആൾ പ്ലെയിൻ കണ്ണടയോ കൂളിങ് ഗ്ലാസോ ധരിക്കുക. 

. വൈറസുകൾ വായുവിൽക്കൂടി പകരുന്നതിനാൽ ബാധിച്ചയാളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. 

. അടുത്തിടപഴകുന്നവർ കണ്ണട ധരിക്കുക. 

. ചെങ്കണ്ണ് ബാധിച്ചയാൾ ഉപയോഗിക്കുന്ന സോപ്പ്, തോർത്ത്, സൗന്ദര്യവർധക വസ്‌തുക്കൾ, വസ്‌ത്രങ്ങൾ എന്നിവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക. 

. കണ്ണിൽ തൊട്ടാൽ, കൈ കഴുകിയശേഷം മാത്രം മറ്റു ജോലി ചെയ്യുക 

ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ 

. കണ്ണുകൾക്കു ചൊറിച്ചിൽ 

. കൺപോളകൾക്കു തടിപ്പ് 

. കണ്ണിനു ചൂട് 

. കണ്ണുകളിൽ ചുവപ്പുനിറം 

. പീള കെട്ടൽ 

. പ്രകാശം അടിക്കുമ്പോൾ അസ്വസ്‌ഥത 

. തലവേദന 

. ചിലർക്ക് പനിയും 

എങ്ങനെ നിയന്ത്രിക്കാം 

. സ്വയം ചികിൽസ ഒഴിവാക്കുക 

. ചെങ്കണ്ണ് വരുമ്പോഴേ സൂക്ഷിക്കുക. ഡോക്‌ടറുടെ നിർദേശ പ്രകാരം കൃത്യസമയങ്ങളിൽ മരുന്ന് ഉപയോഗിക്കുക. 

. തുള്ളിമരുന്ന് കൃത്യമായി ഇടവേളകളിൽ ഉപയോഗിക്കുക 

. നാലോ അഞ്ചോ ദിവസം കണ്ണിന് അസ്വസ്‌ഥതയുണ്ടാകുമെന്നൊഴിച്ചാൽ കാര്യമായ പ്രശ്‌നം ഉണ്ടാകാറില്ല. 

. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. 

. ആഹാരത്തിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുക. 

. ശരീരത്തിനും കണ്ണുകൾക്കും വിശ്രമം അനുവദിക്കുക. രാത്രിയുറക്കം ഉറപ്പാക്കുക. 

. ചൂടുവെള്ളത്തിൽ പഞ്ഞി മുക്കി കൺപോളകൾ വൃത്തിയാക്കണം. 

. രോഗം വന്നാൽ ടിവി, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം. 

Read More : ആരോഗ്യവാർത്തകൾ