Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം, ഹൃദ്യം

dr-imad

ഹൃദയത്തെക്കുറിച്ചു ഹൃദയപൂർവം പഠിക്കണം, അത് എൽപി സ്കൂൾതലം മുതൽ തുടങ്ങണം, ആ ബോധവൽക്കരണം എല്ലാവരിലേക്കും എത്തണം – പറയുന്നത് ഇറ്റലിയിലെ ടുറിൻ യൂണിവേഴ്സിറ്റിയിലെ അസോഷ്യേറ്റ് പ്രഫസറും പ്രശസ്ത ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റുമായ ഡോ. ഇമാദ് ഷെയ്ബാൻ. രണ്ടുമാസത്തിലൊരിക്കൽ ഇന്ത്യയിലെത്തുന്ന ഡോക്ടർക്ക് ഇവിടുത്തെ ഹൃദ്സ്പന്ദനങ്ങളറിയാം, അവയുടെ താളപ്പിഴകളും. കൊല്ലത്തെത്തിയ അദ്ദേഹം ഹൃദ്രോഗത്തെക്കുറിച്ചും അവ കയറിവരുന്ന വഴികളെക്കുറിച്ചും പറയുന്നു...

ഹൃദ്രോഗമുണ്ടായാൽ എന്താണ് ആദ്യം ചെയ്യേണ്ടത്?

സമയം, അതാണ് ഏറ്റവും പ്രധാനം. ഹൃദയാഘാതമുണ്ടായ രോഗിയെ 90 മിനിറ്റ് മുതൽ രണ്ടുമണിക്കൂർ വരെയുള്ള സമയത്തിനുള്ളിൽ പ്രൈമറി ആൻജിയോപ്ലാസ്റ്റിയുള്ള ആശുപത്രിയിലെത്തിക്കണം. ബ്ലോക്ക് അലിയിച്ചുകളയുന്ന ത്രോംബോലൈസിസ് അല്ല ആദ്യം ചെയ്യേണ്ടത്, ആൻജിയോപ്ലാസ്റ്റി തന്നെ. ഇവിടെ ഞാൻ കാണാറുണ്ട്, രോഗിയുമായി ആശുപത്രിയിലെത്തുന്നവർ ആൻജിയോപ്ലാസ്റ്റി വേണോ വേണ്ടയോ എന്നു ചർച്ചചെയ്തു സമയം കളയുന്നത്. അതു പാടില്ല. ചികിത്സാകാര്യങ്ങൾ ഡോക്ടർ തീരുമാനിക്കട്ടെ.

ഇറ്റലിയടക്കമുള്ള യൂറോപ്യൻരാജ്യങ്ങളിൽ ആശുപത്രികളിലെ എമർജൻസി സർവീസുകൾ ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഫോൺ ചെയ്താലുടൻ ആംബുലൻസ് എത്തും. ഏതാണ് ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ആശുപത്രി എന്നു മനസ്സിലാക്കി, ഏറ്റവുമടുത്തയിടം എവിടെയാണോ അങ്ങോട്ടേക്കു പായുകയാണു ചെയ്യുക. ഇവിടെയും അങ്ങനെ വേണം. അല്ലാതെ, ആരെങ്കിലുമൊക്കെ പറയുന്നതു കേട്ടു പോവുകയല്ല വേണ്ടത്. 

ആൻജിയോപ്ലാസ്റ്റിക്കു ശേഷം സ്ട്രോക്ക് ഉണ്ടാകുമെന്നു പരാതികളുണ്ട്. ഇതേക്കുറിച്ച്?

ഉണ്ടാകാം, വളരെ അപൂർവമായി. പക്ഷേ, ത്രോംബോലൈസിസ് കഴിഞ്ഞവരിലാണു കൂടുതലും സ്ട്രോക്ക് ഉണ്ടാകുന്നത്. 

ഹൃദ്രോഗം കേരളത്തിൽ കൂടുതലാണ്. അതേക്കുറിച്ച്?

പുകവലി തന്നെ മുഖ്യകാരണം. പിന്നെ പ്രമേഹവും. ഇറ്റലിയിൽ ഹൃദ്രോഗികളിൽ 20% പേർക്കു മാത്രമാണു പ്രമേഹമുള്ളത്. ഇന്ത്യയിൽ അത് 30–40 % ആണ്. പിന്നെ, ഉയർന്ന രക്തസമ്മർദം, അമിത കൊളസ്ട്രോൾ, വ്യായാമമില്ലായ്മ, ഒരു പരിധിവരെ മാനസിക സമ്മർദം ഇവയൊക്കെയാണു കാരണങ്ങൾ. ജനിതകവുമാകാം. കുടുംബത്തിൽ മറ്റാർക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കിൽ ജാഗ്രത വേണം. കേരളത്തിൽ ചെറുപ്പക്കാരിൽ ഹൃദ്രോഗം വളരെവളരെ കൂടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു നൂറ്റാണ്ടു മുൻപത്തെ ഭക്ഷണശീലമല്ലല്ലോ ഇപ്പോൾ. നിറങ്ങളും പ്രിസർവേറ്റിവുകളുമെല്ലാം കൂടി. നമ്മുടെ ജീവിതനിലവാരം മെച്ചപ്പെട്ടപ്പോൾ പൊണ്ണത്തടിയും കൂടി.

ഹൃദയാരോഗ്യത്തിനായി എന്താണു ചെയ്യേണ്ടത്, എന്താണ് ഒഴിവാക്കേണ്ടത് എന്നൊക്കെ കുട്ടിക്കാലം മുതൽ അറിയണമെന്ന് ഒന്നുകൂടി ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞുനിർത്തി. കൊല്ലം അയത്തിൽ മെഡിട്രിനയിൽ ക്യാംപിനു നേതൃത്വം നൽകാനെത്തിയതാണ് ആശുപത്രി ഡയറക്ടർ കൂടിയായ  ഡോ. ഇമാദ്.

Read More : ആരോഗ്യവാർത്തകൾ