Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി നേരത്തെ തീർക്കാൻ മരുന്ന് തലേന്നു നിറച്ചു, കുട്ടികൾ രക്ഷപെട്ടത് ആ അമ്മയുടെ ഇടപെടൽ മൂലം

കുട്ടികൾക്ക് ഇൻജക്ഷനായുള്ള മരുന്ന് മണിക്കൂറുകൾക്ക് മുൻപേ സിറിഞ്ചിൽ നിറച്ചുവച്ച് ജോലി തീർത്ത് നഴ്സുമാർ. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലാണ് കുത്തിവയ്പ്പ് മരുന്നിന്റെ ഉപയോഗത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയത്. ആന്റിബയോടിക് മണിക്കൂറുകള്‍ക്ക് മുൻപേ നഴ്സുമാര്‍ സിറിഞ്ചിലെടുത്ത് സൂക്ഷിക്കുന്നതായി കണ്ടെത്തി. പുലർച്ചെ 5 മണിക്ക് നൽകാനുള്ള മരുന്നാണ് തലേദിവസം രാത്രി 11 നു മുൻപ് സിറി‍ഞ്ചിൽ നിറച്ചുവച്ചിരിക്കുന്നത്.

കുത്തിവയ്പ്പെടുക്കുന്ന സമയത്തല്ലാതെ മരുന്ന് സിറിഞ്ചിലേക്ക് മാറ്റുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നഴ്സിന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് മരുന്ന് സിറിഞ്ചിലേക്ക് നേരത്തെ എടുത്തെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം .

നഴ്സ് കൂടിയായ ഒരു രക്ഷിതാവിന്റെ ശ്രദ്ധയിൽ ഇതു പെട്ടതിനാലണ് കുട്ടികളുടെ വാർഡിലെ 17 കുരുന്നുകളെ ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് കാക്കാനായത്. കുഞ്ഞുങ്ങൾക്ക് അതിരാവിലെ നൽകേണ്ട കുത്തിവയ്പ് മരുന്നുകൾ രാത്രി ഡ്യൂട്ടിയിലൂണ്ടായിരുന്ന നഴ്സ് രാത്രി 11 മണിക്ക് മുൻപ് തന്നെ 17 സിറിഞ്ചുകളിലും നിറച്ചു വച്ചു. 11 മാസം പ്രായമുള്ള കുട്ടിക്ക് നൽകേണ്ട കുത്തിവയ്പ് അടക്കം ഇതിലുണ്ടായിരുന്നു. മാത്രമല്ല മരുന്ന് നിറച്ചുവച്ചിരിക്കുന്ന സിറി‍ഞ്ചുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്. 

ശീതീകരിച്ച മരുന്ന് കുത്തിവയ്പ്പെടുക്കുമ്പോള്‍ മാത്രമാണ് ബോട്ടിലിൽ നിന്ന് പുറത്തെടുത്ത് സിറിഞ്ചിൽ നിറയ്ക്കേണ്ടത്. രാത്രിയിൽ നഴ്സിങ് മുറിയിലെത്തിയ രക്ഷിതാവ് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മറ്റുള്ളവരെ കൂടി വിവരം അറിയിക്കുകയായിരുന്നു.

മണിക്കൂറുകൾക്ക് മുൻപ് പൊട്ടിച്ചുവച്ച മരുന്ന് ഉപയോഗിച്ച് കുത്തിവയ്പ് എടുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഇത് ഡോക്ടർമാർ തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്. രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെ സംഭവത്തെ കുറിച്ച് വകുപ്പുതല അന്വേഷണത്തിന് ജില്ലാ മെഡിക്കൽ ഒാഫിസർ ഉത്തരവിട്ടു.

Read More : Health News