ചെവി ചൊറിച്ചിലിനു പിന്നിലെ കാരണങ്ങൾ

എനിക്ക് 28 വയസ്സാണ്. എന്റെ ചെവിക്കകത്തു ചൊറിച്ചിലും കേൾവിക്കുറവും ആണ്. അകത്തുനിന്നും കറുത്ത മ‌െഴുകുവന്നു ചെവിദ്വാരം അടഞ്ഞുപോകുന്നു. ഇതു ചെവിത്തോണ്ടിവച്ച് എടുത്തു കളയുന്നുണ്ട്. ചെവിത്തോണ്ടികൊണ്ട് എടുത്തു കളയാൻ പറ്റാതെ വന്നാൽ ചെവിക്കകത്തു വെള്ളം നിറച്ചു ഭംഗിയായി കഴുകി കാത്‍മെഴുകിനെ ചാലിച്ചു തൂവൽകൊണ്ടു പുറത്തെടുത്തു കളയുകയാണു പതിവ്. പക്ഷേ, പിന്നീട് ഒരാഴ്ചയെങ്കിലും കഴിയാതെ ചെവി ഒട്ടും കേൾക്കുകയില്ല. മേൽപറഞ്ഞ രീതിയിൽ കഴുകാതെയിരുന്നാൽ കാതു വലിച്ചുപിടിച്ചാൽ ശരിയായ കേൾവി കിട്ടുന്നുണ്ട്. ചെവിത്തോണ്ടിവച്ചു നീക്കം ചെയ്തുകളഞ്ഞാൽ ചെവി കേൾക്കുമെങ്കിലും ഒരാഴ്ച കഴിയുമ്പോൾ വീണ്ടും ചെവിദ്വാരം അടഞ്ഞുപോകുന്നു. ചെവിയിൽ മെഴുകുവന്ന് അടയാതിരിക്കാൻ എന്തു ചെയ്യണം? ഇതിന് എന്തു ചികിൽസയാണു ചെയ്യേണ്ടത്.

ചെവിയുടെ ആന്തരിക ഭാഗം, കേൾവി നിലനിർത്തുന്നതുകൂടാതെ നടക്കുമ്പോൾ വീഴാതെയിരിക്കാനുള്ള ബാലൻസും നിലനിർത്തുന്നു. പുറംചെവി ശബ്ദം പിടിച്ചെടുക്കുന്നു. കർണപുടം അത് ഒരു തരംഗമായിട്ടെടുത്ത് ‘കൊക്ലിയ’യിലെത്തിച്ച് അവിടെനിന്നു സൂക്ഷ്മ കറന്റാക്കി മസ്തിഷ്കത്തിലെത്തിക്കുന്നു. മധ്യകർണത്തിൽ അർധവൃത്തക്കുഴലുകളുടെ സഹായത്തോടെ ഏതു ചലനത്തിലും നിലംപതിക്കാതെ ബാലൻസ് നിലനിർത്തുന്നു. ചെവിയുടെ കർണപുടം വരെയുള്ള കുഴൽഭാഗത്തു പൊടിയും പ്രാണികളും കയറാതിരിക്കാൻ പുറംഭാഗത്തു രോമമുണ്ടെങ്കിലും കയറുന്നതിനെ ഒട്ടിപ്പിടിക്കാൻ ചെവിക്കായം സദാ കുറേശ്ശെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ചെവിയിൽ കയറിയ ജീവനുള്ള ചെറുപ്രാണിയെ പുറംഭാഗത്തുന്നു വെളിച്ചമടിച്ചാൽ പുറത്തെടുക്കാൻ സാധിക്കും.

ചെവിയിലെ മെഴുക് കുറേശ്ശേ പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കും. അതു ചികഞ്ഞു പുറത്തേക്ക് എടുക്കേണ്ട ആവശ്യമില്ല. കഴുകുന്നതു ദോഷകരമായി കലാശിച്ചേക്കാം. കയ്യിൽ കിട്ടുന്ന സേഫ്റ്റിപിൻ, സ്ലൈഡ്, ഈർക്കിലി മുതലായവകൊണ്ടു ചെവിക്കായം എടുത്തു കളയാൻ ശ്രമിച്ചാൽ അവിടെ പോറലും പൊട്ടലും ഉണ്ടാകാൻ കാരണമാകും. പഴുപ്പും കൂടെ കയറിയേക്കാം. കുട്ടികളിൽ കർണപുടം പുറംചെവിക്കു തൊട്ടടുത്താണു സ്ഥിതി ചെയ്യുന്നത്. മെഴുകു പുറത്തെടുക്കാൻ ശ്രമിച്ചാൽ കർണപുടം പൊട്ടി അവിടേക്ക് അന്യവസ്തുക്കളും പഴുപ്പും കയറി മധ്യകർണത്തിലേക്കും കടക്കാം.

