Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പയ്ക്കു പിറകേ ഭീതി പരത്തി കരിമ്പനിയും

kala-azar

കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിൽ കരിമ്പനി (കാലാ അസർ) എന്ന പകർച്ചവ്യാധിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നു. 

മലേറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം മരണത്തിനു കാരണമാകുന്നുവെന്നു കരുതപ്പെടുന്ന കരിമ്പനി രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുണ്ടെങ്കിലും കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളിലായി ഒറ്റപ്പെട്ട കേസുകൾ മാത്രമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത്തവണ ഷിബു എന്ന 38കാരനെയാണ് തിരുവനന്തപുരം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ര

രോഗാണു ശരീരത്തിൽ കയറിയാൽ തൊലി കറുത്ത നിറമായി മാറും എന്നതിനാലാണു കരിമ്പനി എന്നു പേരു വന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾപ്രകാരം പ്രതിവർഷം അരലക്ഷംപേരെങ്കിലും ഈ അസുഖം വന്നു ലോകത്തു മരിക്കുന്നുണ്ട്. സാൻഡ് ഫ്ലൈ എന്ന മണലീച്ചയാണു രോഗം പരത്തുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാലും വളരെ വൈകി, 50 മുതൽ 60 വരെ ദിവസങ്ങൾ കഴിഞ്ഞേ ലക്ഷണങ്ങൾ പ്രകടമാകൂ എന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രശ്നം. അത്രയും നാൾ ചികിൽസ വൈകും എന്നതുകൊണ്ടാണ് ഇതു ഗുരുതരമാകുന്നത്. 

നീണ്ടു നിൽക്കുന്ന പനിയും ക്ഷീണവുമാണ് കാലാ അസാറിന്റെ ലക്ഷണം. ദേഹമാസകലും തടിച്ച് പൊട്ടുകയും വയറും കരളും ക്രമാതീതമായി വീര്‍ക്കുകയും ചെയ്യും. 

യഥാസമയം കണ്ടെത്തിയാൽ രണ്ടാഴ്ചത്തെ ചികിൽസകൊണ്ടു രോഗം ഭേദമാക്കാമെന്നു പറയാറുണ്ട്. രാത്രികാലങ്ങളിലെ ശക്തമായ പനി, രക്തസ്രാവം, ശരീരം ശോഷിക്കൽ, ക്ഷീണം എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. പ്രധാനമായും കരൾ, പ്ലീഹ, മജ്ജ, അസ്ഥി എന്നിവയെയാണു രോഗം ബാധിക്കുന്നത്. രോഗകാരണമായ മണലീച്ചയെ ഇല്ലാതാക്കിയാണു രോഗനിയന്ത്രണം. എന്നാൽ, ‍കൃത്യമായ പ്രതിരോധമരുന്നുകളില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. 

വേനൽക്കാല പകർച്ചവ്യാധികളുടെ കടന്നുവരവിനൊപ്പമാണു കരിമ്പനിഭീഷണി. മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ കേരളത്തിൽ വരാനിരിക്കുന്ന മഴക്കാലവും നമ്മെ പേടിപ്പിക്കുന്നു. മഴക്കാലത്തു പലയിടത്തും ചിക്കുൻഗുനിയ, എലിപ്പനി, എച്ച്1എൻ1, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കാറുണ്ട്; പനിമരണങ്ങളും ഉണ്ടാവാറുണ്ട്.

Read More : ആരോഗ്യവാർത്തകൾ