Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമാകുമ്പോൾ ഉറക്കം എങ്ങനെ?

Sleep

പ്രായമാകുമ്പോൾ ഉറക്കത്തിന്റെ ഘടനയിലും ദൈർഘ്യത്തിലും കാതലായ മാറ്റങ്ങൾ ഉണ്ടാകും. ഇതാണ് വാർധക്യത്തിൽ പലതരത്തിലുള്ള നിദ്രാവൈകല്യങ്ങൾക്കുള്ള കാരണം. പ്രായ മേറുംതോറും ഉറക്കത്തിന്റെ ദൈർഘ്യം കുറയുന്നു. കുഞ്ഞുങ്ങൾ 20 മണിക്കൂർ വരെയൊക്കെ ഉറങ്ങുമ്പോൾ, ചെറുപ്പക്കാരുടെ ഉറക്കം ആറു മുതൽ എട്ടു മണിക്കൂർ വരെ സുഖമായി നീളുമ്പോൾ, 60 പിന്നിട്ടവർ ആറു മണിക്കൂർ കഷ്ടിച്ച് ഉറങ്ങിയാലായി. ഉറക്കത്തിന്റെ ഘടനയിലുള്ള ഏറ്റവും പ്രധാന മാറ്റം നേത്രദ്രുതചലനരഹിത നിദ്രയിലാണ് കാണു ന്നത്. ഏറ്റവും ആഴത്തിലുള്ള ഉറക്കം ലഭിക്കുന്ന നിദ്രയുടെ മൂന്നാം ഘട്ടം പ്രായമായവരിൽ ഏതാണ്ട് പൂർണമായും അപ്രത്യക്ഷമാകുന്നു. രാത്രിയിലെ ഉറക്കമില്ലായ്മ പകൽമയക്കത്തിനും ക്ഷീണത്തിനും കാരണമാകാം. 

അറുപതു കഴിഞ്ഞാൽ

∙ ഉറക്കത്തിന്റെ ദൈർഘ്യം കുറയുന്നു. 

∙ ഉറങ്ങിത്തുടങ്ങാൻ കാലതാമസമുണ്ടാകുന്നു.

∙ നേരത്തെ ഉറക്കം തോന്നുന്നു– നേരത്തെ ഉണർന്നു പോകുന്നു.

∙ നേത്രദ്രുതചലന നിദ്രയുടെയും നേത്രദ്രുതചലനരഹിത നിദ്രയുടെയും ഘടനയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. 

∙ ഉറക്കത്തിനിടയിൽ ചെറിയ അനക്കങ്ങൾ ഉണ്ടായാൽ പോലും ഉണർന്നു പോകുന്നു.

∙ അസ്വസ്ഥതകൾ നിറഞ്ഞ ഉറക്കത്തിനിടയിൽ പല തവണ ഉണർന്നു പോകുന്നു.

∙ പകലുറക്കവും ക്ഷീണവും അനുഭവപ്പെടുന്നു.

മുത്തച്ഛന് ഉറക്കമില്ല 

പ്രായമായവരുടെ പ്രധാന ഉറക്കപ്രശ്നം ഉറക്കമില്ലായ്മ തന്നെ. 65 നു മേല്‍ പ്രായമുള്ളവരിൽ ഏതാണ്ട് പകുതിയിലേറെ പേർക്കും ഉറക്കക്കുറവിന്റെ പ്രശ്നങ്ങളുണ്ട്. പ്രായമുള്ള സ്ത്രീകളിലാണ് ഉറക്കക്കുറവ് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലായി കാണപ്പെടുന്നത്. ആർത്തവ വിരാമത്തെ തുടർന്നുള്ള ഹോർമോൺ വ്യതിയാനങ്ങളാണ് പ്രായമായ സ്ത്രീകളിലെ ഉറക്കക്കുറവിനുള്ള പ്രധാന കാരണം. 

വൃദ്ധജനങ്ങളിൽ കണ്ടു വരുന്ന ഉറക്കക്കുറവിന്റെ മറ്റൊരു കാരണം ശാരീരിക പ്രശ്നങ്ങളാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ  വീക്കമുള്ളവർക്ക് രാത്രിയിൽ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരുന്നതുകൊണ്ട് ഉറക്കം നഷ്ട പ്പെട്ടെന്നു വരാം. അതു പോലെ തന്നെ ഹൃദയസ്തംഭനം, ദീർഘകാല ശ്വാസകോശരോഗങ്ങൾ, സന്ധിവേദനകൾ, നടുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും സുഖനിദ്രയ്ക്കു തടസ്സമുണ്ടാക്കാം. ശാരീരികപ്രശ്നങ്ങൾ പോലെ തന്നെ വിഷാദവും അമിത ഉത്ക്കണ്ഠ പോലെയുള്ള മാനസിക പ്രശ്നങ്ങളും ഉറക്കക്കുറവിനുള്ള കാരണങ്ങളിൽപ്പെടുന്നു. 

അൽഷിമേഴ്സ് പോലെ മറവി രോഗങ്ങളുള്ളവർക്കും ഉറക്കക്കുറവ് ഒരു പ്രശ്നമാണ്. മറവിരോഗം അതിന്റെ മൂർധന്യാവ സ്ഥയിലെത്തുന്നതോടെ ഉറക്കപ്രശ്നങ്ങളും കൂടുതൽ രൂക്ഷമാകുന്നു. വെയിൽ മങ്ങി ഇരുൾ പരക്കുമ്പോഴേക്കും മറവി രോഗമുള്ളവർ കൂടുതൽ അസ്വസ്ഥതകൾ പ്രകടിപ്പിക്കാനും അസാധാരണമായി പെരുമാറാനും സാധ്യതയുണ്ട്. രാത്രിയിലെ ഉറക്കക്കുറവുമൂലം പകലെവിടെയെങ്കിലും ഉറക്കംതൂങ്ങിയിരിക്കും. ഈ സ്വഭാവ വൈകല്യങ്ങളെല്ലാം തന്നെ മറവി രോഗമുള്ളവരുടെ പരിചരണം കൂടുതൽ സങ്കീർണമാക്കുന്നു. 

പാർക്കിൻസോണിസമുള്ള വൃദ്ധജനങ്ങളിലും പലതരത്തിലുള്ള നിദ്രാവൈകല്യങ്ങൾ കാണാറുണ്ട്. ഉറക്കക്കുറവ് തന്നെയാണ് പ്രധാന പ്രശ്നം. കൂടാതെ കാലുകളുടെ അനിയന്ത്രിത ചലനങ്ങൾ, ദുഃസ്വപ്നങ്ങൾ കാണുക, ഉറക്കത്തിൽ ഞെട്ടിയു ണരുക തുടങ്ങിയവയും അപൂർവമല്ല. ഉറക്കക്കുറവിന്റെ മറ്റൊരു കാരണം മരുന്നുപയോഗമാണ്. സാധാരണ ഉപയോഗത്തിലുള്ള പല മരുന്നുകളും പ്രായമായ വരിൽ ഉറക്കക്കുറവുണ്ടാക്കും. കാപ്പിയും ചായയും പോലെ യുള്ള തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന പാനീയങ്ങളും മദ്യവും ഉറക്കത്തെ തകരാറിലാക്കിയേക്കാം.