എച്ച്ഐവിക്ക് ഫലപ്രദമായ വാക്സിന്‍ വരുന്നു

എച്ച്ഐവി കണ്ടെത്തുന്നതിലും ചികിൽസിക്കുന്നതിലും വൈദ്യശാസ്‌ത്രം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. എങ്കില്‍പ്പോലും ഇന്നും എച്ച്ഐവിയെ പൂര്‍ണമായും തോല്‍പ്പിക്കാന്‍ നമുക്കായിട്ടില്ല. നൂറുശതമാനം ഫലപ്രദം എന്ന നിലയിലൊരു മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തത് തന്നെയാണ് ഇന്നും എച്ച്ഐവിയെ ഒരു പേടിസ്വപ്നമായി കാണാനുള്ള കാരണം.

ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി ആണ് എയ്ഡ്സിന് കാരണമായ വൈറസ്. പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ നശിപ്പിച്ചുകൊണ്ടാണ് എയ്ഡ്സ് രോഗിയെ കീഴ്പ്പെടുത്തുന്നത്.

എന്നാല്‍ എച്ച്ഐവിക്ക് തടയിടാന്‍ ദീര്‍ഘകാലം ഫലപ്രദമാകുന്നൊരു വാക്സിന്‍ കണ്ടെത്തിയതായി വൈദ്യശാസ്ത്രം. കുരങ്ങന്മാരില്‍ നടത്തിയൊരു പരീക്ഷണത്തില്‍ ഈ മരുന്ന് പതിനെട്ടു ആഴ്ച വരെ രോഗത്തെ പ്രതിരോധിക്കുമെന്നു കണ്ടെത്തിയിരുന്നു. അങ്ങനെവന്നാല്‍ മനുഷ്യരില്‍ കൂടുതല്‍ നാള്‍ ഈ മരുന്ന് പ്രതിരോധം തീര്‍ക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍.

PrEP എന്നാണു ഈ മരുന്നിനു പറയുന്നത്. എച്ച്ഐവി പോസിറ്റീവാകാന്‍ സാധ്യതയുണ്ട് എന്നുള്ളവര്‍ ലൈംഗികബന്ധത്തിനു മുന്‍പ് ഈ വാക്സിന്‍ എടുക്കുന്നത് ഫലപ്രദമാണ്. എന്നാല്‍ ഒരു സമയപരിധിക്കു ശേഷം ഇത് ഫലപ്രദമെന്നു തെറ്റിദ്ധരിക്കരുതെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. 

വര്‍ഷത്തില്‍ ഒരിക്കല്‍ എടുക്കാവുന്ന രീതിയിലാണ് വാക്സിൻ വികസിപ്പിക്കുന്നത്.  നിലവില്‍ എച്ച്ഐവി രോഗബാധ സുഖപ്പെടുത്താന്‍ സാധിക്കില്ല. വരാതെ നോക്കുകയും വന്നാല്‍ കഴിയാവുന്നത്ര പ്രതിരോധം തീര്‍ക്കുകയുമാണ് വേണ്ടത്. ജീവിതകാലം മുഴുവന്‍ ആന്റിവൈറല്‍ ചികിത്സ ചെയ്യുകയാണ് മറ്റൊരു വഴി. എന്നാല്‍ ഈ വാക്സിന്‍ എപ്പോള്‍ രോഗികള്‍ക്ക് നല്‍കിത്തുടങ്ങും എന്നത് ഇനിയും നിശ്ചയിക്കപെട്ടിട്ടില്ല.

കഴിഞ്ഞ പത്തു കൊല്ലത്തെ രേഖകള്‍ പരിശോധിച്ചാല്‍ എച്ച്ഐവി മൂലമുള്ള മരണനിരക്കുകള്‍ പകുതിയായി കുറഞ്ഞിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ട്.  പ്രതിരോധശേഷി വർധിപ്പിക്കുന്ന സിഡി-4 കോശങ്ങളെ ആക്രമിച്ചുകൊണ്ടാണ് എച്ച്ഐവി വൈറസ് വ്യാപിക്കുന്നത്. അക്യൂട്ട് എച്ച്ഐവി ഇൻഫെക്ഷൻ, ക്ലിനിക്കൽ ലാറ്റൻസി, ഒടുവിൽ എയ്ഡ്സ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് എച്ച്ഐവി ശരീരത്തെ ബാധിക്കുന്നത്.എച്ച്ഐവി അണുബാധയുടെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് എയ്ഡ്സ്. 

Read More : Health News