Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയപ്പെടേണ്ട കാര്യമില്ല: കരിമ്പനിക്കെതിരെ കരുതലോടെ ആരോഗ്യ വകുപ്പ്

fever Representative Image

കുളത്തൂപ്പുഴയ്ക്കടുത്തുള്ള വില്ലുമല ആദിവാസി മേഖലയിലെ 38 വയസുകാരന് കരിമ്പനി സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും എല്ലാ പ്രതിരോധ മാര്‍ഗങ്ങളും ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, മലേറിയ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ഉറവിടം കണ്ടെത്തുകയും ചെയ്തു. ജനപ്രതിനിധികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ യോഗം കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മണലീച്ചകളാണ് കരിമ്പനി പരത്തുന്നത് എന്നതിനാല്‍ അവയെ നശിപ്പിക്കുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം. ഇതിന്റെ ഭാഗമായി വീടുകളില്‍ കരിമ്പനിക്ക് കാരണക്കാരായ മണലീച്ചകളെ നശിപ്പിക്കാനായി പ്രത്യേക ലായനി തളിക്കുന്നതാണ്. ആരോഗ്യവകുപ്പിലേയും മെഡിക്കല്‍ കോളജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കരിമ്പനി ബാധിത പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക പരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം അവബോധ പരിപാടികളും സംഘടിപ്പിക്കുന്നതാണ്.

കുളത്തൂപ്പുഴ വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്ത് താമസിക്കുന്ന യുവാവ് ക്ഷീണവും വയറുവേദനയുമായാണ് മെഡിക്കല്‍ കോളജിലെത്തിയത്. സംശയത്തെ തുടര്‍ന്ന് ആര്‍സിസിയില്‍ നടത്തിയ ബോണ്‍മാരോ പരിശോധനയിലാണ് കരിമ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ യുവാവിന് പ്രത്യേകമായി വിദഗ്ധ ചികിത്സ നല്‍കുകയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു.

എന്താണ് കരിമ്പനി?

ലോകത്തിന്റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാ അസാര്‍. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കേരളത്തിന്റെ ആദിവാസി മേഖലകളില്‍ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

കേരളത്തില്‍ കരിമ്പനി അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ മലപ്പുറം ജില്ലകളിലായി മൂന്നു പേരില്‍ കരിമ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2005ലും 2016ലും കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ഈ ജീവികളെ ധാരളമായി കാണാം. മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന രോഗ പ്രതിരോധ മാര്‍ഗം.

മാരകമായ രോഗമായതിനാല്‍ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ആന്തരികാവയവങ്ങളായ പ്ലീഹ, കരള്‍, അസ്ഥി, മജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണവുമാകും. കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കരിമ്പനി.

Read More : ആരോഗ്യവാർത്തകൾ