മദ്യപാനം നിർത്തുമ്പോൾ ശരീരത്തിനു സംഭവിക്കുന്നത്

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധരും മറ്റും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോഴും മദ്യവിൽപനയിലും മദ്യപാനത്തിലും ഒട്ടും കുറവില്ല. മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ക്ക് പെട്ടെന്നൊരുനാള്‍ നിര്‍ത്താന്‍ സാധിക്കുന്നതല്ല മദ്യപാനം. മദ്യപാനം നിർത്തുമ്പോൾ നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നറിയാമോ ?

ശരീരഭാരം കുറയുന്നു 

ഉയര്‍ന്ന അളവില്‍ കാലറി അടങ്ങിയ പാനീയമാണ് മദ്യം. അതുകൊണ്ടുതന്നെ മദ്യപാനം നിര്‍ത്തുന്നതോടെ ശരീരഭാരവും കുറയുന്നു. മദ്യത്തിനൊപ്പം കഴിക്കുന്ന സ്നാക്സ് അത്ര നിസ്സാരക്കാരനല്ല. മദ്യത്തിനൊപ്പം തന്നെ കാലറി അടങ്ങിയതാണ് അവയും. ഇവ രണ്ടും ഒഴിവാക്കുന്നതോടെ ഭാരം കുറയുമെന്നതില്‍ സംശയം വേണ്ട.

കരളിന്റെ ആരോഗ്യം വീണ്ടെടുക്കാം

മദ്യപാനത്തിന്റെ ദൂഷ്യങ്ങൾ ഏറ്റുവാങ്ങുന്നത് കരളാണ്. മനുഷ്യശരീരത്തില്‍ വേഗത്തില്‍ പുനരുജ്ജീവിക്കാന്‍ സാധിക്കുന്ന ഒരേയൊരു അവയവമാണ് കരള്‍. മദ്യപാനം മൂലം സംഭവിച്ച തകരാറുകള്‍ മദ്യപാനം നിര്‍ത്തുന്നതോടെ കരള്‍ തന്നെ റിപ്പയര്‍ ചെയ്യും. മദ്യത്തോടു വിട പറയുന്നതിനൊടൊപ്പം നല്ല ആഹാരവും വ്യായാമവും ശീലമാക്കിയാൽ കരളിന്റെ ആരോഗ്യം വീണ്ടെടുക്കാം.

നല്ല ഉറക്കം ലഭിക്കും

ടെൻഷൻ വരുമ്പോൾ ഉറങ്ങാനായി മദ്യം കഴിക്കുന്നവർ കേട്ടോളൂ, മദ്യപിച്ചാല്‍ നല്ല ഉറക്കം ലഭിക്കുമെന്നു കരുതുന്നത് വെറുതെയാണ്. ഉറങ്ങുന്നതിനു മുന്‍പുള്ള മദ്യപാനം ഉറക്കത്തെ സഹായിക്കില്ലെന്നു മാത്രമല്ല ഹാങ് ഒാവർ ശരീരത്തെ വീണ്ടും ക്ഷീണിപ്പിക്കുകയും ശ്രദ്ധ കെടുത്തുകയും ചെയ്യും. മദ്യപാനം നിര്‍ത്തുന്നതോടെ നല്ല ഉറക്കം നിങ്ങളുടെ ജീവിതത്തിലേക്കു മടങ്ങി വരും.

ഉന്മേഷം വീണ്ടെടുക്കാം 

നന്നായി മദ്യപിക്കുന്നരുടെ കണ്ണുകളും മുഖവും ശ്രദ്ധിച്ചിട്ടുണ്ടോ? കണ്ണുകളും മുഖവും ചീര്‍ത്ത് ആകെ ക്ഷീണമാകും അവരുടെ മുഖത്ത്. മദ്യം  ഉപേക്ഷിക്കുന്നതോടെ ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മേഷം വീണ്ടെടുക്കാം. മുഖസൗന്ദര്യം തിരിച്ചെത്തുകയുംചെയ്യും.