രണ്ടു കുഞ്ഞുങ്ങളിലും കാന്‍സര്‍ പിടിമുറുക്കിയപ്പോഴും ഇവര്‍ തളര്‍ന്നില്ല; ഈ മാതാപിതാക്കളുടെ പോരാട്ടത്തിന്റെ കഥ അറിയാതിരിക്കരുത് 

മാതാപിതാക്കളുടെയും ഏറ്റവും വലിയ പ്രാര്‍ഥനയാണ് കുഞ്ഞുങ്ങളുടെ ആയുരാരോഗ്യം. സ്വന്തം കുഞ്ഞുങ്ങളുടെ ആരോഗ്യത്തോളം വലുതല്ല ഒരച്ഛനും അമ്മയ്ക്കും ഈ ലോകത്ത് മറ്റെന്തും. എന്നാല്‍ ആ കാര്യത്തില്‍ തീര്‍ത്തും ഹതഭാഗ്യരാണ് എമിലിയും ബെന്‍ ന്യൂമാനും. ഇവരുടെ കഥ ആരുടെയും കണ്ണ്നനയിക്കുന്നതാണ്, കാരണം രണ്ടു പൊന്നോമനകള്‍ക്കും മാരകമായ കാന്‍സര്‍ രോഗമാണ്.  

കുഞ്ഞുങ്ങള്‍ക്ക്‌ ഒരു ചെറിയ പനി വന്നാല്‍ പോലും തളര്‍ന്നു പോകുന്നവരാണ് മിക്കവരും. അങ്ങനെ ഉള്ളപ്പോള്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ ഇത്തരത്തിലൊരു മാരകരോഗം ആണെന്ന് തിരിച്ചറിയേണ്ടി വന്ന ഇവരുടെ അവസ്ഥയോ.

എമിലിയുടെയും ബെന്നിന്റെയും രണ്ടാമത്തെ മകനായ റോവനു ലുക്കീമിയ സ്ഥിരീകരിക്കുന്നത് അവനു രണ്ടു വയസ്സ് തികയുന്നതിനു മുന്‍പാണ്. 2012 ല്‍ ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ തങ്ങളുടെ ലോകം പെട്ടന്ന് നിശബ്ദമായ പോലെയാണ് അവര്‍ക്ക് തോന്നിയത്. അങ്ങനെ റോവന്റെ ചികിത്സയും മറ്റുമായി അഞ്ചു വര്‍ഷങ്ങള്‍ വേദനയോടെ കടന്നു പോയി. 

റോവന്റെ ശരീരത്തില്‍ ചുവന്ന പാടുകൾ കണ്ടതിനെ തുടർന്നാണ് ഡോക്ടറെ സമീപിച്ചത്. തുടര്‍ പരിശോധനകളില്‍ അപകടകരമായ ലുക്കീമിയ ആണെന്നു കണ്ടെത്തി. കൊച്ചു കുട്ടികളെ ബാധിക്കുന്ന ഒരുതരം ലുക്കീമിയ ആയിരുന്നു. പിന്നെ ചികിത്സകളുടെ കാലം. ഇതിനിടയിൽ പിന്നെയും രണ്ടു വട്ടം കൂടി അവനില്‍ രോഗം വേരൂന്നി. ഒടുവില്‍ 2016 ല്‍ കാന്‍സറിന്റെ പിടിയില്‍ നിന്നും റോവന്‍ മോചിതനായി. 

2016 ൽ ഇവര്‍ക്ക് വിന്നി എന്ന മകൾ പിറന്നു‌. ജനിച്ചു മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ വിന്നിക്ക് സ്റ്റേജ് 4 ന്യൂറോബ്ലാസ്ടോമ ( neuroblastoma) ഉണ്ടെന്നു കണ്ടെത്തി. കുഞ്ഞു ജനിച്ചപ്പോള്‍ മുതല്‍ എന്തോ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് എമിലി ഓര്‍ക്കുന്നു. കുഞ്ഞിന്റെ വയര്‍ വലുതായിരുന്നു. അങ്ങനെ നടത്തിയ പരിശോധനയില്‍ കരളിന് അസ്വാഭാവിക വലിപ്പം ആണെന്ന് കണ്ടെത്തി. അവളുടെ കിഡ്നിയെയും ലിവറിനെയും കാര്‍ന്നു തിന്നുന്ന നിലയിലായിരുന്നു അപ്പോള്‍  സ്റ്റേജ് 4 ന്യൂറോബ്ലാസ്ടോമ. 

അധികം താമസിയാതെ വിന്നിക്ക് കീമോ ആരംഭിച്ചു. 2017 കുഞ്ഞിന്റെ ട്യൂമര്‍ നീക്കം ചെയ്തു. വിന്നിയുടെ ശസ്ത്രക്രിയ കഴിഞ്ഞ നേരത്ത് ഒരിക്കല്‍ കൂടി റോവന് കാന്‍സര്‍ തലപൊക്കി. എപ്പോഴത്തെയും പോലെ അക്കുറിയും അവന്‍ അതിനെ തോല്‍പ്പിച്ചു. ബോണ്‍ മാരോ ട്രാൻസ്പ്ലാന്റ് ആയിരുന്നു ഒടുവില്‍ അവനെ രക്ഷിക്കാന്‍ നടത്തിയ ചികിത്സ. 

2017 ലാണ് കാന്‍സറിന്റെ നീണ്ട നാളത്തെ പിടിയില്‍ നിന്നും, ആശുപത്രി വാസത്തില്‍ നിന്നും ഈ കുടുംബം കരകയറുകയാണ്. ഇവരുടെ മൂത്ത മകന്‍ 11 ട്രിസ്ട്ടന്‍ പൂര്‍ണാരോഗ്യവാനാണ്. ഇവരുടെ ഈ ദുഃഖത്തില്‍ എന്നും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഒപ്പം ഉണ്ടായിരുന്നു. അടുത്തിടെ  എല്ലാവരുടെയും സഹകരണത്തോടെ ഇവരുടെ മിഷിഗണിലെ വീട് പുതുക്കി പണിഞ്ഞിരുന്നു. വൃത്തിയും വെടിപ്പുമുള്ള ഒരു പുതുവീട് രണ്ടു കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനു അത്യാവശ്യമാണ് എന്ന നിരീക്ഷണത്തില്‍ നിന്നായിരുന്നു ഈ തീരുമാനം. ആരും തളര്‍ന്നു പോകുന്ന നിരവധി അവസരങ്ങളില്‍ ദൈവവും സുഹൃത്തുക്കളും ബന്ധുക്കളുമാണ് തങ്ങള്‍ക്കു തുണയായി നിന്നതെന്ന് എമിലിയും ബെന്നും പറയുന്നു. 

Read More : ആരോഗ്യവാർത്തകൾ