Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രുതിമീട്ടുന്നതെന്നും ലാലിച്ചന്റെ ഹൃദയതാളം

shruthy ശ്രുതിയുടെ നെഞ്ചിടിപ്പു കേൾക്കുന്ന ലില്ലിക്കുട്ടി. ലില്ലിക്കുട്ടിയുടെ മസ്തിഷ്ക മരണം സംഭവിച്ച സഹോദരൻ തൈപ്പറമ്പിൽ ജോസഫ് മാത്യുവിന്റെ ഹൃദയമാണ് ശ്രുതിക്കു മാറ്റിവച്ചത്. ചിത്രം: ടോണി ഡൊമിനിക്

ലാലിച്ചന്റെ ഹൃദയം താളവ്യത്യാസങ്ങളില്ലാതെ ശ്രുതിയിൽ മിടിക്കുവാൻ തുടങ്ങിയിട്ട് അഞ്ചു വർഷം പൂർത്തിയായി. 

കേരളത്തിൽ ആദ്യമായാണ് രണ്ടാം ഹൃദയവുമായി ഒരു വ്യക്തി അഞ്ചു വർഷം ജീവിക്കുന്നത്. 43-ാം വയസ്സിൽ നിന്നുപോകുമായിരുന്ന ലാലിച്ചന്റെ ഹൃദയം ശ്രുതിയിൽ ഇന്നും മിടിച്ചുകൊണ്ടിരിക്കുന്നതിനുള്ള വലിയ തീരുമാനമെടുത്ത അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ശ്രുതിയുടെ സന്തോഷത്തിൽ പങ്കുചേരുവാൻ ഇന്നലെ എത്തി. 

ലിസി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശംസകൾ നേരുവാൻ സിനിമാതാരം കാളിദാസ് ജയറാമും എത്തിയിരുന്നു. ശ്രുതിക്കു കേക്ക് മുറിച്ചു നൽകിയ ശേഷം തങ്ങളുടെ സഹോദരന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞുകൊണ്ടാണ് ലാലിച്ചന്റെ സഹോദരങ്ങൾ യാത്ര പറഞ്ഞത്.

ആരക്കുന്നം കടപ്പുത്തു വീട്ടിൽ ശശീന്ദ്രന്റെയും ശാന്തയുടെയും മകളായ ശ്രുതിക്ക് (29) ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖമായിരുന്നു. രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു ഡിസീസും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ജന്മനാ ഒരു വൃക്ക മാത്രമേ ശ്രുതിക്കുണ്ടായിരുന്നുള്ളൂ. ഏഷ്യയിൽ ആദ്യമായാണ് ഇത്തരം ഒരു വ്യക്തിയിൽ വിജയകരമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. 

Read More : Health News