Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ വലിപ്പമുള്ള മുഖത്തെ മുഴ നീക്കം ചെയ്തു; അമറിന് ഇനി സംസാരിക്കാം

amar അമർ സമദ് ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ അമൃത ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം

മുഖം മറച്ചു വളർന്ന ഫുട്ബോൾ വലിപ്പമുള്ള മുഴയുമായി കൊച്ചിയിലെത്തിയ ജാർഖണ്ഡിൽ നിന്നുള്ള ആദിവാസി യുവാവിന് ആശ്വാസത്തിന്റെ രണ്ടാം ജൻമം. 19 വയസ്സുകാരനായ അമർ സമദിന്റെ താടിയെല്ലിൽ വളർന്ന ട്യൂമർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 12 സർജൻമാർ ചേർന്ന് 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണു 4.8 കിലോഗ്രാം വലിപ്പമുള്ള മുഖ മുഴ നീക്കിയത്. മെഡിക്കൽ ചരിത്രത്തിൽ മുഖത്തു വളരുന്ന ഇത്രയും വലിപ്പമുള്ള മുഴ മറ്റൊരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി മേധാവി ഡോ.സുബ്രഹമണ്യ അയ്യർ പറഞ്ഞു. 

കർഷക കുടുംബാംഗമായ അമറിന്റെ താടിയെല്ലിൽ ഇടതുഭാഗത്തേക്ക് മുഴ വളർന്നു തുടങ്ങിയത് 2008 മുതലാണ്.  മുഴക്കു വലിപ്പമായതോടെ സംസാരിക്കാനും ഭക്ഷണം കഴിക്കാനും ശ്വസിക്കാനും പോലും ബുദ്ധിമുട്ടായി. കാഴ്ചയേയും ബാധിച്ചു. ഒപ്പം പാരാതൈറോയിഡ് ഗ്രന്ഥിയിലും ട്യൂമർ(പാരാതൈറോയിഡ് അഡിനോമ) വളർന്നു.

ഇടതു കണ്ണിനേയും ബാധിക്കുന്ന ട്യൂമർ നീക്കം ചെയ്യുന്നതും താടിയെല്ല് പുനർനിർക്കുന്നതും വലിയ വെല്ലുവിളിയായിരുന്നെന്നു ഡോക്ടർമാർ പറഞ്ഞു. ത്രിഡി പ്രിന്റിന്റെ സഹായത്തോടെ അമറിന്റെ മുഖ മാതൃക ഉണ്ടാക്കി അതിൽ ശസ്ത്രക്രിയ പരിശീലനം നടത്തിയ ശേഷമായിരുന്നു യഥാർഥ ശസ്ത്രക്രിയ. രക്തം അമിതമായി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ ഇവിടേക്കുള്ള രക്ത കുഴലുകൾ അടച്ചിരുന്നു. ഇടതു കണ്ണ് മാറ്റേണ്ടി വരുമെന്നു കരുതിയെങ്കിലും അതു രക്ഷപ്പെടുത്താനായെന്നും പ്ലാസ്റ്റിക് ട്യൂബുകൾ ഉപയോഗിച്ചാണു മൂക്ക് പുനർനിർമിച്ചതെന്നും ഡോ.സുബ്രഹമണ്യ അയ്യർ പറഞ്ഞു. 

amar

തൈറോയ്ഡ് ഗ്രന്ഥിയിലെ വളർച്ചയും നീക്കം ചെയ്തു. അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരും  അതി സങ്കീർണമായ ശസ്ത്രക്രിയയിൽ പങ്കാളിയായി. പുനർനിർമിച്ച താടിയെല്ലിൽ ഇനി പല്ലായി പ്രവർത്തിക്കാൻ വേണ്ട ഇംപ്ലാന്റുകൾ ഘടിപ്പിക്കണം. ഇടതു കണ്ണിന്റെ സ്ഥാനം അൽപ്പം മാറിപ്പോയതും ശരിയാക്കണം. ഈ തുടർ ചികിൽസ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു ഡോക്ടർമാർ പറഞ്ഞു. 

നിർധന കുടുംബാഗമായ അമറിന്റെ ജീവിത സാഹചര്യം മനസ്സിലാക്കി പൂർണമായും സൗജന്യമായാണു അമൃത ആശുപത്രി ശസ്ത്രക്രിയയും ചികിൽസയും നടത്തിയത്. ഉത്തരാഖണ്ഡിൽ നിന്നുള്ള ഡോ.ശ്രീഹരി ജിംഗ്ലയാണു അമറിനെ ചികിൽസക്കായി കൊച്ചിയിലെത്തിച്ചത്. സാധാരണ ആരോഗ്യസ്ഥിതിയിലേക്കു മടങ്ങിയെത്തുന്ന അമറിന് ഇപ്പോൾ സംസാരിക്കാനും പ്രയാസമില്ല. മുഴ വളർന്ന ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങുക പോലും ചെയ്യാതെ ഒറ്റപ്പെട്ടുപോയ തനിക്ക് ഇത് രണ്ടാം ജൻമമാണെന്ന് അമർ പറഞ്ഞു. മാതാപിതാക്കൾ മരിച്ച അമറും ഇളയ സഹോദരങ്ങളും ബന്ധുവിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. 

Read More : Health News