സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം കുറയുന്നു

സംസ്ഥാനത്തു പ്രതിവർഷം എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞതായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി. 2005–ൽ 30596 പേർക്കു പരിശോധന നടത്തയതിൽ 2627 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചിരുന്നു. 2017–ൽ പരിശോധിച്ചവരുടെ എണ്ണം 6.87 ലക്ഷമായി ഉയർന്നെങ്കിലും എച്ചഐവി ബാധ 1299 പേർക്കു മാത്രമായി. ഈ വർഷം സെപ്റ്റംബർ വരെ 6.69 ലക്ഷം പേർ പരിശോധനയ്ക്ക് വിധേയരായെങ്കിലും 886 പേർക്കു മാത്രമാണു രോഗം സ്ഥിരീകരിച്ചത്. 

നേരത്തെ പ്രതിമാസം ശരാശരി 200ലേറെ പുതിയ രോഗികളുണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 100 ആയി. 2005 മുതൽ 2018 വരെയുള്ള കണക്കുകളാണു പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 31,612 പേർക്കാണു എച്ച്ഐവി സ്ഥിരീകരിച്ചത്. ഇതിൽ 18078 പേർ പുരുഷൻമാരാണ്.

ദേശീയ എയ്ഡ്സ് നിയന്തരണ ഓർഗനൈസേഷന്റെ മാർച്ച് 2018ലെ കണക്കു പ്രകാരം ഇന്ത്യയിൽ 11.81 ലക്ഷം പേരാണു സർക്കാരിന്റെ എയ്ഡ്സ് നിയന്ത്രണ സംവിധാനത്തിന്റെ കീഴിൽ ചികിത്സയിലുള്ളത്. 2030ഓടെ എച്ചഐവി പൂർണമായും നിർമാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 'നിങ്ങളുടെ എച്ച്ഐവി സ്റ്റാറ്റസ് അറിയൂ' എന്ന സന്ദേശവുമായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി എയ്ഡ്സ് ദിനാചരണവും പ്രവർത്തനങ്ങളും സജീവമാക്കുകയാണ്.