വെറുമൊരു ജലദോഷം; യുവതിക്ക് നഷ്ടമായത് കയ്യും കാലുകളും 

നിസ്സാരമായികണ്ട് നാം ആവഗണിച്ചു കളയുന്ന ജലദോഷം 38കാരിയായ ടിഫാനി കിങിനു നഷ്ടമാക്കിയത് രണ്ടു കയ്യും കാലുകളും. 

അമേരിക്കയിലെ ഉത്താ സ്വദേശിനിയും ഡെന്റല്‍ ടെക്നീഷ്യനുമായ ടിഫാനി കാമുകന്‍ മോയില്‍  ഫാനോഹെമയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ദത്തെടുത്തതും ഇരുവര്‍ക്കും ഉണ്ടായതും ആദ്യബന്ധത്തിലെയും ചേര്‍ത്ത് ഇവര്‍ക്ക് ആറുകുട്ടികളും.  

20 വയസ്സുള്ളപ്പോള്‍ ടിഫാനിക്ക് ആര്‍ത്രൈറ്റിസ് പിടിപെട്ടിരുന്നു. അത് പരിഹരിക്കാന്‍ ഇമ്മ്യൂണോസപ്രസ്സെന്റ് മരുന്നു ദീര്‍ഘകാലം ടിഫാനി കഴിച്ചിരുന്നു. അതുകൊണ്ടുതന്നെ അടിക്കടി ജലദോഷം വരുന്നത് ടിഫാനിക് പതിവായിരുന്നു. 

കഴിഞ്ഞ ജനുവരിയില്‍ ജലദോഷം വന്നപ്പോഴുംഅത്ര കാര്യമാക്കിയില്ല. രാത്രിയില്‍ ശക്തമായ ശ്വാസതടസ്സം ഉണ്ടായതോടെ ടിഫാനിയെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും ബോധം നഷ്ടമായിരുന്നു.  പരിശോധനയില്‍ ബാക്ടീരിയല്‍ ന്യുമോണിയ സ്ഥിരീകരിച്ചു. 

ടിഫാനിയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. ജീവന്‍ തിരികെ ലഭിക്കാനുള്ള സാധ്യത നന്നേ കുറവാണെന്ന് ഡോക്ടർമാര്‍ അറിയിച്ചു. കരള്‍, കിഡ്നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയായി. എങ്കിലും അവൾ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പങ്കാളിയായ മോയില്‍ വിശ്വസിച്ചു.

കൈകാലുകളിലെ രക്തയോട്ടം കുറഞ്ഞതോടെ കൈകളും കാലും മുറിച്ചു നീക്കേണ്ടി വരുമെന്ന് ഡോക്ടർമാര്‍ മുന്നറിയിപ്പും നൽകി. കഠിനപരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ടിഫാനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. പക്ഷേ കൈകാലുകള്‍ നഷ്ടമായ വാര്‍ത്ത അവളെ തകർത്തു. 

പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് ടിഫാനി. കൈകാലുകള്‍ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാനുള്ള പരിശീലനത്തിലാണ് അവർ. ഇതിനായി ഫിസിക്കല്‍ തെറാപ്പി ചെയ്യുന്നുണ്ട്. അവളുടെ സൗകര്യപ്രകാരം വീട്ടിലും ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. 

തനിക്കൊപ്പം നിന്ന മോയിലിനെ വിവാഹം ചെയ്യണം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ മോഹം എന്നും അവര്‍ പറയുന്നു.  തളരാതെ ജീവിതത്തിലേക്ക് പിടിച്ചു കയറാന്‍ ടിഫാനിക്കൊപ്പം താനുണ്ടാകുമെന്ന് മോയിലും ഉറപ്പുപറയുന്നു.

Read More : ആരോഗ്യവാർത്തകൾ