2018 ല്‍ മാത്രം കാന്‍സര്‍ കവരുന്നത് 90 ലക്ഷം ജീവന്‍

ലോകത്താകമാനം കാന്‍സര്‍ രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ധിച്ചു വരികയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനകാലം മുതൽ ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന വാക്കായി കാൻസർ മാറിയിട്ടുണ്ട്. ചികിത്സാരംഗത്ത് ഒട്ടേറെ മുന്നേറ്റമുണ്ടെങ്കിലും കണ്ടെത്താന്‍ വൈകുന്നതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്. 

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 2018 ല്‍ മാത്രം കാന്‍സര്‍ കവരുന്നത് 90 ലക്ഷം ആളുകളുടെ ജീവനായിരിക്കും എന്നാണു റിപ്പോര്‍ട്ട്. പുരുഷന്മാരില്‍ എട്ടു പേരില്‍ ഒരാള്‍ക്കും സ്ത്രീകളില്‍ പതിനൊന്നു പേരില്‍ ഒരാള്‍ക്കും എന്ന കണക്കിലാണ് കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ പോകുന്നത് എന്നാണു ലോകാരോഗ്യസംഘടന നല്‍കുന്ന മുന്നറിയിപ്പ്. 

ഈ വർഷം മാത്രം 18.1 ദശലക്ഷം കാന്‍സര്‍ കേസുകള്‍ ലോകത്താകമാനം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടും എന്നാണു കരുതപ്പെടുന്നത്. 2012 ല്‍ തയാറാക്കിയ അവസാനറിപ്പോര്‍ട്ട്‌ പ്രകാരം ഇത് 14.1 ദശലക്ഷം ആയിരുന്നു. 

ജീവിതശൈലീമാറ്റങ്ങള്‍ മുതല്‍ പല കാരണങ്ങളാണ് കാൻസർ രോഗവർധനയ്ക്കു പിന്നില്‍. ചിലരിൽ ജനിതകപരമായ കാരണങ്ങള്‍ മൂലവും കാന്‍സര്‍ ഉണ്ടാകുന്നുണ്ട്. എങ്കിലും നമ്മുടെ ജീവിതചര്യകൾ എങ്ങനെയെന്നതിനെ ആശ്രയിച്ചാണ് നല്ലൊരു ശതമാനം ആളുകളിലും കാൻസർ വരാനുള്ള സാധ്യത. ഭക്ഷണക്രമവും പുകവലിയും അമിതവണ്ണവുമെല്ലാം ഇതിനു പിന്നിലുണ്ട്. 

ലോകത്തു ഏറ്റവുമധികം ആളുകളെ കൊല്ലുന്ന കാൻസർ ശ്വാസകോശാര്‍ബുദമാണ്. 2.1 ദശലക്ഷം കേസുകള്‍ ആണ് ഈ വർഷം മാത്രം ഈ വിഭാഗത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ടുപിന്നാലെയുണ്ട് സ്തനാർബുദം. പിന്നാലെ ആമാശയകാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയും. രോഗം എത്രയും വേഗം കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിന് കാന്‍സര്‍ ചികിത്സയിൽ ഏറെ പ്രാധാന്യമുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം, പുകവലി ഉപേക്ഷിക്കാനുള്ള കാംപയിനുകള്‍ എന്നിവയിലൂടെ കാന്‍സര്‍ അവബോധം ആളുകളില്‍ വര്‍ധിപ്പിക്കാം. നോര്‍ത്ത് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരുന്നു. 

2018 ല്‍ കാന്‍സര്‍ മൂലമുള്ള മരണങ്ങൾ ഏറ്റവും കൂടുതലുണ്ടാകുന്നത്  ഏഷ്യയിലായിരിക്കും. ലോകജനസംഖ്യയുടെ 60 ശതമാനവും ഇവിടെയാണ്‌ എന്നോര്‍ക്കുക.