Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂക്കിൽ വളരുന്ന ദശയും കൂർക്കംവലിയും

snoring

ഇരുപതു വയസ്സുള്ള യുവതിയായ എന്നെ രണ്ടു വർഷമായി അധികം ബുദ്ധിമുട്ടിക്കുന്ന കാര്യം, എന്റെ മൂക്കിൽ ഒരു ദ്വാരത്തിനകത്തു ദശ വളർന്നുവരുന്നതായി തോന്നുന്നു. ഞാൻ വീട്ടിൽ ഇതിനെപ്പറ്റി ഒന്നും സൂചിപ്പിച്ചിട്ടില്ല. എനിക്ക് ആകെ പേടിയാണ്. മിക്കവാറും എനിക്കു ജലദോഷം ഉണ്ട്. ഞാൻ കൂർക്കം വലിക്കാറുണ്ട്. വായിൽകൂടിയാണു ശ്വാസം വിടുന്നതെന്ന ഒരു തോന്നലുണ്ട്. ശ്വാസം വിടുന്ന ശബ്ദം കുറച്ച് ഉറക്കെയാണ്. എനിക്ക് ഒരു സമാധാനവും ഇല്ല. ഓപ്പറേഷൻ ചെയ്യേണ്ടിവരുമോ? ദയവായി ഒരു ഉപദേശം തന്നു സഹായിക്കണം - വിഎസ്, തിരുവല്ല.

ഉത്തരം: അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന ശിശുവിന്റെ മുഖത്തിന്റെ വളർച്ചയിൽ ആദ്യം ഒരു കടലാസുമാതിരി പരന്നു വളർന്ന് അറ്റം നടുവിലേക്ക് ഉയർന്നു വളർന്നു കൂട്ടിമുട്ടി മൂക്കും മറ്റുമായിത്തീരുന്നു. പലരിലും മൂക്കിന്റെ നടുവിലെ കൃത്യം നടുഭാഗത്തായിരിക്കുകയില്ല കൂട്ടിമുട്ടി ചേരുന്നത്. അങ്ങനെവരുമ്പോൾ അതിന്റെ മുൻവശത്തെ കിളുന്തെല്ലിന്റെ അറ്റം ഒരു മൂക്കിലേക്ക് ഒരു തടിപ്പുമാതിരി തള്ളിനിൽക്കുന്നതു കാണാം. ഇതായിരിക്കും പലരും മൂക്കിന്റെ നടുവിലെ പാലം വളഞ്ഞതായി തെറ്റിദ്ധരിപ്പിക്കുന്നത്, അല്ലെങ്കിൽ അവിടെ ഒരു ദശ വളരുന്നതായി തോന്നിപ്പിക്കുന്നത്. പോളിപ്പ് ദശ മൂക്കിന്റെ നടുവിലെ പാലത്തിന്റെ പുറകുവശത്താണു നിലകൊള്ളുന്നത്. അതു കാണണമെങ്കിൽ നാസാദ്വാരം ഉപകരണം ഉപയോഗിച്ചു വികസിപ്പിച്ചു  പിടിച്ചുനോക്കണം.

മൂക്കിലെ താപനില (ദേഹത്തിലെയും) അന്തരീക്ഷത്തിലേതിലും കൂടുതലായിരിക്കും. ചൂടുള്ള വായു പുറത്തേക്കു വിടുന്നതു മുകളിലെ നാസാദ്വാരത്തിൽ കൂടിയായിരിക്കും. മൂക്കിലെ ദശ ഒരു നാസാദ്വാരത്തിൽ മാത്രമായിരിക്കും ശ്വാസം തടസ്സപ്പെടുത്തുന്നത്. അതിനാൽ അടഞ്ഞ ഭാഗത്തേക്കു ചെരിഞ്ഞു കിടന്നുറങ്ങുന്നതായിരിക്കും ഉറക്കത്തിനു സുഖപ്രദം. പോളിപ്പ് ശസ്ത്രക്രിയയായിരിക്കും ശ്വാശ്വത പരിഹാരം.

