Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതിയിൽ മനസ്സിനെയും പുനർനിർമിക്കാം; തിരിച്ചുവരാം ഉൾക്കരുത്തിലൂടെ

Ernakulam Flood Representational image

പ്രളയക്കെടുതിയിൽ മാനസിക വിഷമതകളിൽ മുങ്ങിപ്പോയവർക്കു മാനസിക ഊർജം വീണ്ടെടുക്കാൻപോന്ന വിധത്തിലുള്ള ഇടപെടലുകൾ നടത്താനാകണം. സങ്കീർണമായ തെറപ്പികളല്ല ഈ ഘട്ടത്തിൽ വേണ്ടത്. സാമൂഹിക പിന്തുണയുണ്ടെന്ന വിശ്വാസം ജനിപ്പിക്കുന്നവിധത്തിൽ കേൾക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ സാന്നിധ്യമാണു മാനസികാരോഗ്യ പ്രഥമശുശ്രൂഷയിലെ അവിഭാജ്യ ഘടകം. മനസ്സിന്റെ പുനർനിർമാണത്തിനുള്ള അടിത്തറ അതാണ്.  

തിരിച്ചറിയാം...

ദുരന്തത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ഓർമകൾ, നഷ്ടങ്ങളുടെ കണക്ക് ഓർക്കുമ്പോഴുള്ള നിസ്സഹായതയും വിഷാദവും, നിയന്ത്രിക്കാനാവാത്ത ആധി, ചെറുശബ്ദങ്ങൾ കേൾക്കുമ്പോൾപോലും ഉണ്ടാകുന്ന ഞെട്ടൽ, പ്രളയത്തെക്കുറിച്ചുള്ള ഓർമകൾ സൃഷ്ടിക്കുന്ന വേവലാതി, സ്വയം  കുറ്റപ്പെടുത്തൽ, ശ്രദ്ധക്കുറവ്, ചിന്തിക്കാൻ പറ്റായ്ക, തളർച്ച, ആത്മവിശ്വാസം നഷ്ടമാകൽ, ഉറക്കമില്ലായ്മ-ഇങ്ങനെ വിവിധ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതു സൂചനയാണ്. ഇതു സ്വാഭാവികമാണെന്നും അതിജീവിക്കേണ്ടതു തുടർജീവിതത്തിന് അനിവാര്യമാണെന്നും ബോധ്യപ്പെടുത്തണം. എല്ലാവർക്കും ഇതൊക്കെ ഉണ്ടാകണമെന്നില്ല. പക്ഷേ, ഉള്ളവരെ തിരിച്ചറിയണം. അതിജീവിക്കാൻ സഹായിക്കണം.

ആർക്കൊക്കെ ചെയ്യാം?

∙ പ്രളയക്കെടുതിയുടെ വൈവിധ്യമാർന്ന സംഘർഷങ്ങളുമായി താദാത്മ്യം പ്രാപിച്ചു വൈകാരികമായ സഹായം നൽകാനുള്ള കഴിവു വേണം.

∙ ക്ഷമയോടെ കേൾക്കാൻ സന്മനസ്സു വേണം. സമയപരിധികൾ പാടില്ല. പറയുന്നയാൾക്ക് ആശ്വാസം കിട്ടുന്നതുവരെയെന്നതാകണം സമയക്രമം.

∙ തുറന്ന ചോദ്യങ്ങളിലൂടെ അനുഭവങ്ങൾ സ്വതന്ത്രമായി പങ്കുവയ്ക്കാനുള്ള വഴിയൊരുക്കാൻ പ്രാപ്തി വേണം.

∙ വിഷമങ്ങൾ പങ്കുവയ്ക്കുന്ന വ്യക്തിയുടെ വൈകാരിക വിക്ഷോഭങ്ങളിൽ പതറാതെയും ശരിതെറ്റുകളെക്കുറിച്ചു വിധിപറയാതെയും ശാന്തമായി ഈ സമാശ്വാസ ഇടപെടലുകളെ മുൻപോട്ടുകൊണ്ടുപോകണം.

∙ വാക്കുകളില്ലാതെ മൗനത്തിലൂടെയും ശരീരഭാഷയിലൂടെയും പ്രകടിപ്പിക്കപ്പെടുന്ന ആകുലതകൾ തിരിച്ചറിയാൻ മിടുക്കു വേണം.

∙ ആർദ്രതയും ഊഷ്മളതയും കരുതലുമൊക്കെ അനുഭവവേദ്യമാക്കാൻ സാധിക്കണം.

∙ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന മനോഭാവം ഉണ്ടാകരുത്. ഉപദേശങ്ങൾ നൽകൽ ഒഴിവാക്കാം.

∙വിദഗ്ധ സഹായം വേണ്ടിവരുന്ന തലത്തിലേക്കു പോകുന്നവരെ തിരിച്ചറിയാനും അത്തരം സംവിധാനങ്ങളുമായി കൂട്ടിയിണക്കാനും കഴിയണം. 

എന്തൊക്കെ ചെയ്യാം?

∙ ശാന്തമായി കേൾക്കുക.

∙ സ്വയമേ ദുരന്തഭീതികൾ പങ്കുവയ്ക്കുന്നുവെങ്കിൽ അതു തടയരുത്. സൂക്ഷ്മാംശങ്ങൾ വിശദമാക്കാൻ ശ്രമിക്കേണ്ട.

∙ അവരുടെ വൈകാരിക വിക്ഷോഭങ്ങളെയും ആശങ്കകളെയും അംഗീകരിക്കുക. വിലക്കുകൾ ഇല്ലാതെ.

