Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്മയെ എങ്ങനെ പ്രതിരോധിക്കാം ?

464402307

നിങ്ങൾക്ക് ആസ്മയുടെ അസുഖമുണ്ടോ? എന്നാൽ, നിങ്ങളെപ്പോലെ 30 കോടി ജനങ്ങൾ ലോകത്തുണ്ട്. പത്തു വർഷത്തിനകം ഇതു 40 കോടിയായി മാറുമെന്നാണു കണക്ക്. പാശ്ചാത്യ ജീവിത രീതിയാണ് ആസ്മ വർധിക്കുന്നതിനുള്ള ഒരു കാരണം. പിന്നെ, അന്തരീക്ഷ മലിനീകരണവും. ഡൽഹി പോലെ അന്തരീക്ഷ മലിനീകരണ തോത് കൂടുതലുള്ള നഗരത്തിൽ ആസ്മ പിടിപെടാനുള്ള സാധ്യതയും വർധിക്കും. 

‌എന്താണ് ആസ്മ 

ശ്വസന വ്യവസ്ഥയിലുണ്ടാകുന്ന അണുബാധയും തുടർന്ന് ശ്വസന കോശത്തിന്റെ ഉയർന്ന പ്രതിപ്രവർത്തനവും മൂലമുണ്ടാകുന്ന ചുമ, നെഞ്ചിന് ഭാരം, ശ്വാസം മുട്ടൽ, ശബ്ദത്തോടു കൂടിയ ശ്വാസോച്ഛ്വാസം. രക്തത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയും. ചിലപ്പോൾ സ്വയം ഭേദമാകും. പുരുഷന്മാരിൽ ചെറുപ്രായത്തിലും സ്ത്രീകളിൽ പ്രായപൂർത്തിയായ ശേഷവുമാണു കൂടുതലും രോഗം കണ്ടുവരുന്നത്. 

അനന്തര ഫലം 

ജോലിക്ഷമത കുറയും, കുട്ടികളിൽ പഠന തടസ്സമുണ്ടാക്കും, ഉയർന്ന ചികിൽസാ ചെലവ്, അപൂർവം കേസുകളിൽ പെട്ടെന്നുള്ള മരണത്തിനും കാരണമാകും. പരിസ്ഥിതി, പാരമ്പര്യ കാരണങ്ങൾ കൊണ്ട് രോഗം പിടിപെടാം. കുട്ടിക്കാലത്ത് ചെറിയ പകർച്ച വ്യാധികൾ തുടർച്ചയായി പിടിപെടുന്നവർക്ക് ആസ്മയ്ക്കുള്ള സാധ്യത കൂടും. രോഗം പ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാലാണിത്. 

∙ ആസ്മ രണ്ടു തരം 

1. അലർജിക് ആസ്മ 

കുട്ടികളിൽ പ്രധാനമായും കാണുന്നത് അലർജിക് ആണ്. പൊടി, അന്തരീക്ഷ മലിനീകരണം എന്നിവയാണു പ്രധാന കാരണങ്ങൾ. ചർമ പരിശോധന വഴി തിരിച്ചറിയാം. 

2. ഇൻട്രൻസിക് ആസ്മ 

മൂന്നു വയസ്സിനുള്ളിലുണ്ടാകുന്ന ഈ രോഗം കൂടുതൽ അപകടകരം. തണുപ്പ്, കടുത്ത ഗന്ധം, പുകയും പൊടിയുമുള്ള അന്തരീക്ഷവുമാണ് ഇതിനു കാരണം. രണ്ടു തരത്തിലുള്ള രോഗ ലക്ഷണങ്ങളും ചിലരിൽ കാണാം. 

കാരണങ്ങൾ 

ചൂടേറിയതും ഈർപ്പമേറിയതുമായ അന്തരീക്ഷം. പൊടിപടലങ്ങളിൽ കാണുന്ന ചെറിയ തരം പ്രാണികളുടെ എണ്ണം ഈ കാലാവസ്ഥയിൽ കൂടും. വളർത്തുമൃഗങ്ങളുമായുള്ള (പ്രത്യേകിച്ച് പട്ടിയും പൂച്ചയും) സഹവാസം (എന്നാൽ, ചിലരിൽ മൃഗങ്ങളുമായുള്ള സഹവാസം ആസ്മ കുറയാനും കാരണമാകും.) അമിത വണ്ണമുള്ളവർക്ക് ആസ്മയ്ക്കു സാധ്യത കൂടുതലാണ്. ചില മരുന്നുകളുടെ അലർജിയായും ആസ്മ വരാം. കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകളിലുള്ള ചില ഘടകങ്ങൾ, ആസ്പിരിൻ ഉൾപ്പെടെ നോൺ സ്റ്റെറോയ്ഡ് ആന്റി ഇൻഫ്ലമേറ്ററി ഡ്രഗ്സ് എന്നിവയാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. പത്തു ശതമാനം ആസ്മ രോഗികളെങ്കിലും ഈ വിഭാഗത്തിൽപ്പെട്ടവരായിരിക്കും. പൊടിപടലമുള്ള അന്തരീക്ഷത്തിലെ ജോലിയും കാരണമാകാം. ആഹാരത്തിനു കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ, വൈകാരിക സംഘർഷം, അമിത കായികാധ്വാനം എന്നിവയും ആസ്മയ്ക്കു കാരണങ്ങളാണ്. 

