മാരകമായ ബ്യുബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്തു; കരുതിയിരിക്കുക

വടക്ക് പടിഞ്ഞാറന്‍ അമേരിക്കയിലെ ഇദാഹോയില്‍ മാരകമായ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വിവരം. Yersinia pestis എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന മാരകമായ പകര്‍ച്ചവ്യാധിയാണിത്. ഇദാഹോയില്‍ ഒരു കൗമാരക്കാരനാണ് ഇത് ബാധിച്ചതായി റിപ്പോര്‍ട്ട്. 

അണ്ണാറക്കണ്ണന്‍ ഇനത്തില്‍പ്പെട്ട ജീവികളിലാണ് ഈ ബാക്ടീരിയ സാധാരണ കാണപ്പെടുന്നത്. മനുഷ്യരിലേക്ക് ഇതു പകരുന്നത് വളരെ അപൂര്‍വമാണ്. അണുബാധയേറ്റ ജീവികളില്‍ നിന്നാകാം ഇത് മനുഷ്യനില്‍ എത്തിയത് എന്നാണു നിഗമനം. 

എല്‍മോര്‍ സിറ്റി കൗണ്ടിയിലെ ഒരു പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ കുട്ടിയില്‍ എങ്ങനെയാണ് ബാധിച്ചത് എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുട്ടിയുടെ വീടിനു സമീപത്തു നിന്നും ശേഖരിച്ച അണ്ണാറക്കണ്ണന്‍മാരിൽ ഈ ബാക്ടീരിയ ബാധ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

1990 നു ശേഷം ഒറിഗോണില്‍ തന്നെയുള്ള എട്ടു പേര്‍ക്ക് ഈ രോഗബാധ ഉണ്ടായിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1940 ലാണ് ആദ്യമായി ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്‌. പെട്ടെന്നുള്ള പനി, വിറയല്‍, തലവേദന എന്നിവയാണ് ഇതിന്റെ പ്രാരംഭലക്ഷണങ്ങള്‍. മസ്സില്‍ വീക്കവും രോഗികള്‍ക്ക് ഉണ്ടാകുന്നുണ്ട്. 

എന്നാല്‍ രോഗത്തെ തല്‍ക്കാലം ഭയപ്പെടേണ്ട എന്നാണു മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ നല്‍കുന്ന വിവരം. ഇന്ന് ചികിത്സാരംഗം ഏറെ മുന്നേറിയ സാഹചര്യത്തില്‍ ഇതിനെതിരെയുള്ള ആന്റി ബയോട്ടിക്കുകള്‍ വികസിപ്പിച്ചു വരികയാണ്. 

മുന്‍കരുതലുകള്‍ ഇവ 

∙ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക. 

∙ ചത്ത മൃഗങ്ങളുടെ മൃതദേഹത്തിനു അരികില്‍ പോലും പോകാതെ നോക്കുക.

∙ വളര്‍ത്തു മൃഗങ്ങളെ പുറത്തു നിന്നുള്ള മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ സംരക്ഷിക്കുക 

∙ വഴിവക്കില്‍ കാണുന്ന മൃഗങ്ങള്‍ക്ക് ആഹാരം നല്‍കാതിരിക്കുക ,അവയുടെ കടിയേല്‍ക്കാതെ സൂക്ഷിക്കുക 

∙ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക 

∙ വളര്‍ത്തുമൃഗങ്ങള്‍ക്കു നല്‍കുന്ന ആഹാരം പുറത്തു നിന്നുള്ളവ വന്നു കഴിക്കാതെ സൂക്ഷിക്കുക

Read More : Health News