ഒരാൾക്കു വർഷത്തിൽ രണ്ടുമൂന്നു പ്രാവശ്യം ജലദോഷം വരാൻ ചെറിയ സാധ്യതയുണ്ട്. പലർക്കും തണുപ്പും ചൂടും പെട്ടെന്നു മാറിമാറി വരുന്നത് അലർജിക്കും ജലദോഷത്തിനും കാരണമാകാം. ചിലരിൽ അലർജി പ്രകൃതം വളരെ കൂടുതലായി കണ്ടുവരുന്നു. അങ്ങനെയുള്ളവർ രാത്രി കിടക്കുമ്പോൾ കഴുത്തിലും തലയിലുമായി ഒരു തോർത്തു കെട്ടി കിടക്കുന്നതു ഗുണം ചെയ്യും. രാത്രി മുഴുവൻ ഫാനിട്ടുറങ്ങുന്നവരിൽ ചൂടും തണുപ്പും മാറിമാറി ശരീരത്തിൽ വരുവാൻ കാരണമാകുന്നുണ്ട്.

ശ്വാസം പുറത്തേക്കു വിട്ടുവിട്ടാണു നാം സംസാരിക്കുന്നത്. എന്നാൽ കൂർക്കം വലിക്കുമ്പോൾ ശ്വാസം അകത്തേക്കാണു വലിക്കുന്നത്. കുറുനാക്കിനു സമീപമുള്ള മേലണ്ണാക്കിന്റെ ധൃതചലന വിറയൽ കൊണ്ടാണ് ആ ശബ്ദം ആവിർഭവിക്കുന്നത്. നിദ്ര കൂടുതൽ ഗാഢമാകുന്നതോടെ മേലണ്ണാക്ക് കൂടുതൽ അയഞ്ഞുകൊടുക്കും. ശബ്ദവും ഒരു യന്ത്രതുല്യമായി തോന്നിക്കുകയും ചെയ്യും.

വണ്ണം കൂടുതലുള്ളവർ വണ്ണം കുറയ്ക്കുന്നത് ഒരു പരിഹാരമാർഗമാണ്. ചരിഞ്ഞു കിടക്കുന്നതും തടസ്സം കുറയ്ക്കും. സമൂഹത്തിൽ പത്തുശതമാനം ആൾക്കാരിലും കൂർക്കം വലിയുണ്ട്. പുരുഷൻമാരിൽ സ്ത്രീകളെ അപേക്ഷിച്ചു കൂടുതലാണ്. മൂക്കിൽ ദശയുള്ളവരിലും മറ്റും അലർജിക്കാരണങ്ങളും കൂടുതലാകും. ചില കൂർക്കംവലി രോഗികളിൽ ഇടയ്ക്കു കുറേസമയം ശ്വാസംതന്നെ നിലച്ചുപോയേക്കാം. പത്തു സെക്കൻഡിൽ കൂടതുൽ ഇതു സംഭവിക്കുന്നെങ്കിൽ ദീർഘനാൾകൊണ്ടു ഹൃദ്രോഗം, രക്താതിമർദം, ഓർമക്കുറവ്, ശ്വാസകോശ തകരാറുകൾ മുതലായവ സൃഷ്ടിച്ചേക്കാം. കൂർക്കംവലിക്കാരോടുള്ള സമീപനത്തിൽ ഉറ്റവരെങ്കിലും കളിയാക്കുന്നതിനു പകരം ആർദ്രതയിലേക്കു മാറണം. തലപൊക്കിവച്ചു കിടക്കുന്നതു ഗുണം ചെയ്യും. ശാശ്വത പരിഹാരത്തിനായി ചില ശസ്ത്രക്രിയ നിലവിലുണ്ട്. കുറുനാക്കും പതിനഞ്ചു മില്ലിമീറ്റർ വീതിയിൽ സമീപ മേലണ്ണാക്കുംകൂടി കുറുകെ എടുത്തുകളയുന്നതു പലരിലും പ്രയോജനപ്പെടുന്നുണ്ട്. ഉറങ്ങാൻനേരം ഒരു മാസ്കു വച്ച് അന്തരീക്ഷ പ്രഷറിലും സ്വൽപം കൂട്ടി ശ്വസിച്ചാൽ പലരുടെയും പ്രശ്നം പരിഹരിക്കപ്പെടും. രോഗത്തെപ്പറ്റി വീട്ടുകാരോടല്ലേ ആദ്യം പറയേണ്ടത്? അവരല്ലേ അനുകമ്പയോടെ സഹായിക്കേണ്ടത്? ഒരു ഇഎൻടി ഡോക്ടറെ സമീപിച്ച് ഉപദേശം തേടി പേടി മാറ്റുക.