ലക്ഷണങ്ങൾ 

ചെറിയ രീതിയിൽ തുടങ്ങുന്ന ചുമ പിന്നീട് ശ്വാസം മുട്ടൽ വരെയായി മാറും. നീണ്ട നിശ്വാസം, കിറുകിറുപ്പ്. കടുത്ത ശ്വാസം മുട്ടലുള്ള രോഗികളിൽ ശബ്ദത്തോടെയുള്ള ശ്വാസോച്ഛ്വാസം ചിലപ്പോൾ നിലയ്ക്കും. 

പകരം, ശരീരത്തിൽ നീലനിറവും ശ്വാസമെടുക്കാനുള്ള പ്രയാസവുമുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം. ഓക്സിജൻ ക്രമാതീതമായി കുറയുന്നതിന്റെ ലക്ഷണമാണിത്. ഇത് ഹൃദയത്തെ വരെ ബാധിക്കാം. 

രോഗികളുടെ ശ്രദ്ധയ്ക്ക് 

മൂന്നു വയസ്സിനു ശേഷം കുട്ടികളിൽ ചെറിയ ചുമയോടെയുണ്ടാകുന്ന ശ്വാസം മുട്ടൽ ഭൂരിഭാഗവും എട്ടു വയസ്സിനുള്ളിൽ മാറും. കടുപ്പമില്ലാത്തതും വർഷത്തിൽ നാലോ അഞ്ചോ പ്രാവശ്യം ഉണ്ടാകുന്ന ആസ്മ 10-12 വയസ്സിനുള്ളിൽ ഭേദമാകും. ഇത്തരക്കാർ മരുന്നുകളോട് എളുപ്പത്തിൽ പ്രതികരിക്കും. രണ്ടു വയസ്സിനു മുൻപ് തന്നെ രോഗ ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കണം. ഇതു കടുത്ത ആസ്മയായി മാറാം. ഇത്തരക്കാർക്ക് ആഴ്ചയിലൊരിക്കൽ രോഗം വരും. രോഗമില്ലാത്ത സമയത്തു പോലും ശ്വാസമെടുക്കാനുള്ള പ്രയാസവും ചെറിയ ചുമയുമുണ്ടാകും. ചെറിയ കായികാധ്വാനം പോലും ശരീരത്തിനു താങ്ങാനാവില്ല. ഈ അസുഖം സ്വയം ഭേദമാകില്ല. ഡോക്ടറെ കാണണം. അതിശക്തമായ ആസ്മയുള്ളവർക്കു മൂന്നു മാസത്തിൽ 10-12 തവണയെങ്കിലും രോഗംവരും. മിക്ക ദിവസവും ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തി വായു കെട്ടി നിൽക്കും. ഉറക്കത്തെയും ഇതു ബാധിക്കും. അഞ്ചു ശതമാനത്തിൽ താഴെ പേർക്കു മാത്രമാണ് ഇത്രയും കടുത്ത രോഗമുണ്ടാകുന്നത്. 

എങ്ങനെ തിരിച്ചറിയാം 

നീണ്ടു നിൽക്കുന്ന ശബ്ദത്തോടെയുള്ള ശ്വാസോച്ഛ്വാസം, ശ്വാസ-നിശ്വാസത്തിനു കൂടെകൂടെയുണ്ടാകുന്ന ബുദ്ധിമുട്ട്, ഇടയ്ക്കിടെ ചുമ, നിറമില്ലാത്തതോ, മഞ്ഞ നിറത്തോട് കൂടിയതോ ആയ കഫം, കുടുംബത്തിൽ നേരത്തെ അലർജിക് അസുഖമുള്ളവർ, വിട്ടുമാറാത്ത മൂക്കൊലിപ്പ്, ചർമത്തിലുള്ള അലർജിക് രോഗങ്ങൾ, കുട്ടിക്കാലത്ത് ബ്രോങ്കോലൈറ്റിസ് പിടിപെട്ടവർ എന്നിവർ ആസ്മ പരിശോധന നടത്തുന്നത് നല്ലതാണ്. 

പരിശോധന ഏതു വിധം 

രക്തം, കഫം പരിശോധന, നെഞ്ച് എക്സ്റേ, ചർമത്തിലെ അലർജി പരിശോധന, പ്രതിരോധ ശേഷി പരിശോധന, ശ്വാസകോശത്തിന്റെ പ്രവർത്തന പരിശോധന എന്നിവയിലൂടെ രോഗം കണ്ടെത്താം. 

എങ്ങനെ പ്രതിരോധിക്കാം 

അലർജിയുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക, അലർജിയുണ്ടാക്കുന്ന മരുന്നുകൾ കഴിക്കുമ്പോൾ സൂക്ഷിക്കുക. ഫിസിയോ തെറപ്പി, സൈക്കോ തെറപ്പി എന്നിവയും ഫലപ്രദമായി പ്രതിരോധിക്കും.

Read More : Health News