പറയാൻ അനുവദിക്കുക

∙ സത്യസന്ധമായി അറിയാവുന്ന വിവരങ്ങൾ പറയുക. യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടതും ആവശ്യമാണ്.

∙ ഇപ്പോൾ ഉണ്ടാകുന്ന സാമൂഹിക പിന്തുണയുടെ ശക്തി ചൂണ്ടിക്കാട്ടി പ്രത്യാശ ഉണ്ടാക്കാം.

∙മുൻകാലങ്ങളിൽ പ്രതിസന്ധിഘട്ടങ്ങളിൽ തുണയായ മനസ്സിന്റെ ശക്തികളെ കണ്ടെത്താൻ സഹായിക്കാം. അതിജീവിക്കാനുള്ള ആത്മവിശ്വാസത്തെ ഉണർത്താം. നിലനിർത്താം.

∙ ആഹ്ലാദവും സമാധാനവും നൽകുന്ന ദൈനംദിന കാര്യങ്ങളിലേക്കു മടങ്ങാൻ പ്രേരിപ്പിക്കാം.

∙ മനസ്സിനു ശാന്തത ലഭിക്കാൻ പണ്ടു ചെയ്ത ആരോഗ്യകരമായ ശീലങ്ങൾ തിരിച്ചുപിടിക്കാൻ സഹായിക്കാം. അതു പ്രാർഥനയാകാം, പാട്ടുകേൾക്കലാകാം, ശ്വസന വ്യായാമമാകാം.

 സ്വയം ചെയ്യേണ്ടത്

∙ ദുരിതത്തിൽപെട്ടവർക്കും മനസ്സിന്റെ പുനർനിർമാണത്തിനു സ്വയം ചെയ്യാവുന്ന കാര്യങ്ങളുണ്ട്. ഭാവനയ്ക്ക് അതീതമായ പ്രകൃതിക്ഷോഭത്തിന് ഇരയാകുമ്പോൾ മനസ്സ് അശാന്തമാകുന്നതു സാധാരണം. കടിച്ചമർത്തി ആരോടും പറയാതെ ഇരിക്കരുത്. ആരോടെങ്കിലും തുറന്നു സംസാരിച്ചു മനസ്സിന് അയവുവരുത്തുക. ഇല്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആത്മഹത്യാ ചിന്തകൾപോലും മുളപൊട്ടാം.

∙ ദുരന്ത സാഹചര്യത്തിൽ സ്വയം കുറ്റപ്പെടുത്തുകയോ അന്യരെ പഴിക്കുകയോ ചെയ്യാതിരിക്കുക. അതു വിഷമതകളുടെ കാഠിന്യം വർധിപ്പിക്കും.

∙ ഒരുകാരണവശാലും മനസ്സിന് ആശ്വാസത്തിനായി ഈ ഘട്ടത്തിൽ മദ്യത്തെയോ മറ്റു ലഹരിപദാർഥങ്ങളെയോ ആശ്രയിക്കരുത്. അതു പുനരധിവാസത്തിന് എതിരാകും. 

∙ കഴിയുന്നത്ര വേഗം ദിനചര്യകൾ തിരിച്ചുപിടിച്ചു കർമനിരതരാകാൻ ശ്രദ്ധിക്കുക.

 ∙ ശാരീരികാരോഗ്യവും മനസ്സിന്റെ ശാന്തതയും നിലനിർത്താൻ ജാഗ്രത പുലർത്തുക. ഭക്ഷണം, വിശ്രമം, ഉറക്കം, കുറച്ചു വ്യായാമം - ഇവയൊക്കെ പരിമിതികൾക്കുള്ളിലും ആവശ്യത്തിന് ഉറപ്പാക്കണം.

∙ ദുരന്തത്തിൽ നേരിട്ടതും നേരിടാൻ പോകുന്നതുമായ നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുന്നതു സ്വാഭാവികം. എന്നാൽ അതു വ്യക്തിബന്ധങ്ങളിൽനിന്നു വിട്ടുമാറി ഉൾവലിയും വിധത്തിലാകരുത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള ആശയവിനിമയത്തിന്റെ കണ്ണികൾ മുറിയരുത്. കൂട്ടായ്മ ഈ ഘട്ടത്തിൽ ഉയിരേകുന്ന അമൃതുപോലെയാണ്.

∙ പൊള്ളുന്ന വിചാരങ്ങൾ വേട്ടയാടുമ്പോൾ, പണ്ട് സന്തോഷം നൽകിയ വേളകളെക്കുറിച്ചും ഇപ്പോൾ കിട്ടിയ കൊച്ചു കൊച്ചു ഭാഗ്യങ്ങളെക്കുറിച്ചും ആലോചിക്കാം. ആശ്വസിക്കാം. പ്രാർഥനകളാകാം. ധ്യാനം നടത്താം. 

∙ നഷ്ടങ്ങൾ നിറയുന്ന യാഥാർഥ്യങ്ങളെ അംഗീകരിക്കുന്ന മനസ്സ് ഉണ്ടാക്കണം. ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ചു ജീവിതം പുനർനിർമിക്കാനുള്ള ഇച്ഛാശക്തി വളർത്തണം. 

തിരിച്ചുകയറാനുള്ള ഉൾക്കരുത്തിന്റെ അപാരശേഖരമാണു മനസ്സ്. അതു കണ്ടെത്തണം. ചോർച്ചകൾ അടച്ചു പുനർനിർമിക്കണം. തീർച്ചയായും നമുക്കതിനു കഴിയും.

(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ആണു ലേഖകൻ)

related stories