ലോകത്താദ്യമായി പുരുഷലിംഗവും വൃഷണസഞ്ചിയും മാറ്റിവച്ചു

ലോകത്താദ്യമായി പുരുഷലിംഗവും വൃഷണസഞ്ചിയും വിജയകരമായി മാറ്റി വെച്ചു. ബാൾട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അഫ്ഗാനിസ്ഥാനിലെ ഡ്യൂട്ടിയ്ക്കിടയിലുണ്ടായ ഒരു പൊട്ടിത്തെറിയെ തുടര്‍ന്ന് ലിംഗത്തിനും വൃഷണത്തിനും മാരകമായി പരിക്കേറ്റ പട്ടാളക്കാരനാണ്‌ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ഒൻപത് പ്ലാസ്റ്റിക് സര്‍ജന്മാരുടെയും രണ്ടു യുറോളോജിസ്റ്റുമാരുടെയും നേതൃത്വത്തിൽ മാര്‍ച്ച് 26നായിരുന്നു പതിനാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. എന്നാല്‍ രോഗിയുടെ പേരോ മറ്റു വിവരങ്ങളോ ഏതു രാജ്യക്കാരന്‍ ആണെന്നോ വെളിപ്പെടുത്തിയിട്ടില്ല. 

മരിച്ചു പോയ ദാതാവില്‍ നിന്നാണ് രോഗിക്ക് ആവശ്യമായ അവയവങ്ങള്‍ സ്വീകരിച്ചത്. ലിംഗം, വൃഷണസഞ്ചി, ഉദരഭിത്തിയുടെ പകുതി ഭാഗം എന്നിവയാണ് മാറ്റി വെച്ചത്. എന്നാല്‍ വൃഷണങ്ങള്‍ മാറ്റിവയ്ക്കാന്‍ സാധിച്ചില്ല. പൂര്‍ണാരോഗ്യവാനായി ജീവിതത്തിലേക്കു തിരിച്ചു വരുന്ന രോഗിയെ ഈ ആഴ്ച ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.  ഏറെ വൈകാതെ സാധാരണ പോലെ മൂത്രവിസര്‍ജ്ജനവും ലൈംഗികജീവിതവും സാധിക്കുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഡബ്ലു.പി ആന്‍ഡ്രൂ ലീ പറഞ്ഞു. 

നേരത്തെ ജോണ്‍ ഹോപ്ക്സിന്‍സ് ആശുപത്രിയില്‍ തന്നെയായിരുന്നു ലോകത്താദ്യമായി ഒരാളുടെ ഇരുകൈകളും മാറ്റിവച്ചു വിജയം നേടിയത്. Vascularized composite allotransplantation എന്നാണ് ഇത്തരം ശസ്ത്രക്രിയകള്‍ക്കു പറയുന്നത്. ചര്‍മം, കോശങ്ങള്‍, എല്ലുകള്‍, മാംസപേശി‍, രക്തക്കുഴലുകള്‍ എന്നിവയെല്ലാം ഇതിലൂടെ മാറ്റിവെയ്ക്കുന്നുണ്ട്. 

ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ടിഷ്യൂ ഉപയോഗിച്ചു ലിംഗം മാറ്റി വയ്ക്കാന്‍ സാധിക്കുമെങ്കിലും ഉദ്ധാരണം സാധ്യമാകണമെങ്കില്‍ യഥാര്‍ഥ ലിംഗം തന്നെ ആവശ്യമാണ്. എന്നാല്‍ ഇതില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങാണെന്നും ഡോ. ലീ പറയുന്നു.

Read More : ആരോഗ്യവാർത്തകൾ