തൊണ്ടയും ചെവിയും തമ്മിൽ ബന്ധിക്കുന്ന ‘യൂസ്റ്റേഷ്യൻ ട്യൂബ്’ നിലവിലുണ്ട്. തൊണ്ടയിലെ പഴുപ്പ് അവിടേക്കു പ്രവേശിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചു ടോൺസിൽസ് പഴുപ്പും തൊണ്ടപഴുപ്പും സൈനസൈറ്റിസും ഉള്ളവരിൽ. പലപ്പോഴും തൊണ്ടയിലെ പഴുപ്പും അതിന്റെ വേദനയും പ്രത്യക്ഷപ്പെടുന്നതു ചെവി വേദനയായിട്ടായിരിക്കും. ആ സമയത്ത് സ്വൽപം ചൂടുവെള്ളം കുടിച്ചാൽ ചൊറിച്ചിലും വേദനയും കുറഞ്ഞുകിട്ടും. ചെവി വേദനയ്ക്ക് ഏതെങ്കിലും കിട്ടുന്ന വസ്തുകൊണ്ടു ചെവി ചൊറിഞ്ഞാൽ നല്ല സുഖം കിട്ടും. പക്ഷേ, കൂടുതൽ ചൊറിഞ്ഞു പോറലും വരുത്തിവയ്ക്കും. അതുതന്നെ ചെവിക്കായം കൂടുതൽ സൃഷ്ടിക്കാൻ കാരണമായിത്തീരും. 

ചെവിയിൽ വെള്ളമൊഴിച്ചു കഴുകിയാൽ പുറമേ നിന്നു പഴുപ്പു കയറാനും സാധ്യതയുണ്ട്. അങ്ങനെ വേദനയും പനിയും ഉണ്ടായി പ്രശ്നങ്ങൾ അനുഭവിക്കുന്ന പലരെയും ഓർമയിൽ വരുന്നുണ്ട്. കൂടാതെ കർണപുടത്തിനു ദ്വാരമുണ്ടെങ്കിൽ ഉൾച്ചെവിയിലേക്കും പഴുപ്പു കയറാവുന്നതാണ്. പുറംചെവിയുടെ മുൻവശത്തോ പുറകുവശത്തോ വിരലുകൊണ്ടമർത്തി സ്വൽപം ചലിപ്പിച്ചാൽ ചൊറിച്ചിൽ മാറിക്കിട്ടും. ശരിയാകുന്നില്ലെങ്കിൽ ഒരു ഇഎൻടി ഡോക്ടറെ സമീപിക്കുന്നതായിരിക്കും ഉചിതം. ആവശ്യമെങ്കിൽ നേരിയ ചൂടുവെള്ളം കൊണ്ട് ഡോക്ടർ തന്നെ സിറിഞ്ചു ചെയ്തുതരും.

ചെവിത്തോണ്ടിയുടെ കാലം കഴിഞ്ഞുപോയി. അതിന്റെ വിൽപനക്കാരെയും കാണാനില്ല. കാതു പുറത്തേക്കു വലിച്ചുപിടിച്ചാൽ കുഴൽ വികസിക്കും. കൂടുതൽ ശബ്ദം അകത്തേക്കു കയറും. കേൾവിയും അന്നേരം മെച്ചപ്പെടും. കണ്ണിൽ കാണുന്നതും കയ്യിൽ കിട്ടുന്നതുമെല്ലാം ചെവിയിൽകയറ്റി സ്വയം ചികിൽസിക്കാതെ എത്രയുംവേഗം ഇഎൻടി ഡോക്ടറെ കണ്ട് ചികിൽസ തേടുക.