Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രീൻടീ ഹൃദയാഘാതം തടയുന്നതിങ്ങനെ

green-tea

ഗ്രീൻടീയുടെ ആരോഗ്യഗുണങ്ങൾ അനവധിയാണ്. ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഗ്രീൻടീ  സഹായിക്കും എന്നതാണ് ഏറ്റവും പ്രധാനം. ഇപ്പോൾ ഹദയാഘാതം തടയാനും ഗ്രീൻടീ സഹായിക്കുമെന്നു കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

അതിറോസ്ക്ലിറോസിസ് മൂലംഉണ്ടാകുന്ന പക്ഷാഘാതവും ഹൃദയാഘാതവും തടയാൻ ഗ്രീൻടീക്കു കഴിയുമെന്ന് ബ്രിട്ടീഷ്‍ ഹാർട്ട് ഫൗണ്ടേഷൻ നടത്തിയ പഠനം പറയുന്നു.

ഗ്രീൻടീയിലടങ്ങിയ ഒരു സംയുക്തം അൽഷിമേഴ്സ് രോഗികളിൽ അമിലോയ്ഡ് പ്ലേക്ക് കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് രക്തക്കുഴലുകളിൽ കാണപ്പെടുന്ന അപകടകരമായ പ്രോട്ടീൻ പ്ലേക്കുകളെ വിഘടിപ്പിക്കുകയും അലിയിക്കുകയും ചെയ്യുമെന്ന് ലാൻകാസ്റ്റർ സർവകലാശാലയിലെയും ലീഡ്സ് സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 

ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് അതിറോസ്ക്ലിറോസിസ്. ഇത് തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു. ഈ അവസ്ഥ മൂർച്ഛിക്കുമ്പോൾ അപ്പോ ലിപ്പോപ്രോട്ടീൻ A–1 (apo A-1) എന്ന പ്രോട്ടീൻ അമിലോയ്ഡ് ഡെപ്പോസിറ്റുകളാകുന്നു. അൽഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട അതേ അവസ്ഥയാണിത്.

അതിറോസ്ക്ലിറോട്ടിക് പ്ലേക്കുകളിൽ ഇവ അടിഞ്ഞുകൂടുന്നു. ഇത് പ്ലേക്കുകളുടെ വലുപ്പം കൂട്ടുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു. 

ഗ്രീൻടീയിലടങ്ങിയ എപ്പിഗാലേകറ്റേച്ചിൻ 3 ഗാലേറ്റ്( EGCG) apo A-1ന്റെ അമിലോയ്ഡ് ഫൈബറുകളെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരാതെതന്നെ ലയിക്കാവുന്ന ചെറിയ തൻമാത്രകളായി മാറ്റുന്നു.

ഗ്രീൻടീ  കൂടുതൽ അളവിൽ കഴിക്കാതെതന്നെ ഫലപ്രദമായ അളവിൽ EGCG രക്തത്തിലേക്കു കലർത്താനുള്ള മാർഗങ്ങൾക്കായി പരീക്ഷണങ്ങളിലാണ് ഇപ്പോൾ പഠനസംഘം.

EGCGയുടെ രാസഘടനയിൽ വ്യത്യാസം വരുത്തി ഉദരത്തിൽ നിന്നുള്ള അവയുടെ ആഗിരണം എളുപ്പമാക്കാനും അല്ലെങ്കിൽ ഒരു ഇൻജെക്ഷനിലൂടെ തൻമാത്രകളെ പ്ലേക്കുകളിലേക്ക് എത്തിക്കാനും സാധിക്കുമോ എന്നാണ് ഗവേഷകർ പരിശോധിക്കുന്നത്. ഡേവിഡ് മിഡിൽടൺ, ജെറേമി പിയേഴ്സൺ, ഷീന റാഡ്ഫോർഡ് എന്നിവർ നടത്തിയ ഈ പഠനം ബയോളജിക്കൽ കെമിസ്ട്രി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

Read More : Health News