Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളിലെ ബിഎംഐയും ആസ്മ സാധ്യതയും

childhood-asthma

ഒരു കുട്ടി ജനിച്ച് മൂന്നു വയസ്സ് ആകുന്നതു വരെയുള്ള ശരീരഭാരവും ആസ്മയ്ക്കുള്ള സാധ്യതയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പഠനം. ശിശുക്കളിലെ മൂന്നു വയസ്സു വരെയുള്ള വളർച്ചാ കാലമാണ് അവരുടെ ശ്വാസകോശത്തിന്റെ വികാസം നിർണയിക്കുന്നത്. ഒപ്പം, പത്തു വയസ്സ് ആകുമ്പോൾ ആസ്മയ്ക്കുള്ള സാധ്യതയും ആദ്യ മൂന്നു മാസങ്ങളിലെ ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചെറിയ പ്രായത്തിൽ അമിതമായി ശരീരഭാരം കൂടുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയാനും ആസ്മയ്ക്കുള്ള സാധ്യത കൂടാനും കാരണമാകുന്നു.

നെതർലൻഡിലെ റോട്ടർ ഡാമിലെ എറാസ്മസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ, ശരീരഭാരവും ബോഡി മാസ് ഇൻഡക്സും (ബിഎംഐ) കൂടുതലുള്ള ശിശുക്കളിൽ പത്തു വയസ്സ് ആകുമ്പോൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മന്ദഗതിയിൽ ആകുമെന്നു കണ്ടു. ഈ കുട്ടികളുടെ ശ്വാസകോശത്തിന്റെ വ്യാപ്തം വച്ചുനോക്കുമ്പോൾ വായു അറകൾ വളരെ ചെറുതായിരുന്നു.

പിന്നീട് ഈ കുട്ടികളുടെ ബോഡി മാസ് ഇൻഡക്സ് ഏറ്റവും കൂടിയ അളവിൽ എത്തുമ്പോൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടെന്നും ആൺകുട്ടികളിൽ ആസ്മയ്ക്കുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ കണ്ടു. ഇതിൽനിന്ന്, ശൈശവത്തിലെ വളർച്ചയ്ക്ക് ശ്വാസകോശത്തിന്റെ വികാസത്തിൽ പ്രധാനപ്പെട്ട പങ്കുണ്ടെന്നു മനസ്സിലാക്കാമെന്നു ഗവേഷകർ പറയുന്നു.

ആസ്മയ്ക്കുള്ള സാധ്യതയ്ക്ക് പൊക്കവും വണ്ണവുമായി യാതൊരു ബന്ധവും കണ്ടില്ല. എങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനത്തിലുള്ള ആനുപാതികമല്ലാത്ത മാറ്റം ശ്വസനസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത മൂലമാകാം..

നെതർലൻഡിലെ 4435 കുട്ടികളിൽ അവരുടെ ജനനം മുതൽ പത്തു വയസ്സ് വരെ നടത്തിയ ഈ പഠനം തൊറാക്സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

ജനനം മുതല്‍ മൂന്നുവയസ്സു വരെ ഇവരുടെ പൊക്കവും വണ്ണവും പല തവണ അളന്നു. ശൈശവത്തിലെ വളർച്ചാ ക്രമത്തിന് പത്തുവയസ്സിലെ ശ്വസനാരോഗ്യവുമായി ബന്ധമുണ്ടോ എന്നും ഗവേഷകസംഘം പരിശോധിച്ചു. തീരെ ചെറിയ പ്രായത്തിൽ അമിതമായി ശരീരഭാരം കൂടുന്നത് കുട്ടികളിലെ ആസ്മയ്ക്കുള്ള സാധ്യത കൂട്ടുമെന്നു പഠനത്തിൽ തെളിഞ്ഞു.

Read More : Health News