പൊള്ളലേറ്റുള്ള മരണം ഇനി ഒഴിവാക്കാം; ആദ്യ ചർമബാങ്കുമായി മെഡിക്കൽകോളജ്

മനുഷ്യ ചർമം സൂക്ഷിച്ചുവയ്ക്കാനുള്ള സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്  തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ. ബേൺസ് യൂണിറ്റിന്റെ ഭാഗമായി ആരംഭിക്കുന്ന ബാങ്കിന് 6.60 കോടി രൂപയാണു ചെലവ്. ആദ്യഘട്ടത്തിൽ 2.79 കോടി രൂപ അനുവദിച്ചു. രാജ്യത്ത് ഏതാനും ആശുപത്രികളിൽ മാത്രമേ സ്കിൻ ബാങ്കുള്ളൂ. പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സനൽകി ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവരുന്നതാണു ലക്ഷ്യമെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 

മരിച്ചവരിൽ നിന്നു ചർമം ശേഖരിച്ച് ബാങ്കിൽ സൂക്ഷിക്കും. പൊള്ളലേറ്റു ചികിത്സ തേടുന്നവർക്ക് ഇതു വച്ചുപിടിപ്പിക്കും. ചർമത്തെയാണു പൊള്ളൽ ഏറ്റവുമധികം ബാധിക്കുന്നത്. തൊലിപ്പുറം പൊള്ളിമാറുന്നതാണു പ്രധാന മരണകാരണം. പുതിയ ചർമം വച്ചുപിടിപ്പിക്കാനായാൽ ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിക്കാനാകും. കൂടാതെ റോഡപകടങ്ങളിലും മറ്റും ചർമം നഷ്ടപ്പെടുന്നവർക്കും ഇത് ആശ്വാസമാകും. അവയവദാന പ്രക്രിയയിലൂടെയാണു ചർമം ശേഖരിക്കുന്നത്. 

മസ്തിഷ്‌ക മരണമടഞ്ഞയാളുടെ കരൾ, വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങൾ നിശ്ചിത മണിക്കൂറിനകം ചേർത്തു പിടിപ്പിച്ചാൽ മാത്രമേ ഫലം കാണുകയുള്ളു. രക്തം ബ്ലഡ് ബാങ്കിലെന്നപോലെ ചർമം സംഭരിച്ചുവയ്ക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയും. ചർമം വച്ചുപിടിപ്പിക്കാനാണു നൂതന ഓപ്പറേഷൻ തിയറ്റർ ഒരുക്കുന്നത്.